യുക്രൈനിൽ റഷ്യയുടെ വ്യോമാക്രമണം, എട്ടുമരണം
കീവ്: യുക്രൈനിലുടനീളം വ്യോമാക്രമണം കടുപ്പിച്ച് റഷ്യ. വെള്ളിയാഴ്ച രാത്രി യുക്രൈന്റെ പതിനൊന്ന് തന്ത്രപ്രധാനമേഖലകളിലുണ്ടായ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. പലയിടത്തും സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ബെഹ്‍മുത് നഗരത്തിനു തെക്ക് നിയു-യോർക്കിലുണ്ടായ ഷെല്ലാക്രമണത്തിൽ ദമ്പതിമാരുൾപ്പെടെ നാലുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു.
ഡൊണെറ്റ്‌സ്‌ക് പ്രവിശ്യയിലെ കോസ്റ്റിയാൻടിനിവ്കയിൽ റോക്കറ്റ് ലോഞ്ചറുപയോഗിച്ചുള്ള റഷ്യയുടെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. 20 വീടുകളും വാഹനങ്ങളും വാതകക്കുഴലുകളും തകർന്നു. റഷ്യൻ അതിർത്തിയിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ചെർണിഹീവിലും റഷ്യ ക്രൂസ് മിസൈലുകളുപയോഗിച്ച് ആക്രമണം നടത്തി. രണ്ടുപേർ മരിച്ചു. ബഹുനിലപാർപ്പിടസമുച്ചയവും പ്രാദേശിക സാംസ്കാരിക കേന്ദ്രവും തകർന്നു.
സപോറീഷ ആണവനിലയത്തിന്റെ സമീപപട്ടണങ്ങളിലും ഷെല്ലാക്രമണമുണ്ടായി. ആണവനിലയത്തെ മറയാക്കി റഷ്യ നടത്തുന്ന ആക്രമണത്തെ യുക്രൈൻ അപലപിച്ചു. 2022 ഫെബ്രുവരിയിൽ യുക്രൈനിൽ അധിനിവേശമാരംഭിച്ചതുമുതൽ സപോറീഷ നിലയം റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അതേസമയം, റഷ്യയുടെ 14 ഡ്രോണുകൾ തങ്ങളുടെ വ്യോമപ്രതിരോധസംവിധാനം വെടിവെച്ചിട്ടതായി യുക്രൈൻ വ്യോമസേന അറിയിച്ചു. ഇതിൽ അഞ്ചെണ്ണം ഇറാൻ നിർമിത ഷഹേദ് ഡ്രോണുകളാണ്.
കരിങ്കടലിലെ തുറമുഖങ്ങൾ ആക്രമിച്ചതിനുപിന്നാലെ ഒഡേസയിലെ ധാന്യപ്പുരകളും കാർഷികോത്പന്നസംഭരണികളും ലക്ഷ്യമിട്ട് റഷ്യ. വെള്ളിയാഴ്ച ഒഡേസയിലെ യുക്രൈന്റെ കയറ്റുമതി കേന്ദ്രങ്ങൾക്കുനേരെ മിസൈലാക്രണണമുണ്ടായി. 110 ടൺ പയറും 22 ടൺ ബാർലിയും ആക്രമണത്തിൽ നശിച്ചു. ബുധനാഴ്ച ചൊർനൊമോസ്ക് തുറമുഖത്ത് കയറ്റുമതിക്കായി ശേഖരിച്ചുവെച്ചിരുന്ന 60,000 ടൺ ധാന്യം നശിച്ചിരുന്നു.
റഷ്യയെ ക്രൈമിയയുമായി ബന്ധിപ്പിക്കുന്ന പാലം യുക്രൈൻ തകർത്തതിനുപിന്നാലെയാണ് കരിങ്കടലിലെ യുക്രൈന്റെ കയറ്റുമതികേന്ദ്രങ്ങൾക്കുനേരെ ആക്രമണം കടുത്തത്. യുക്രൈനിൽനിന്ന് കരിങ്കടൽ വഴിയുള്ള ധാന്യക്കയറ്റുമതിയും ചരക്കുനീക്കവും പുനരാരംഭിക്കാനുള്ള സുപ്രധാന കരാറിൽനിന്ന് റഷ്യ പിന്മാറി.
കരിങ്കടലിലൂടെ ചരക്കുമായി നീങ്ങുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് റഷ്യയും യുക്രൈനും പ്രഖ്യാപിച്ചു. കരിങ്കടൽ വഴിയുള്ള കപ്പൽ നീക്കം അപകടകരമാണെന്ന് റഷ്യൻ പ്രതിരോധസഹമന്ത്രി സെർഗെയി വെർഷിനിൻ പറഞ്ഞു. യു.എന്നിന്റെയും തുർക്കിയുടെയും മധ്യസ്ഥശ്രമങ്ങൾക്കൊടുവിൽ കഴിഞ്ഞ ജൂലായിലാണ് കരിങ്കടൽവഴിയുള്ള ചരക്കുനീക്കം പുനഃസ്ഥാപിക്കുന്നതിന് റഷ്യയും യുക്രൈനും കരാറൊപ്പിട്ടത്. യുക്രൈൻ യുദ്ധം ആരംഭിച്ചതിനുപിന്നാലെ കരിങ്കടൽ വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടത് ആഗോളതലത്തിൽ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാക്കിയിരുന്നു.