ന്യൂ ജേഴ്‌സി: 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയായിരുന്നു നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസ് അന്ന് ലോകകപ്പിന് തുടക്കം കുറിച്ചത്. ഇത്തവണ ഒരിക്കൽ കൂടി അത്തരമൊരു മോശം തുടക്കം അവരെ തുറിച്ചുനോക്കിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത മൈക്കൽ ഒലിസെയുടെയും സൂപ്പർ താരം കിലിയൻ എംബാപ്പെയുടെയും മികവിൽ ഗ്രൂപ്പ് ഐയിൽ സെനഗലിനെ കീഴടക്കി (3-1) നിലവിലെ റണ്ണറപ്പുകളായ ഫ്രാൻസ് 2026 ലോകകപ്പിന് തുടക്കം കുറിച്ചു. കിലിയൻ എംബാപ്പെ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ ജയം. ബ്രാഡ്‌സി ബാർക്കോളയാണ് ഫ്രാൻസിന്റെ മറ്റൊരു ഗോൾ നേടിയത്. ഇബ്രാഹിം എംബായെ സെനഗലിന്റെ ആശ്വാസ ഗോൾ നേടി.
ഫ്രഞ്ച് താരങ്ങളെ അനങ്ങാൻ സാധിക്കാത്ത വിധം പൂട്ടിയിടുന്ന സെനഗലിനെയാണ് ആദ്യപകുതിയിൽ കണ്ടത്. അക്ഷരാർഥത്തിൽ കത്രികപ്പൂട്ടായിരുന്നു അത്. ഫ്രഞ്ച് താരങ്ങൾക്ക് സൂചി കടത്താൻ പോലും ഇടംകൊടുക്കാതെയുള്ള മാർക്കിങ്ങും പ്രതിരോധവുമാണ് സെനഗൽ ആദ്യ പകുതിയിൽ കാഴ്ചവെച്ചത്. ഇതിനിടെ ഒസ്മാൻ ഡെംബെലെ രണ്ട് മികച്ച ത്രൂ ബോളുകൾ നൽകിയെങ്കിലും ബോക്‌സിനുള്ളിൽ കിലിയൻ എംബാപ്പെയ്ക്ക് അത് മുതലാക്കാനായില്ല. ഇത്തരത്തിൽ ആദ്യ പകുതിയിലുടനീളം എംബാപ്പെയ്ക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. ഫ്രാൻസിന്റെ വിങ്ങുകളും സെന്റർ മിഡ്ഫീൽഡും അടച്ച് കടുത്ത പ്രതിരോധമാണ് സെനഗൽ ഉയർത്തിയത്. ഇടതുവിങ്ങിൽ ഡെസീറെ ഡുവെയേയും വലതുവിങ്ങിൽ മൈക്കൽ ഒലിസെയേയും സ്‌ട്രൈക്കൽ എംബാപ്പെയേയും ഒന്ന് അനങ്ങാൻ സാധിക്കാത്ത വിധത്തിൽ സെനഗൽ പൂട്ടിയിട്ടു.
ഇതിനിടെ 25-ാം മിനിറ്റിൽ എംബാപ്പെയിൽ നിന്ന് പന്ത് തട്ടിയെടുത്ത് ദിയുഫ് നൽകിയ പാസ് ഫ്രാൻസിന്റെ നെഞ്ചിടിപ്പേറ്റി. പന്തുമായി മുന്നേറിയ നിക്കോളാസ് ജാക്ക്‌സൻ ഷോട്ട് ഫ്രഞ്ച് ഗോൾകീപ്പർ മൈക്ക് മൈഗ്നൻ കഷ്ടിച്ചാണ് തടഞ്ഞിട്ടത്. പിന്നാലെ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ലഭിച്ച സുവർണാവസരം ഇസ്മയിലാ സാർ പുറത്തേക്കടിച്ചുകളയുകയും ചെയ്തു. പ്രതിരോധത്തിൽ മാത്രം ശ്രദ്ധകൊടുത്ത സെനഗലിന് മുന്നേറ്റത്തിൽ ഭാവനാപൂർണമായ നീക്കങ്ങളൊന്നും തന്നെ നടത്താൻ സാധിക്കാതിരുന്നതാണ് ഗോൾ നേടാൻ തിരിച്ചടിയായത്.
