മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ഇഡി കേസിലും ജാമ്യം; ജയിൽ മോചനം വേഗത്തിലാകുമെന്ന പ്രതീക്ഷയിൽ കുടുംബം
ന്യൂഡല്‍ഹി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ഇഡി കേസിലും ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നേരത്തെ വിചാരണ കോടതി കേസിൽ സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
യുപി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിദ്ദിഖ് കാപ്പന് നേരത്തെ സുപ്രീംകോടതി ജാമ്യം നൽകിയിരുന്നു. ഇഡി കേസിലും ജാമ്യം കിട്ടിയതോടെ സിദ്ദിഖ് കാപ്പന്റെ മോചനം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. എന്നാല്‍ യുപി പൊലീസിന്റെ കേസിൽ കാപ്പന് വേണ്ടി ജാമ്യം നിന്നവരുടെ വെരിഫിക്കേഷൻ നടപടികൾ ബാക്കിയാണെന്ന് അഭിഭാഷകർ അറിയിച്ചു.
ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴിയാണ് 2020 ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവര്‍ അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത കാപ്പൻ 26 മാസമായി ജയിലിൽ തുടരുകയാണ്.
അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം കാപ്പന് വ്യക്തമാക്കാനായില്ലെന്നായിരുന്നു ഇ ഡി നേരത്തെ കോടതിയില്‍ വാദിച്ചത്. പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാത്രാസില്‍ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.
അതിനിടെ, സിദ്ദിഖ് കാപ്പന് പിഎഫ്ഐ ബന്ധമെന്ന് ലഖ്നൗ കോടതി നിരീക്ഷിച്ചിരുന്നു. എന്‍ഫോഴ്സ്മെന്‍റ് കേസില്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു കോടതിയുടെ പരാമര്‍ശം. കാപ്പന് പിഎഫ്ഐയുമായി ബന്ധമുണ്ടെന്നും പിഎഫ്ഐ ഭാരവാഹികളുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്നെന്നുമാണ് കോടതി പരാമര്‍ശം.
‘പിഎഫ്ഐ മീറ്റിങ്ങുകളിൽ കാപ്പന്‍ പങ്കെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകൾ നടത്തിയത് ഭീകകരവാദത്തിനാണ്. കൂട്ടുപ്രതികളുടെ അക്കൗണ്ടുകളിലേക്ക് നടത്തിയ പണമിടപാടുകളും ഭീകരവാദത്തിനാണ്. മതസൗഹാർദം തകർക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കാപ്പൻ ഹാത്രസിലേക്ക് പുറപ്പെട്ടതെന്നും കോടതി നിരീക്ഷിച്ചു.