തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടായിട്ടും നാലരവർഷം സർക്കാർ അനങ്ങാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യം ഉയരുന്നു. കമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനമാക്കി കേസെടുക്കുന്നതിൽ സർക്കാരിന് നിയമതടസ്സമുണ്ട്.
എന്നാൽ, സ്ത്രീകൾ തൊഴിലിടത്തിൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതും ലിംഗവിവേചനം നേരിടുന്നതുമടക്കമുള്ള സംഭവങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടും തടയാൻ നടപടിയെടുക്കാത്തത് വീഴ്ചയാണ്. അടിയന്തരമായി നിയമനിർമാണത്തിന് കമ്മിറ്റി ശുപാർശ ചെയ്യുന്നുണ്ട്. ഇതിന്റെ കരടുരൂപംപോലും സർക്കാർ തയ്യാറാക്കിയിട്ടില്ല.
• റിട്ട. ജില്ലാജഡ്ജിയുടെ നേതൃത്വത്തിൽ സിനിമാമേഖലയ്ക്കായി പ്രത്യേക ട്രിബ്യൂണൽ. സ്ത്രീ ആയാൽ അഭികാമ്യം
• ട്രിബ്യൂണലിന്റെ തീരുമാനം ഹൈക്കോടതിയുടെ ഡിവിഷൻബെഞ്ചിന് മാത്രമേ ചോദ്യംചെയ്യാൻ അധികാരമുണ്ടാകാവൂ
• അന്വേഷണത്തിന്റെ ഭാഗമായി കമ്മിഷനെ നിയമിച്ച് യുക്തമായരീതിയിൽ വിവരങ്ങൾ തേടാൻ അധികാരമുണ്ടാവണം.
• പ്രായപൂർത്തിയാവാത്ത കുട്ടികൾക്കുനേരേയുള്ള അതിക്രമങ്ങൾ ട്രിബ്യൂണലിന്റെ പരിധിയിൽവരുന്നതല്ല
• ട്രിബ്യൂണലിൽ നടക്കുന്ന നടപടിക്രമങ്ങൾ പരസ്യപ്പെടുത്താൻ പാടില്ല
• പരാതിപ്പെട്ടവരെ ഏതെങ്കിലുംതരത്തിൽ ഭീഷണിപ്പെടുത്തുകയോ സിനിമയിൽനിന്ന് ഒഴിവാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്തെന്ന് ബോധ്യപ്പെട്ടാൽ പിഴ ചുമത്താൻ അധികാരമുണ്ടാവും.