മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ അഴിഞ്ഞാട്ടമായിരുന്നു. ലോകകപ്പ് കരിയറിലെ തന്റെ ആദ്യ ഹാട്രിക്കുമായി കളം നിറഞ്ഞ മുപ്പത്തിയെട്ടുകാരനായ മെസ്സി, ഫുട്‌ബോള്‍ ചരിത്രത്തിലെ ഒന്നൊന്നര റെക്കോര്‍ഡുകളാണ് തല്ലിത്തകര്‍ത്തത്.

അര്‍ജന്റീന ജേഴ്‌സിയില്‍ തന്റെ 200-ാം അന്താരാഷ്ട്ര മത്സരം കളിക്കാനിറങ്ങിയ മെസ്സി, ആ സുദിനം തന്റെ കരിയറിലെ ഏറ്റവും സുവര്‍ണ്ണ നിമിഷമാക്കി മാറ്റി. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ അര്‍ജന്റീന അള്‍ജീരിയന്‍ ബോക്‌സിലേക്ക് ഇരച്ചുകയറുകയായിരുന്നു. കാത്തിരുന്ന 17-ാം മിനിറ്റില്‍ മെസ്സിയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടി. ഈ ഗോളോടെ അഞ്ച് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ മാത്രം പുരുഷ താരം എന്ന റെക്കോര്‍ഡ് മെസ്സി സ്വന്തമാക്കി. തന്റെ എക്കാലത്തെയും വലിയ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാത്രം പേരിലായിരുന്ന റെക്കോര്‍ഡിനൊപ്പമാണ് മെസ്സി ഇതോടെ എത്തിയത്.

ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ അര്‍ജന്റീനയ്ക്ക് മുന്നേറ്റങ്ങള്‍ നടത്താന്‍ അല്പം ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. അള്‍ജീരിയന്‍ പ്രതിരോധം കടുപ്പിച്ചതോടെ കളി മുറുകി. എന്നാല്‍ ഒരു ഒന്നാന്തരം കൗശലക്കാരനെപ്പോലെ ബോക്‌സില്‍ നിലയുറപ്പിച്ച മെസ്സി, അള്‍ജീരിയന്‍ ഗോളി തടുത്തകറ്റിയ പന്ത് കൃത്യമായി വലയിലെത്തിച്ച് അര്‍ജന്റീനയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. അവിടെയും തീര്‍ന്നില്ല മെസ്സി പ്രഭാവം. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ അള്‍ജീരിയന്‍ പ്രതിരോധത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് തകര്‍പ്പന്‍ ഫിനിഷിംഗിലൂടെ മെസ്സി തന്റെ ഹാട്രിക് തികച്ചു ആദ്യ ലോകകപ്പ് ഹാട്രിക്: മെസ്സിയുടെ വിസ്മയ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക്കാണിത്.

ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തില്‍ മെസ്സിയുടെ ആകെ ഗോളുകളുടെ എണ്ണം 16 ആയി ഉയര്‍ന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ എക്കാലത്തെയും വലിയ റെക്കോര്‍ഡിനൊപ്പമാണ് മെസ്സി ഇതോടെ എത്തിയത്. തന്റെ ആറാമത്തെ ലോകകപ്പ് കളിക്കുന്ന മെസ്സി, അര്‍ജന്റീനയ്ക്ക് വേണ്ടി 200 മത്സരങ്ങള്‍ തികയ്ക്കുന്ന ആദ്യ താരം എന്ന റെക്കോര്‍ഡും ഇതോടൊപ്പം സ്വന്തമാക്കി. സ്വന്തം രാജ്യത്തിന് വേണ്ടി ഇരുനൂറാം മത്സരത്തില്‍ തന്നെ ഹാട്രിക്കും നേടി, ക്ലോസെയുടെയും റൊണാള്‍ഡോയുടെയും റെക്കോര്‍ഡുകള്‍ക്കൊപ്പമെത്തിയ മെസ്സിയെ എങ്ങനെ വിശേഷിപ്പിക്കണം എന്ന് കോച്ചുമാര്‍ക്കും ഫുട്‌ബോള്‍ പണ്ഡിതന്മാര്‍ക്കും പോലും മനസ്സിലാകുന്നില്ല.

