ഇ സഞ്ജീവനി പോർട്ടലിൽ കയറി വനിതാ ഡോക്‌ടര്‍മാർക്ക് നേരെ നഗ്‌നത പ്രദര്‍ശിപ്പിച്ചയാള്‍ അറസ്‌റ്റില്‍

ആലപ്പുഴ: രോഗികള്‍ക്കായി സര്‍ക്കാര്‍ എര്‍പ്പെടുത്തിയ ടെലിമെഡിസിന്‍ പദ്ധതിയായ ഇ-സഞ്‌ജീവനി പോര്‍ട്ടലില്‍ കയറി വനിത ഡോക്‌ടര്‍മാർക്ക് നേരെ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്‌തയാള്‍ അറസ്‌റ്റില്‍. തൃശൂര്‍ മണലൂര്‍ പഞ്ചായത്ത്‌ വാര്‍ഡ്‌ എട്ടില്‍ കെ.എസ്‌.ഇ.ബി സബ്‌ സ്‌റ്റേഷന്‌ സമീപം കരിപ്പയില്‍ വീട്ടില്‍ കെ.ആര്‍ സഞ്‌ജയ്‌(25) ആണ്‌ അറസ്‌റ്റിലായത്‌.

രോഗിയാണെന്ന വ്യാജേന ഇ-സഞ്‌ജീവനി പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്‌ത ശേഷം ഓണ്‍ലൈനിലെത്തുന്ന വനിത ഡോക്‌ടറെ തന്റെ നഗ്‌നത പ്രദര്‍ശിപ്പിക്കുകയായിരുന്നു പ്രതിയുടെ രീതിയെന്ന്‌ പോലിസ്‌ പറഞ്ഞു. ഇയാള്‍ വനിതാ ഡോക്‌ടര്‍മാര്‍ക്ക്‌ സ്‌ഥിരം ശല്യമായതിനെ തുടര്‍ന്ന്‌ സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും പരാതികളുണ്ടായിട്ടുണ്ട്‌. ആലപ്പുഴ ജില്ലയിലെ വനിതാ ഡോക്‌ടറില്‍ നിന്നും ജില്ലാ പോലിസ്‌ മേധാവി ജി. ജയ്‌ദേവിന്‌ ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ പ്രതി പിടിയിലായത്‌.

ആലപ്പുഴ അഡീഷണല്‍ എസ്‌.പി എ. നസീമിന്റെ നേതൃത്വത്തില്‍ ആലപ്പുഴ സൈബര്‍ ക്രൈം പൊലിസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ എം.കെ രാജേഷ്‌ അടങ്ങുന്ന സംഘം മൂന്നു ദിവസമായി ഇ-സഞ്‌ജീവനി പോര്‍ട്ടല്‍ പരിശോധിച്ചു വരുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതോടെ തൃശൂര്‍ ജില്ലയില്‍ നിന്നും അറസ്‌റ്റ്‌ ചെയ്‌തു. ചേര്‍ത്തല ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News