കൊറോണയെന്ന മഹാവിപത്തിനെ കേരളം അതിജീവിക്കും, ആരോഗ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്നത് കെ.കെ ശൈലജ ടീച്ചറാണ്; വൈറല്‍ കുറിപ്പ്
കോറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയെ പോലെ തന്നെ കേരളവും ഭയന്നിരിക്കുകയാണ്. മൂന്ന് പേര്‍ക്കാണ് കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ ഈ കൊറോണക്കാലത്തെയും മലയാളികള്‍ അതിജീവിക്കുമെന്ന് ഉറപ്പിച്ച് പറയുകയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാരനും സൈബര്‍ എഴുത്തുകാരനുമായ സന്ദീപ് ദാസ്. കൊറോണ എന്ന മഹാവിപത്തിനെ കേരളം അതിജീവിക്കും എന്ന കാര്യം തീര്‍ച്ചയാണ്. ആരോഗ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്നത് കെ.കെ ശൈലജ ടീച്ചറാണ്. മന്ത്രിയുടെ നേതൃത്വത്തില്‍ ഒട്ടനവധി മനുഷ്യര്‍ നമുക്കുവേണ്ടി അഹോരാത്രം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ളപ്പോള്‍ നാം അതിജീവിക്കുക തന്നെ ചെയ്യും.- സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കൊറോണ എന്ന മഹാവിപത്തിനെ കേരളം അതിജീവിക്കും എന്ന കാര്യം തീർച്ചയാണ്.ആരോഗ്യമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് കെ.കെ ശൈലജ ടീച്ചറാണ്.മന്ത്രിയുടെ നേതൃത്വത്തിൽ ഒട്ടനവധി മനുഷ്യർ നമുക്കുവേണ്ടി അഹോരാത്രം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്.അങ്ങനെയുള്ളപ്പോൾ നാം അതിജീവിക്കുക തന്നെ ചെയ്യും.
കൊറോണയ്ക്കുമുമ്പ് കേരളം നേരിട്ട വെല്ലുവിളി നിപ ആയിരുന്നു.ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരാളാണ് ഈ ലേഖകൻ.അതുകൊണ്ടുതന്നെ നിപ വിതച്ച ഭീതി എത്രത്തോളമായിരുന്നുവെന്ന് എനിക്ക് കൃത്യമായി അറിയാം.സംശയത്തിനും ഭയത്തിനും മനുഷ്യത്വത്തിനുമേൽ സ്ഥാനം ലഭിച്ച ഭീകരമായ ദിനങ്ങൾ !
നിപയുടെ കാലത്ത് ഏറ്റവും വലിയ പ്രചോദനമായിരുന്നു ശൈലജ ടീച്ചർ.അസുഖം ബാധിച്ചാൽ രക്ഷയില്ല എന്ന സാഹചര്യത്തിലും നാടിനുവേണ്ടി ചുറുചുറുക്കോടെ ഒാടി നടന്ന മന്ത്രി ! കൊറോണയുടെ രൂപത്തിൽ അടുത്ത ചാലഞ്ച് എത്തിയപ്പോൾ ഈ ജനത പ്രതീക്ഷയോടെ ഉറ്റുനോക്കിയത് ടീച്ചറെത്തന്നെയാണ്.
”ടീച്ചർ ഉള്ളപ്പോൾ നമുക്ക് ഒന്നും സംഭവിക്കില്ല” എന്ന വിശ്വാസം മലയാളികൾക്കുണ്ട്.ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല അത്.സ്വന്തം കഴിവുകൊണ്ട് ടീച്ചർ ആർജ്ജിച്ചെടുത്ത വിശ്വാസമാണത്.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ എത്രയെത്ര ഗുണങ്ങളാണ് ടീച്ചർ പ്രകടമാക്കിയത് ! എന്തെല്ലാം റോളുകളാണ് അങ്ങേയറ്റം ഫലപ്രദമായി ചെയ്തുകൊണ്ടിരിക്കുന്നത് !
ചൈനയിൽ കൊറോണ പടർന്നുപിടിക്കുന്ന സമയത്തുതന്നെ കേരളം മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു.ആദ്യത്തെയാൾക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ രോഗത്തെ നേരിടാൻ സംസ്ഥാനം പൂർണ്ണമായും സജ്ജമായിരുന്നു.ഒരു നല്ല ഭരണാധികാരിയ്ക്ക് കാര്യങ്ങൾ മുൻകൂട്ടി കാണാൻ കഴിയും.ശൈലജ ടീച്ചർ ഒരു ക്രാന്തദർശിയാണ്.
നമ്മളിൽ മിക്കവരും ഉറങ്ങുന്ന സമയങ്ങളിലും ശൈലജ ടീച്ചർ ഉറങ്ങാതിരിക്കുകയാണ്.യോഗങ്ങൾ വിളിച്ചുചേർക്കുകയാണ്.ചർച്ചകൾ നടത്തുകയാണ്.അവരുടെ ആത്മസമർപ്പണം അപാരമാണ്.
അസുഖം ബാധിച്ചവരെ ദില്ലിയിലേക്ക് മാറ്റുന്ന പ്രശ്നമില്ല എന്ന് മാദ്ധ്യമങ്ങളോട് വ്യക്തമാക്കുമ്പോൾ ടീച്ചർ ആത്മവിശ്വാസത്തിൻ്റെ പ്രതിരൂപമായിരുന്നു.സ്വന്തം മേന്മയിലും താൻ ചുമലിലേറ്റുന്ന സിസ്റ്റത്തിലും ഉള്ള കോൺഫിഡൻസ് !
പൊതുജനത്തിൻ്റെ പേടി കുറയ്ക്കാനുള്ള പ്രസ്താവനകൾ മന്ത്രി നിരന്തരം നടത്തുന്നുണ്ട്.’ഇന്ത്യയിൽ ഇത്രയേറെ സ്ഥലങ്ങളുണ്ടായിട്ടും കേരളത്തിൽത്തന്നെ കൊറോണ വന്നല്ലോ’ എന്ന് പരിതപിക്കുന്നവരുണ്ട്.എന്നാൽ ചൈനയിൽ നിന്ന് വന്നവരെ ശത്രുതയോടെ കാണരുതെന്ന് ശൈലജ ടീച്ചർ ഒാർമ്മിപ്പിക്കുന്നു.
സൗമ്യതയുടെയും മനുഷ്യസ്നേഹത്തിൻ്റെയും പ്രതീകമായ ടീച്ചർ അത്യാവശ്യഘട്ടങ്ങളിൽ കാർക്കശ്യവും ഉപയോഗിക്കുന്നുണ്ട്.കൊറോണയെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ അറസ്റ്റിലാവുന്നുണ്ട്.ചികിത്സയോട് മുഖംതിരിച്ചുനിൽക്കുന്നവരെ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നുണ്ട്.
ആലപ്പുഴ മെഡിക്കൽ കോളേജിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വൈറോളജിയിൽ ഇപ്പോൾ സാമ്പിൾ പരിശോധന നടത്താം.പണ്ട് പൂനെയിലാണ് ടെസ്റ്റ് നടത്തിയിരുന്നത്.സ്വാഭാവികമായും പഴയ കാലതാമസം ഇപ്പോഴില്ല.അങ്ങനെ എത്രയെത്ര ഭരണനേട്ടങ്ങൾ !
കൊറോണ വൈറസ് കീഴടങ്ങും.കീഴടക്കും നമ്മൾ.എല്ലാറ്റിൻ്റെയും അമരത്ത് നമ്മുടെ സ്വന്തം ടീച്ചറുണ്ടല്ലോ…
Written by-Sandeep Das