ചുരുക്കത്തില്‍, അള്‍ജീരിയയെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന ഗ്രൂപ്പ് ജെയില്‍ തങ്ങളുടെ കനത്ത സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. ഈ ഫോമിലാണ് മെസ്സിയുടെ പോക്കെങ്കില്‍ ഇത്തവണയും ലോകകപ്പ് അര്‍ജന്റീനയിലേക്ക് തന്നെ പോകുമെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് യാതൊരു സംശയവുമില്ല! തന്റെ ആറാമത്തെ ലോകകപ്പ് കളിക്കുന്ന മുപ്പത്തിയെട്ടുകാരനായ മെസ്സി, ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെ ഹാട്രിക് ഗോള്‍ നേട്ടത്തോടെ തുടക്കമിട്ടത് അര്‍ജന്റീനന്‍ ആരാധകര്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത്.

അര്‍ജന്റീനക്ക് വേണ്ടി 200ാം അന്താരാഷ്ട്ര മത്സരത്തിനാണ് മെസി ഇറങ്ങിയത്. ഈ 39കാരന് മുന്നില്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി വഴിമാറുകയായിരുന്നു. ആറ് വ്യത്യസ്ത ലോകകപ്പുകളില്‍ മത്സരിക്കാനിറങ്ങുന്ന ലോകത്തിലെ ആദ്യത്തെ കളിക്കാരനെന്ന വിസ്മയ നേട്ടത്തിനൊപ്പമാണ്, ലോകകപ്പില്‍ തന്റെ ഗോള്‍വേട്ട 16ല്‍ എത്തിച്ച് മെസ്സി ചരിത്രത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയത്.

മത്സരത്തിലെ മെസ്സിയുടെ ആദ്യ ഗോള്‍ ഒരു മനോഹരമായ കാവ്യം പോലെയാണ് അരങ്ങേറിയത്. മധ്യനിരയില്‍ നിന്ന് റോഡ്രിഗോ ഡി പോള്‍ വെച്ചുനീട്ടിയ കൃത്യതയാര്‍ന്ന പാസ് സ്വീകരിച്ച്, അള്‍ജീരിയന്‍ പ്രതിരോധത്തിന്റെ വിടവുകളിലൂടെ മെസ്സി കുതിച്ചു. പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് അദ്ദേഹം തൊടുത്ത ആ വെടിയുണ്ട ഷോട്ട് കാറ്റിനെപ്പോലും കീറിമുറിച്ചുകൊണ്ട് പാഞ്ഞുപോയി. ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്റെ മകനും അള്‍ജീരിയന്‍ ഗോള്‍കീപ്പറുമായ ലൂക്ക സിദാന്‍ തന്റെ സര്‍വ്വശക്തിയുമെടുത്ത് പറന്നെങ്കിലും ആ മാന്ത്രിക പ്രഹരത്തിന് മുന്നില്‍ നിസഹായനായി മാറി.

പ്രായം ശരീരത്തെ തളര്‍ത്തുമെന്ന കളിനിയമങ്ങളെ മുഴുവന്‍ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഈ 39-ാം വയസിലും മെസ്സി തന്റെ പോരാട്ടവീര്യം കാത്തുസൂക്ഷിക്കുന്നത്. ചരിത്രമുറങ്ങുന്ന 200-ാം അന്താരാഷ്ട്ര ക്യാപ്പ്, പെലെയുടെ ഇതിഹാസങ്ങളെ പിന്നിലാക്കിയ മുഹൂര്‍ത്തം, ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പമെത്തിച്ച സുവര്‍ണ്ണ ഹാട്രിക്, കാല്‍പന്തുകളിയുടെ എല്ലാ സൗന്ദര്യവും മെസ്സിയില്‍ ഒരുമിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News