24.6 C
Kottayam
Monday, May 20, 2024

തലസ്ഥാനം ഭരിക്കാൻ ഷെല്ലി;ഡൽഹി മേയർ സ്ഥാനം എഎപി സ്ഥാനാർഥിക്ക് എതിരില്ല

Must read

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ മേയർ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി (എഎപി). ഡൽഹി സർവകലാശാലയിലെ മുൻ പ്രഫസർ ഷെല്ലി ഒബ്രോയ് ആണ് എഎപിയുടെ മേയർ സ്ഥാനാർഥി. ആദ്യമായി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഷെല്ലി, ബിജെപിയുടെ ശക്തികേന്ദ്രത്തിൽനിന്നാണ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്.

വനിതാ മേയർ വേണമെന്ന് എഎപി തീരുമാനിച്ചതോടെ ഷെല്ലി ഒബ്രോയ്ക്ക് നറുക്കുവീണു. ‘‘ഡൽഹിയെ ശുചീകരിക്കുക, തിളങ്ങുക എന്നതാണ് എന്റെ മുൻഗണന. ഞങ്ങൾ ഡൽഹിയെ സ്മാർട്ട് സിറ്റിയാക്കും.’’– ഷെല്ലി മാധ്യമങ്ങളോടു പറഞ്ഞു. ആലെ മുഹമ്മദ് ഇക‌്ബാലാണ് ഡപ്യൂട്ടി മേയർ സ്ഥാനാർഥി. 6 തവണ എംഎൽഎയും എഎപി നേതാവുമായ ശുഐബ് ഇക്ബാലിന്റെ മകനാണ് ഇക്‌ബാൽ. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചത് ഇദ്ദേഹത്തിനാണ്– 17,000ത്തിലധികം.

ഡിസംബർ 8നു നടന്ന ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ, 15 വർഷത്തെ ബിജെപി ആധിപത്യം അവസാനിപ്പിച്ചാണ് എഎപി ഭരണം നേടിയത്. 250 വാർഡുകളിൽ എഎപി 134 സീറ്റും ബിജെപി 104 സീറ്റും നേടി. കോൺഗ്രസിന് 9 സീറ്റ് ലഭിച്ചു. എഎപിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്നിരിക്കെ മേയർ സ്ഥാനത്തേയ്ക്കു മത്സരിക്കില്ലെന്ന് ബിജെപി പ്രഖ്യാപിച്ചു. മേയർ എഎപിയിൽ നിന്നായിരിക്കുമെന്നും ബിജെപി ശക്തമായ പ്രതിപക്ഷ സ്ഥാനം വഹിക്കുമെന്നും ഡൽഹി ബിജെപിയുടെ അധ്യക്ഷസ്ഥാനം രാജിവച്ച ആദേശ് ഗുപ്ത പറഞ്ഞു.

ഡൽഹിയിലെ 250 കൗൺസിലർമാരും 7 ലോക്‌സഭ, 3 രാജ്യസഭാ എംപിമാരും, ഡൽഹി നിയമസഭാ സ്പീക്കർ നാമനിർദ്ദേശം ചെയ്യുന്ന 14 എംഎൽഎമാരും ചേർന്നാണ് മേയറെ തിരഞ്ഞെടുക്കുന്നത്. ഈ വർഷമാദ്യം ചണ്ഡിഗഡ‍ിൽ 35 സിവിൽ വാർഡുകളിൽ 14 എണ്ണവും വിജയിച്ച് എഎപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും മേയർ സ്ഥാനം ബിജെപിക്കാണ് ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week