CrimeKeralaNews

അരുൺ ഇല്ലാതാക്കിയത് ശാരീരിക വൈകല്യം ബാധിച്ച മാതാപിതാക്കളുടെ ഏക പ്രതീക്ഷയെ

നെടുമങ്ങാട് : കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പട്ടാപ്പകൽ അരുൺ കരുപ്പൂരെ വീട്ടിലെത്തി സൂര്യഗായത്രിയെ കുത്തിയത്. ഒന്നും രണ്ടുമല്ല, പതിനേഴുവട്ടം അയാളുടെ കത്തി ഉയർന്നുതാഴ്ന്നു. യുവാവിന്റെ കാടത്തത്തിൽ ശരീരമാസകലം കുത്തേറ്റുവീണ സൂര്യഗായത്രി അച്ഛനമ്മമാരുടെ പ്രതീക്ഷയായിരുന്നു. സൂര്യഗായത്രിയുടെ മനോബലമായിരുന്നു ശാരീരികവൈകല്യം ബാധിച്ച മാതാപിതാക്കളെ മുന്നോട്ടു നയിച്ചിരുന്നത്.

ലോട്ടറി വിൽപ്പനക്കാരായ അച്ഛനമ്മമാരെ സഹായിക്കാൻ എട്ടാംക്ലാസ് മുതൽ സൂര്യഗായത്രി ഒപ്പമുണ്ടായിരുന്നു. പ്രധാനമായും നെടുമങ്ങാട് കോയിക്കൽ മഹാദേവക്ഷേത്രം, ബിവറേജ് ഔട്ട്‌ലെറ്റ് എന്നിവയുടെ മുന്നിലായിരുന്നു സൂര്യയും അച്ഛനമ്മമാരും ഭാഗ്യം വിൽക്കാനെത്തിയിരുന്നത്.സൂര്യയുടെ നിഷ്‌കളങ്കമായ ഇടപെടൽ ടിക്കറ്റിനോട് കമ്പമില്ലാത്തവരേയും ലോട്ടറിയെടുക്കാൻ പ്രേരിപ്പിച്ചിരുന്നു. പ്രധാനമായും പ്രായംചെന്ന അമ്മമാരായിരുന്നു സൂര്യയിൽ നിന്നും സ്ഥിരമായി ലോട്ടറി വാങ്ങിയിരുന്നത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നും നിലവിളി ഉയർന്നുകേട്ടത്. അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുൺ, സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതുകണ്ട അമ്മ വത്സല തടയാൻ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുൺ കുത്തി. പുറത്ത് കസേരയിലിരിക്കുകയായിരുന്ന അച്ഛൻ ശിവദാസനെയും അരുൺ ക്രൂരമായി മർദിച്ചു. സൂര്യയുടെ തലമുതൽ കാൽ വരെ പതിനേഴ് ഇടങ്ങളിലാണ് അരുൺ കുത്തിയത്.

തല ചുമരിൽ ഇടിച്ച് പലവട്ടം മുറിവേൽപ്പിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാൾ വീണ്ടും വീണ്ടും കുത്തി. അയൽക്കാരുടെ നിലവിളി ഉയർന്നതോടെ അരുൺ ഓടി സമീപത്തെ വീട്ടിലെ ടെറസിൽ ഒളിക്കാൻ ശ്രമിച്ചു. ഇവിടെ നിന്നുമാണ് നെടുമങ്ങാട് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. ഗുരുതരമായി പരിക്കേറ്റ സൂര്യ മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്നു പുലർച്ചെ മരിക്കുകയായിരുന്നു.

അതേസമയം ഷൂട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നഅരുണും സൂര്യഗായത്രിയും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് ഇയാൾ പറയുന്നത്. എന്നാൽ മറ്റൊരു യുവാവിനെ പ്രണയിച്ച്‌ സൂര്യഗായത്രി വിവാഹിതയാവുകയായിരുന്നു. ഈ ദാമ്പത്യം സുഖകരമായിരുന്നില്ല.

ഇതിനിടെ യുവതിയുമായുള്ള പ്രണയം നാട്ടില്‍ അറിഞ്ഞ അരുണിന് മറ്റു വിവാഹങ്ങള്‍ ഒന്നും നടക്കാതിരുന്നത് അസ്വസ്ഥനാക്കിയിരുന്നു , പലപ്പോഴും പൊതു ഇടങ്ങളില്‍ വച്ച്‌ കാണുമ്പോള്‍ സൂര്യഗായത്രി അരുണുമായി വാക്കേറ്റം നടത്തുന്നത് പതിവായിരുന്നു എന്നും, ഇതിലെ പ്രകോപനമാണ് ആക്രമണം നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നുമാണ് അരുണ്‍ പോലീസിനു നല്‍കിയ മൊഴി.എന്നാൽ ഇതിൽ യാതൊരു വാസ്തവവുമില്ലെന്നും സൂര്യ എല്ലാവരോടും നിഷ്കളങ്കമായി ഇടപെടുന്ന കുട്ടിയാണെന്നുമാണ് അയൽക്കാർ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker