ദിലീപും പൾസർ സുനിയും ഒന്നിച്ചുള്ള ചിത്രം യഥാർഥം; ശ്രീലേഖയുടെ വാദം തള്ളി ഫോട്ടോഗ്രാഫർ
തൃശ്ശൂര്‍: നടിയെ ആക്രമിച്ച കേസിലെ പ്രതികളായ ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പാണെന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വാദം തള്ളി ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍. ചിത്രം യഥാര്‍ത്ഥമാണെന്നും അതില്‍ യാതൊരു കൃത്രിമത്വവും നടന്നിട്ടില്ലെന്നും ചിത്രം പകര്‍ത്തിയ ബിദില്‍ പറഞ്ഞു.
അന്ന് ദിലീപിനെ കണ്ട കൗതുകത്തില്‍ ഫോണില്‍ എടുത്ത സെല്‍ഫിയാണത്. എടുത്ത ഉടന്‍ തന്നെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. യാതൊരു വിധത്തിലുള്ള എഡിറ്റിങ്ങും ഫോട്ടോയില്‍ ചെയ്തിട്ടില്ല. പിന്നീട് വാര്‍ത്തയില്‍ കണ്ട ശേഷമാണ് ആ ചിത്രത്തില്‍ ദിലീപിനൊപ്പമുള്ളത് പള്‍സര്‍ സുനിയാണെന്ന് അറിഞ്ഞതെന്നും ബിദില്‍ പറഞ്ഞു.
ടെന്നീസ് ക്ലബില്‍ ബാര്‍മാനായി ജോലി ചെയ്തിരുന്ന സമയത്താണ് സംഭവം. പിന്നിട് അന്വേഷണത്തിനെത്തിയപ്പോള്‍ ഫോണില്‍ അന്നെടുത്ത ചിത്രങ്ങള്‍ ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ചിരുന്നു. അങ്ങനെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സിഐ ആ സെല്‍ഫി കണ്ടത്. ഇതുസംബന്ധിച്ച് കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും ഫോണ്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ബിദില്‍ പറഞ്ഞു. കേസില്‍ ഇതുവരെ തന്നെ ആരും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബിദില്‍ വ്യക്തമാക്കി.