കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ ചോദ്യംചെയ്യലിനായി ടി. വീണ എൻഫോഴ്സ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരായി. ഭർത്താവ് പി.എ. മുഹമ്മദ് റിയാസ് എംഎൽഎക്കൊപ്പം കൊച്ചിയിലെ ഇ.ഡി. ഓഫീസിലാണ് രാവിലെ 10.30-ഓടെ വീണ ഹാജരായത്. പിന്നീട് റിയാസ് തിരിച്ചുപോയി.
കഴിഞ്ഞ 12-ന് ഹാജരാകാൻ ഇ.ഡി. ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ കാരണം ഹാജരാകാത്ത സാഹചര്യത്തിൽ 17-ന് എത്താൻ നിർദേശിക്കുകയായിരുന്നു. രേഖകൾ അഭിഭാഷകർവഴി ഹാജരാക്കാമെന്ന വീണയുടെ നിർദേശം തള്ളിയ ഇഡി പുതിയ സമൻസ് നൽകുകയായിരുന്നു. കരിമണൽ കമ്പനിയിൽനിന്ന് എന്തിനു പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനാണ് വീണയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
കേസിൽ കരിമണൽ കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയുടെ ഭാര്യയും സി.എം.ആർ.എൽ., എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്സ് എന്നിവയുടെ ഡയറക്ടറുമായ ജയ എസ്. കർത്ത എന്നിവരെ ചൊവ്വാഴ്ച ഇ.ഡി. ചോദ്യംചെയ്തു. ഇ.ഡി. മുൻകൂട്ടി ആവശ്യപ്പെട്ടിരുന്ന കഴിഞ്ഞ 15 വർഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇവർ ഹാജരാക്കിയതായാണ് വിവരം.

