NationalNewsNews

വാണിജ്യ പാചകവാതക വിലകൂട്ടി, വിമാന ഇന്ധന വില കുറച്ചു; ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി:പാചക വാതക സിലിണ്ടറിന് വില വര്‍ധന പ്രഖ്യാപിച്ച് എണ്ണ കമ്പനികൾ (ഒഎംസി).  വാണിജ്യ എൽപിജിയുടെ വിലയാണ് വ്യാഴാഴ്ച വര്‍ധിപ്പിച്ചത്. 19 കിലോഗ്രാം വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില 14 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് ഇന്ന് (ഫെബ്രുവരി 01) മുതൽ പ്രാബല്യത്തിൽ വന്നു. 

വിലവർധനവോടെ ദില്ലിയിൽ 19 കിലോ എൽപിജി സിലിണ്ടറിന്റെ ചില്ലറ വിൽപ്പന വില 1,769.50 രൂപയാകും. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരും. വാണിജ്യ-ഗാർഹിക എൽപിജി സിലിണ്ടറുകൾക്കായുള്ള പ്രതിമാസ വില മാറ്റങ്ങൾ ഒരോ മാസവും ആദ്യമാണ് പ്രഖ്യാപിക്കുന്നത്. പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ ഗാര്‍ഹിക പാചക വാതക വില ഓരോ സംസ്ഥാനത്തിനും വ്യത്യാസമാണ്.  

അതേസമയം, വിമാന യാത്രികര്‍ക്ക് ചെറിയ പ്രതീക്ഷ പകരുന്ന തീരുമാനവും എണ്ണ കമ്പനികൾ ഇന്ന് പ്രഖ്യാപിച്ചു. വിമാന ഇന്ധന വില (ഏവിയേഷൻ ടർബൈൻ ഫ്യൂവൽ-എ ടി എഫ്) കമ്പനികൾ കുറച്ചു. കിലോ ലിറ്ററിന് ഏകദേശം 1221 രൂപയാണ് വിലയിലെ കുറവ്. വിമാന നിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ഇത് തുടര്‍ച്ചയായ നാലാം തവണയാണ് വിമാന ഇന്ധന വില  കുറയ്ക്കുന്നത്. പുതിയ എ ടി എഫ് വിലയും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

കഴിഞ്ഞ നവംബറിലും വാണിജ്യ പാചക വാതക വില വര്‍ധിപ്പിച്ചിരുന്നു. അന്ന് 102 രൂപയായിരുന്നു വര്‍ധന. ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്ക് സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത് തിരിച്ചടിയാകും. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില വര്‍ധിപ്പിച്ചിട്ടില്ലെങ്കിലും ഹോട്ടല്‍ മേഖലയിലുള്ളവരെ വലിയരീതിയിലുള്ള വിലവര്‍ധനവ് ബാധിക്കും. അവശ്യസാധനങ്ങളുടെ വിലവര്‍ധനവിന് പുറമെ പാചകവാതകത്തിന്‍റെയും വില പലപ്പോഴായി വര്‍ധിപ്പിക്കുന്നത് ഹോട്ടല്‍ വ്യവസായത്തെതന്നെ പ്രതിസന്ധിയിലാക്കുകയാണെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.

ഒക്ടോബറിലും വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില വര്‍ധിപ്പിച്ചിരുന്നു. ഒക്ടോബറിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 209 രൂപയായിരുന്നു കൂട്ടിയത്. ഇതിനുപിന്നാലെയാണ് നവംബറിലും ഇപ്പോൾ ഫെബ്രുവരിയിലും വര്‍ധനവുണ്ടായിരിക്കുന്നത്. സെപ്തംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker