സച്ചിയുടെ വിയോഗം: ഉള്ളുലയ്ക്കുന്ന കുറിപ്പുമായി പൃഥിരാജ്
കൊച്ചി: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വിയോഗത്തില്‍ തന്റെ വേദന പങ്കുവച്ച് നടന്‍ പൃഥ്വിരാജ്. എന്റെ ഒരു ഭാഗമാണ് നിങ്ങള്‍ക്കൊപ്പം ഇന്നു പോയത് സച്ചി എന്നും 23 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ജൂണിലാണ് ഇത്തരത്തില്‍ ഒരു വേദന താന്‍ അനുഭവിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പൃഥ്വി പറയുന്നു.
പൃഥിരാജിന്റെ കുറിപ്പിന്റെ പൂര്‍ണരൂപമിങ്ങനെ
സച്ചി,
എനിക്ക് ലഭിച്ച ഒരുപാട് സന്ദേശങ്ങളും എനിക്ക് വന്ന ഫോണ്‍ കോളുകളില്‍ അറ്റന്‍ഡ് ചെയ്ത ചിലതുമൊക്കെ ഞാന്‍ എങ്ങനെ ഇതു സഹിക്കുന്നു എന്നാണ് ചോദിക്കുന്നത്. എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ് അവര്‍. എന്നെയും നിങ്ങളെയും അറിയാവുന്നവര്‍ക്ക് നമ്മളെയും നന്നായി അറിയാമെന്ന് ഞാന്‍ കരുതുന്നു. പക്ഷേ അവര്‍ പറഞ്ഞ ഒരു കാര്യത്തോട് എനിക്ക് വിയോജിപ്പുണ്ട്. ‘നിങ്ങള്‍ പോയത് കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് ‘ എന്ന് അവരൊക്കെ പറയുമ്പോഴും നിങ്ങളുടെ ആശയങ്ങളും സ്വപ്നങ്ങളും എല്ലാം അറിയാവുന്ന എനിക്ക് അയ്യപ്പനും കോശിയുമല്ല നിങ്ങളുടെ ഏറ്റവും മികച്ച ചിത്രം എന്ന് പറയാനാകും. നിങ്ങളുടെ ആഗ്രഹങ്ങളുടെ തുടക്കം മാത്രമായിരുന്നു ആ ചിത്രം. നിങ്ങളുടെ സിനിമാജീവിതം അത്രയും ഈ ഒരു പോയിന്റിലേക്കുള്ള യാത്രയായിരുന്നു.
പറയാത്ത ഒരുപാട് കഥകള്‍, പൂര്‍ത്തീകരിക്കാനാകാത്ത ഒരുപാട് ആഗ്രഹങ്ങള്‍. രാവെളുക്കുവോളം വാട്ട്‌സാപ്പിലെ ശബ്ദസന്ദേശങ്ങള്‍ വഴിയുള്ള കഥപറച്ചിലുകള്‍. ഒരുപാട് ഫോണ്‍ കോളുകള്‍. മുന്നോട്ടുള്ള വര്‍ഷങ്ങളിലേക്കായി നമ്മള്‍ ഒരു ഗംഭീര പദ്ധതി തന്നെ ഉണ്ടാക്കിയിരുന്നു നമ്മള്‍ രണ്ടാളും കൂടി. പക്ഷേ നിങ്ങള്‍ പോയി. നിങ്ങള്‍ സിനിമയെക്കുറിച്ചുള്ള വീക്ഷണവും മുന്നോട്ടുള്ള വര്‍ഷങ്ങളിലെ പദ്ധതികളെക്കുറിച്ചും മറ്റാരോടെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ എന്നോടു പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അടുത്ത 25 വര്‍ഷത്തെ മലയാള സിനിമയും എന്റെ കരിയറും ഒക്കെ മറ്റൊരു തലത്തിലുള്ളതാകുമായിരുന്നു. സിനിമയെ മറക്കാം. നിങ്ങള്‍ എന്നും എന്റെ അടുത്തുണ്ടാകാനും വാട്ട്‌സാപ്പില്‍ നേരത്തെ അയച്ചതു പോലൊരു ശബ്ദ സന്ദേശം ലഭിക്കാനും ഒരു ഫോണ്‍ കോള്‍ ലഭിക്കാനും എല്ലാ സ്വപ്നങ്ങളും ത്യജിക്കേണ്ടിയിരുന്നെങ്കില്‍ അതിനും ഞാന്‍ തയ്യാറായിരുന്നു.
നമ്മള്‍ രണ്ടും ഒരുപോലെയാണെന്ന് നിങ്ങള്‍ പറയുമായിരുന്നു. അതെ അങ്ങനെയാണ്. പക്ഷേ ഇപ്പോള്‍ എനിക്ക് അനുഭവപ്പെടുന്നതു പോലെയാകില്ല നിങ്ങള്‍ക്ക് അനുഭവപ്പെടുക എന്നെനിക്ക് തോന്നുന്നു. 23 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ജൂണിലാണ് ഇത്തരത്തില്‍ ഒരു വേദന ഞാന്‍ അനുഭവിച്ചത്. നിങ്ങളെ അറിയുന്നത് ഒരു അഭിമാനമായിരുന്നു സച്ചി. എന്റെ ഒരു ഭാഗമാണ് നിങ്ങള്‍ക്കൊപ്പം ഇന്നു പോയത്. ഇന്നു മുതല്‍ നിങ്ങളെ ഓര്‍ക്കുക എന്നാല്‍ എന്റെ ഒരു ഭാഗത്തെ തന്നെ ഓര്‍ക്കുന്നതു പോലെയാണ്. വിശ്രമിക്കൂ സഹോദരാ. നന്നായി വിശ്രമിക്കൂ പ്രതിഭാശാലി. അടുത്ത വശത്ത് നമുക്ക് കാണാം. പക്ഷേ ആ ചന്ദനമര കഥയുടെ ക്ലൈമാക്‌സ് നിങ്ങളെനിക്ക് പറഞ്ഞു തന്നില്ല.