റഷ്യന്‍ ടി.വി ചാനല്‍ ലൈവിനിടെ യുദ്ധവിരുദ്ധ പോസ്റ്ററുമായി എഡിറ്റര്‍: അറസ്റ്റ്
മോസ്‌കോ: റഷ്യന്‍ ടിവി ചാനലില്‍ ലൈവിനിടെ യുദ്ധവിരുദ്ധ പോസ്റ്ററുമായി സെറ്റിലേക്ക് ഓടിക്കയറിയ ജീവനക്കാരിയെ അറസ്റ്റ് ചെയ്ത് പോലീസ്. ചാനല്‍ വണ്ണിന്റെ ലൈവ് പരിപാടിയ്ക്കിടെയാണ് ചാനലിന്റെ എഡിറ്റര്‍ കൂടിയായ മറീന ഒവ്സിയാനിക്കോവ പോസ്റ്ററുമായി പ്രത്യക്ഷപ്പെട്ടത്.
ചാനലിലെ പ്രധാന ലൈവ് ന്യൂസിനിടെയായിരുന്നു മറീനയുടെ ഇടപെടല്‍. യുദ്ധം അവസാനിപ്പിക്കൂ, പ്രചരണങ്ങളില്‍ വിശ്വസിക്കരുത്, ഇവര്‍ നിങ്ങളോട് കള്ളം പറയുകയാണ് എന്ന പോസ്റ്റര്‍ ഉയര്‍ത്തിക്കൊണ്ട് സെറ്റിലേക്ക് ഓടിക്കയറി അവതാരകയുടെ പിറകില്‍ നില്‍ക്കുകയായിരുന്നു മറീന. യുദ്ധം അവസാനിപ്പിക്കണമെന്ന് പോസ്റ്റല്‍ ഉയര്‍ത്തിക്കൊണ്ട് മറീന പറയുകയും ചെയ്യുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
അവതാരക കുറച്ച് നേരത്തേക്ക് വാര്‍ത്ത വായന തുടര്‍ന്നെങ്കിലും പിന്നീട് ചാനല്‍ പരിപാടി നിര്‍ത്തി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി മറീനയ്ക്ക് പിന്തുണയുമായെത്തി. സത്യത്തിനൊപ്പം നില്‍ക്കുന്ന റഷ്യയ്ക്കാരോട് വളരെയധികം കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ഉക്രെയ്നില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ നേരത്തേയും ശബ്ദമുയര്‍ത്തിയിട്ടുള്ള ആളാണ് മറീന. റഷ്യന്‍ അധിനിവേശം കുറ്റകരമാണെന്ന് പരാമര്‍ശിച്ചു കൊണ്ട് മുമ്പ് മറീന ഒരു വീഡിയോ പങ്ക് വച്ചിരുന്നു. ക്രെംലിന്‍ പ്രചാരണത്തിന്റെ ഭാഗമായി ടെലിവിഷന്‍ ചാനലിലൂടെ കള്ളം പറയുന്നതില്‍ ലജ്ജ തോന്നുന്നുവെന്നാണ് ഈ വീഡിയോയില്‍ മറീന പറയുന്നത്. ഈ വീഡിയോയ്ക്ക് പിന്നാലെ മറീനയ്ക്ക് പിന്തുണയുമായി നിരവധി പേരാണെത്തിയത്.