എന്നാൽ രണ്ടാം പകുതിയിൽ സെനഗലിന്റെ പൂട്ടുപൊളിച്ച് കുതിക്കുന്ന ഫ്രാൻസിനെയാണ് കാണാനായത്. ഡെംബെലെയുടെയും ഒലിസയുടെയും പൊസിഷനുകൾ പരസ്പരം മാറ്റിയാണ് രണ്ടാം പകുതിക്ക് ഫ്രാൻസ് ഇറങ്ങിയത്. ഡെംബെലെ തന്റെ ഇഷ്ട പൊസിഷനായ വലതു വിങ്ങിലേക്ക് തിരിച്ചെത്തിയപ്പോൾ ഒലിസെ, എംബാപ്പെയ്ക്കു പിന്നിൽ അണിനിരന്നു. ഈ മാറ്റം ഫലം കാണുകയും ചെയ്തു. മധ്യനിരയിൽ അഡ്രിയാൻ റാബിയോട്ടിന്റെ പ്രകടനവും ഫ്രാൻസിന്റെ വിജയത്തിൽ നിർണായകമായി.
മിഡിൽ ഒലിസെ മികച്ച മുന്നേറ്റങ്ങൾ നടത്തുകയും മികച്ച ത്രൂ പാസുകളൊരുക്കുകയും ചെയ്തു. 53-ാം മിനിറ്റിൽ മികച്ചൊരു മുന്നേറ്റം നടത്തിയ ഒലിസെയുടെ ഗോളെന്നുറച്ച ഷോട്ട് സോനഗൽ ഗോൾകീപ്പർ എഡ്വാർഡ് മെൻഡി രക്ഷിച്ചെടുക്കുകയായിരുന്നു. 57-ാം മിനിറ്റിൽ എംബാപ്പെയുടെ ഷോട്ടും മെൻഡി തടഞ്ഞിട്ടു.
58-ാം മിനിറ്റിൽ എംബാപ്പെയെ സാദിയോ മാനെ ബോക്‌സിൽ വീഴ്ത്തിയതിന് ഫ്രഞ്ച് താരങ്ങൾ പെനാൽറ്റിക്കായി അപ്പീൽ ചെയ്‌തെങ്കിലും വാർ പരിശോധിച്ച റഫറി പെനാൽറ്റി നിഷേധിച്ചു.
ഒലിസെയുടെ മികവ് 66-ാം മിനിറ്റിൽ ഫ്രാൻസിന്റെ രക്ഷയ്‌ക്കെത്തി. ഒലിസെ നൽകിയ അളന്നുമറിച്ച പാസ് ഫസ്റ്റ് ടച്ചിൽ തന്നെ വലയിലേക്ക് തിരിച്ചുവിട്ട് എംബാപ്പെ ഫ്രാൻസിനെ മുന്നിലെത്തിച്ചു. മൂന്ന് ലോകകപ്പുകളിലായി എംബാപ്പെയുടെ 13-ാം ഗോളായിരുന്നു ഇത്. ഫ്രഞ്ച് ജേഴ്‌സിയിൽ 57-ാമത്തേതും.
പിന്നാലെ 80-ാം മിനിറ്റിൽ ഡെംബെലെയ്ക്ക് പകരമിറങ്ങിയ ബാർക്കോള 82-ാം മിനിറ്റിൽ ഫ്രാൻസിന്റെ രണ്ടാം ഗോൾ സ്വന്തമാക്കി. അഡ്രിയാൻ റാബിയോട്ടിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. ഇതിനിടെ 68-ാം മിനിറ്റിൽ സെനഗലിന്റെ ജാക്ക്‌സൺ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡായി.
തുടർന്ന് ഇൻജുറി ടൈമിൽ ഗോൾ മടക്കി ഇബ്രാഹിം എംബായെ ഫ്രാൻസിനെ ഞെട്ടിച്ചെങ്കിലും തൊട്ടുപിന്നാലെ കിടിലനൊരു ലോങ് റേഞ്ചറിലൂടെ വലകുലുക്കി എംബാപ്പെ ഫ്രാൻസിന്റെ ജയമുറപ്പിച്ചു.

