KeralaNews

ശുശ്രൂഷാദൗത്യം ഉപേക്ഷിച്ചതിനുപിന്നാലെ സഭയ്ക്കെതിരേ വിമർശനം;വൈദികന് സസ്പെൻഷൻ

താമരശ്ശേരി : സിറോ മലബാർ സഭാനേതൃത്വത്തെ രൂക്ഷമായി വിമർശിച്ചശേഷം ശുശ്രൂഷാദൗത്യമുപേക്ഷിച്ച വൈദികനെ അച്ചടക്കലംഘനത്തിന്റെ പേരിൽ താമരശ്ശേരി രൂപത സസ്പെൻഡ് ചെയ്തു. ഫാ. അജി (തോമസ്) പുതിയപറമ്പിലിനെതിരേയാണ് നടപടി. എല്ലാ പൗരോഹിത്യശുശ്രൂഷകളും ചെയ്യുന്നതിൽനിന്ന് അദ്ദേഹത്തെ വിലക്കുന്നതായി താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

കോഴിക്കോട് ജില്ലയിലെ മുക്കം എസ്.എച്ച്. പള്ളി വികാരിയായിരിക്കേ ഏപ്രിൽ 29-ന് നൂറാംതോട് സെയ്ന്റ് ജോസഫ്‌സ് പള്ളിയിലേക്ക് സ്ഥലംമാറ്റിയ അദ്ദേഹം അവിടെ ചുമതലയേറ്റിരുന്നില്ല. സ്ഥലംമാറ്റദിനത്തിൽ മുക്കത്തെ ഇടവകാംഗങ്ങളുമായി നൂറാംതോട്ടിലേക്ക് പോകുംവഴി സാമൂഹികമാധ്യമങ്ങളിലൂടെ വൈദികൻ ശുശ്രൂഷാദൗത്യമുപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ആരാധനാക്രമം സംബന്ധിച്ചും സഭാപിതാക്കൻമാർ ക്രിമിനൽ കേസുകളിൽ പ്രതികളാവുന്നത് സംബന്ധിച്ചുമെല്ലാം പ്രസ്താവന നടത്തിയായിരുന്നു പിന്മാറ്റം.

തിരിച്ചുവരാൻ രൂപതാധികൃതർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിലപാടിൽ ഉറച്ചുനിന്നു. പരസ്യപ്രസ്താവനകൾ തുടർന്ന വൈദികൻ ഏറ്റവുമൊടുവിൽ മണിപ്പുർ കലാപവിഷയത്തിൽ സഭാനേതൃത്വത്തിനെതിരേ നിശിതവിമർശനം നടത്തിയിരുന്നു.

മണിപ്പുരിലെ നിലവിളികൾക്കുനേരെ പുലർത്തുന്ന ക്രൂരമായ നിശ്ശബ്ദതയ്ക്കും നിഷ്‌ക്രിയത്വത്തിനും ഭാവിയിലെങ്കിലും കേരളസഭ മാപ്പുപറയേണ്ടിവരുമെന്നായിരുന്നു കുറിപ്പ്. ‘ഒരു കുരിശുപള്ളിയുടെ നേരെ ആക്രമണമുണ്ടായാലോ, ഏതെങ്കിലും ഒരു ക്രൈസ്തവസ്ഥാപനത്തിനുമുമ്പിൽ സമരമുണ്ടായാലോ കത്തിജ്ജ്വലിക്കാറുള്ള സഭാസ്നേഹവും സമുദായബോധവുമൊന്നും മണിപ്പുരിലെ സങ്കടങ്ങളുടെ കണ്ണീർപ്പാടങ്ങളുടെപേരിൽ കണ്ടില്ല.

പേരിനൊരു പ്രസ്താവനയും പിന്നെ ഒരു മെഴുകുതിരിപ്രാർഥനയും. അത്രമാത്രം.’ എന്നിങ്ങനെയായിരുന്നു വിമർശനം.ചുമതലയേറ്റെടുക്കാതെ ഒളിവിൽപ്പോയതും സാമൂഹികമാധ്യമങ്ങളിലൂടെ സഭയ്ക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ വിമർശനമുന്നയിച്ചതും ചൂണ്ടിക്കാട്ടിയാണ് ഒടുവിൽ രൂപതാനേതൃത്വം വൈദികനെതിരേ അച്ചടക്കനടപടി സ്വീകരിച്ചിരിക്കുന്നത്.

പുതിയൊരു ഉത്തരവുണ്ടാവുന്നതുവരെ സസ്പെൻഷൻ കാലയളവിൽ വൈദികന് മേരിക്കുന്നിലെ ഗുഡ് ഷെപ്പേർഡ് പ്രീസ്റ്റ് ഹോമിൽ താമസിക്കാമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. മലപ്പുറം വെറ്റിലപ്പാറ സ്വദേശിയാണ് ഫാ. അജി പുതിയപറമ്പിൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker