ചുംബന രംഗമുണ്ടെങ്കിൽ അഭിനയിക്കാമെന്ന് എന്റെ പ്രായത്തിലുള്ള നടിമാർ; തബുവിന്റെ പ്രതികരണം; ഷബാന അസ്മി
മുംബൈ:കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബോളിവുഡ് സിനിമകളിൽ മികച്ച വിജയം കൈവരിച്ച ചിത്രമാണ് റോക്കി ഓർ റാണി കി പ്രേം കഹാനി. ഏറെക്കാലത്തിന് ശേഷം കരൺ ജോഹർ സംവിധാനം ചെയ്ത സിനിമയിൽ രൺവീർ സിംഗ്, ആലിയ ഭട്ട്, ധർമ്മേന്ദ്ര, ഷബാന ആസ്മി, ജയ ബച്ചൻ എന്നിവരാണ് പ്രധാന വേഷം ചെയ്തത്. ഏവരുടെയും മികച്ച പ്രകടനമാണ് സിനിമയിൽ കണ്ടത്. സിനിമയുടെ പ്രമേയം പതിവ് കരൺ ജോഹർ ചിത്രങ്ങളിലേത് പോലെ തന്നെയായിരുന്നെങ്കിലും ജെൻഡർ പൊളിറ്റിക്സ് ഉൾപ്പെടെയുള്ള വിഷയങ്ങൾ റോക്കി ഓർ റാണി കി പ്രേം കഹാനിയിൽ ചർച്ചയായി.
സിനിമയിൽ ചർച്ചയായ മറ്റൊരു കാര്യം സീനിയർ താരങ്ങളായ ധർമ്മേന്ദ്രയും ഷബാന അസ്മിയും തമ്മിലുള്ള ചുംബന രംഗമാണ്. ഇന്ത്യൻ സിനിമയെ സംബന്ധിച്ച് ഈ സീനിന് വലിയ പുതുമയുണ്ടായിരുന്നു. ധർമ്മേന്ദ്രയുടെ പ്രായം 88 ആണ്. ഷബാന അസ്മി 73 കാരിയും. ഇവർ ഇങ്ങനെയൊരു സീൻ ചെയ്യാൻ തയ്യാറാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നില്ല. റോക്കി ഓർ റാണിയുടെ റിലീസിന് പിന്നാലെ ഈ സീനിനെ പ്രശംസിച്ച് നിരവധി പേർ രംഗത്ത് വന്നു. ഇപ്പോഴിതാ തന്റെ സഹോദരന്റെ മകളായ നടി തബു ചുംബന രംഗത്തെക്കുറിച്ച് പ്രതികരിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ഷബാന അസ്മി.
ഞാൻ സിനിമാ രംഗത്ത് കോളിളക്കം സൃഷ്ടിച്ചെന്ന് പറഞ്ഞ് അവൾ കളിയാക്കുന്നു. എന്റെ പ്രായത്തിലുള്ള എല്ലാ നടിമാരും ചുംബന രംഗമുണ്ടെങ്കിൽ അഭിനയിക്കാമെന്നാണ് ഇപ്പോൾ പറയുന്നതെന്ന് തബു കളിയാക്കിയെന്ന് ഷബാന ആസ്മി തമാശയോടെ പറഞ്ഞു. ചുംബനം രംഗത്തെക്കുറിച്ച് വന്ന ചർച്ചകളെക്കുറിച്ച് നേരത്തെയും ഷബാന അസ്മി സംസാരിച്ചിട്ടുണ്ട്.
ഇത്രയും വലിയ ചർച്ചകൾ ഇതുണ്ടാക്കുമെന്ന് കരുതിയില്ല. ഞങ്ങൾ ചുംബിക്കുമ്പോൾ ആളുകൾ ചിരിക്കുകയും കൈയടിക്കുകയും ചെയ്തു. ഷൂട്ട് ചെയ്യുമ്പോൾ പ്രശ്നമാെന്നുമില്ലായിരുന്നു. നേരത്തെ സ്ക്രീനിൽ ചുംബന രംഗം ഞാനധികം ചെയ്തിട്ടില്ലെന്നത് ശരിയാണ്. പക്ഷെ ധർമ്മേന്ദ്രയെ പോലെ ഒരു സുമുഖനെ ചുംബിക്കാൻ ആരാണ് ആഗ്രഹിക്കാത്തതെന്ന് ഷബാന അസ്മി ചോദിച്ചു. ഭർത്താവ് ജാവേദ് അക്തറിന് ഈ രംഗം കണ്ടിട്ട് പ്രശ്നമൊന്നും തോന്നിയില്ലെന്നും ഷബാന അസ്മി വ്യക്തമാക്കി.
ചുംബന രംഗത്തെക്കുറിച്ച് ധർമ്മേന്ദ്രയും നേരത്തെ സംസാരിക്കുകയുണ്ടായി. ആളുകൾ അത് പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് ചർച്ചയായത്. ലൈഫ് ഇൻ എ മെട്രോ എന്ന സിനിമയിലാണ് ഞാൻ ഇതിന് മുമ്പ് ചുംബന രംഗം ചെയ്തത്. ആ സമയത്തും പ്രേക്ഷകർ തന്നെ അഭിനന്ദിക്കുകയാണ് ചെയ്തതെന്ന് ധർമ്മേന്ദ്ര വ്യക്തമാക്കി. ഒരു കാലത്ത് ബോളിവുഡിലെ സൂപ്പർ താരമായിരുന്നു ധർമ്മേന്ദ്ര.
ധർമ്മേന്ദ്രയെ പോലെ എഴുപതുകളിൽ നായിക നടിയായി ബോളിവുഡിൽ തിളങ്ങിയ താരമാണ് ഷബാന അസ്മി. ആഘോഷ സിനിമകൾക്കപ്പുറം പാരലൽ സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള മികച്ച വേഷങ്ങൾ ഷബാന അവതരിപ്പിച്ചു. ഷബാനയുടെ കഥാപാത്രങ്ങളിൽ പലതും ഇന്നും ചർച്ചയാകാറുണ്ട്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അഞ്ച് തവണയാണ് ഷബാനയ്ക്ക് ലഭിച്ചത്. സിനിമാ കരിയറിനൊപ്പം സാമൂഹിക വിഷയങ്ങളിലും ഷബാന അസ്മി ഇടപെടാറുണ്ട്. കവി കൈഫി അസ്മിയുടെയും നാടക നടി ഷൗക്കത്ത് അസ്മിയുടെയും മകളാണ് ഷബാന അസ്മി.