കൊറോണ; താലികെട്ട് മാറ്റിവെച്ച് വധുവും വരനും വീട്ടിലിരിന്നു! സദ്യ നടത്തി
തൃശൂര്‍: സംസ്ഥാനത്ത് മൂന്ന് പേരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വലിയ മുന്‍കരുതലുകളാണ് ആരോഗ്യ വകുപ്പ് കൈക്കൊള്ളുന്നത്. അതേസമയം കൊറോണ വൈറസ് ഭീഷണി കാരണം ചൊപ്പാഴ്ച നടത്താനിരുന്ന വിവാഹത്തിന്റെ താലികെട്ടും അനുബന്ധ ചടങ്ങുകളും മാറ്റി വെച്ചു. വധുവും വരനും അവരവരുടെ വീടുകളില്‍ തന്നെ ഇരുന്നു. എന്നാല്‍ വിവാഹത്തോട് അനുബന്ധിച്ച് നേരത്തെ നിശ്ചയിച്ചിരുന്ന സദ്യ നടത്തുകയും ചെയ്തു.
ചൈനയിലെ ഒരു കമ്പനിയില്‍ ജോലിക്കാരനാണ് വരന്‍. രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. കടങ്ങോട് പഞ്ചായത്തിലാണു വരന്റെ വീട്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയാണ് വരന്‍ ജോലി ചെയ്യുന്നത്. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ തെല്ലും ആശങ്കയില്ലാതെ വിവാഹ ഒരുക്കങ്ങളുമായി വീട്ടുകാര്‍ മുന്നോട്ടുപോവുക ആയിരുന്നു. എന്നാല്‍ ചൈനയില്‍ നിന്നെത്തിയവര്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ പൊതു ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കര്‍ശന നിര്‍ദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചതോടെ ആശയക്കുഴപ്പത്തിലായത്.
2 ദിവസം മുന്‍പ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും വീട്ടിലെത്തി വിവാഹം മാറ്റിവയ്ക്കണമെന്ന് നിര്‍ദേശിക്കുക ആയിരുന്നു. കലക്ടറേറ്റില്‍ നിന്നും ഡിഎംഒ ഓഫിസില്‍ നിന്നും കര്‍ശന നിര്‍ദേശം വന്നതോടെ വിവാഹം നീട്ടിവച്ചു. എന്നാല്‍ സല്‍ക്കാരവും മറ്റും മാറ്റിവയ്ക്കുന്നതിന്റെ ബുദ്ധിമുട്ടു കണക്കിലെടുത്തു വരന്റെയും വധുവിന്റെയും വീടുകളില്‍ ഒരുക്കിയ സല്‍ക്കാരങ്ങള്‍ നടത്തി. താലികെട്ട് നിരീക്ഷണ പരിധിയായ 28 ദിവസത്തിനു ശേഷം നടത്തും.