സുപ്രിയ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് തോന്നിയത്; കാരണം നമ്മളാ പ്രായത്തിലാണ്; റിമ കല്ലിങ്കൽ
കൊച്ചി:മലയാള സിനിമാ ലോകത്ത് ഒട്ടനവധി മാറ്റങ്ങൾക്ക് നേതൃത്വം കൊടുത്ത നടിയാണ് റിമ കല്ലിങ്കൽ. സിനിമാ നടി എന്നതിനപ്പുറം സിനിമാ ലോകത്തെ പ്രശ്നങ്ങൾ തുറന്ന് പറയുകയും സംസാരിക്കുകയും ചെയ്യുന്നതിനാൽ റിമയ്ക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്തെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്. സിനിമകളിൽ തുടരെ അഭിനയിച്ച് വരികെയാണ് നടി ബിഗ് സ്ക്രീനിൽ നിന്നും പാടേ അപ്രത്യക്ഷയായത്. സമാനമായി പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ എന്നിവർക്കും ഇതേ സാഹചര്യം കരിയറിൽ വന്നു.
ഡബ്ല്യുസിസിയുടെ രൂപീകരണം, അമ്മയെന്ന സംഘടനയിൽ നിന്നുള്ള രാജി, പ്രമുഖർക്കെതിരെയുള്ള തുറന്നടിക്കൽ തുടങ്ങിയവയെല്ലാം റിമയുടെ കരിയർ ഗ്രാഫിനെ ബാധിച്ചു. ഏറെ നാളുകൾക്ക് ശേഷം റിമ നായികയായെത്തുന്ന സിനിമയാണ് നീലവെളിച്ചം. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, റോഷൻ മാത്യു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയിലെ ഗാനം ഇതിനകം ഹിറ്റായിട്ടുണ്ട്.
പൊതുവെ കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന റിമയെയാണ് പൊതുവേദികളിൽ കാണാറുള്ളത്. എന്നാൽ ഇതിനൊരു മാറ്റം കണ്ടത് കഴിഞ്ഞ ദിവസമാണ് ഐ ആം വിത്ത് ധന്യ വർമ്മ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ വൈകാരികമായാണ് റിമ സംസാരിക്കുന്നത്. പ്രത്യേകിച്ചും മാതാപിതാക്കളുടെ കാര്യം പറയുമ്പോൾ. മുമ്പൊരിക്കൽ സ്ത്രീ സമത്വത്തെക്കുറിച്ച് സംസാരിക്കവെ നടത്തിയ പൊരിച്ച മീൻ പരമാർശം അച്ഛനെയും അമ്മയെയും വേദനിപ്പിച്ചെന്ന് റിമ തുറന്ന് പറയുന്നുണ്ട്.
അവർക്കതിന്റെ പേരിലുണ്ടായ വിഷമം മനസ്സിലാക്കുന്നു, തന്നെയിത് ബാധിച്ചിരുന്നെന്നും ഒരു കാര്യം പറയുമ്പോൾ മറ്റുള്ളവർക്ക് അത് വിഷമമാവുമോ എന്ന് ആലോചിക്കാൻ ഇത് തന്നെ പ്രേരിപ്പിച്ചെന്നും റിമ തുറന്ന് പറഞ്ഞു. അഭിമുഖത്തിന്റെ അവസാന ഭാഗത്ത് റിമ കല്ലിങ്കൽ കരയുന്നുണ്ട്. അമ്മയുടെ കാര്യം പറഞ്ഞപ്പോഴായിരുന്നു.
അമ്മ ഈ ജീവിതത്തിൽ ശരിക്കും ഹാപ്പിയാണോയെന്ന് ചോദിക്കണമെന്നുണ്ടെന്ന്
റിമ വ്യക്തമാക്കി. അമ്മയുടെ മുമ്പത്തെ ജനറേഷനിലുള്ള സ്ത്രീകൾ ഒരു തരത്തിൽ ശക്തരായിരുന്നു. എന്നാൽ അതിന് ശേഷം വന്ന അമ്മയുടെ ജനറേഷനിലുള്ളവർക്ക് എന്താണ് പറ്റിയതെന്നറിയില്ല. അതിന്റെ ട്രോമ നമ്മളും വഹിക്കുന്നതായി തോന്നിയിട്ടുണ്ടെന്നും റിമ കല്ലിങ്കൽ അഭിപ്രായപ്പെട്ടു.
ഇതിനിടെ ആഷിഖ് അബുവിന്റെ വാപ്പച്ചി മരിച്ച കാര്യം പറഞ്ഞ റിമ കരച്ചിലിന്റെ വക്കിലെത്തി. സുപ്രിയ ഇവിടെ വന്നിരുന്ന് അച്ഛനെക്കുറിച്ച് പറഞ്ഞ് കരഞ്ഞപ്പോൾ അതെന്നിൽ പ്രതിഫലിച്ചു. കാരണം നമ്മൾ ആ പ്രായത്തിലാണെന്നും റിമ വ്യക്തമാക്കി.
വിവാദഘട്ടത്തിൽ ഒറ്റപ്പെട്ട് പോയതിനെക്കുറിച്ചും റിമ കല്ലിങ്കൽ സംസാരിച്ചു. ഒപ്പമുള്ള സുഹൃത്തുക്കൾ തന്നെ പിന്തുണയ്ക്കാഞ്ഞപ്പോൾ ചതിക്കപ്പെട്ടത് പോലെ തോന്നി. എന്നാൽ അവരെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് പിന്നീട് മനസ്സിലാക്കി. കാരണം അവർക്ക് അവരുടേതായ ലൈഫ് ഉണ്ടായിരുന്നു.
‘ഞാനീ സ്ട്രഗിൾ ചെയ്യുന്നത് പോലെ എല്ലാവരും സ്ട്രഗിൾ ചെയ്യുകയാണല്ലോ. പിന്നീട് ഞാനെന്റെ ആളുകളെ കണ്ടെത്തി. നമ്മൾ മാറുന്നതിനുസരിച്ച് സർക്കിളും മാറും,’ റിമ പറഞ്ഞു. ആഷിഖ് അബുവുമായുള്ള വിവാഹ ശേഷം തനിക്ക് നേരെ വന്ന ചോദ്യങ്ങളെക്കുറിച്ചും റിമ സംസാരിച്ചിരുന്നു.
ഇനി സിനിമ ചെയ്യുമോ, ഭർത്താവിന്റെ പ്രൊഡക്ഷൻ കമ്പനിക്ക് കീഴിൽ മാത്രമേ സിനിമ ചെയ്യുന്നുള്ളൂ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ വന്നു. തനിക്ക ആ ചോദ്യങ്ങൾ മനസ്സിലായത് പോലുമില്ലെന്ന് റിമ വ്യക്തമാക്കി. 22 എഫ്കെ എന്ന സിനിമയാണ് റിമയുടെ കരിയറിൽ ഇന്നും പ്രേക്ഷകർ എടുത്ത് പറയുന്ന സിനിമ. പിന്നീട് ഇത്തരത്തിലുള്ള വേഷങ്ങൾ നടിയെ തേടി വന്നത് അപൂർവമാണ്. സിിനിമാ രംഗത്ത് റിമ സജീവമാകുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.