‘ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്’; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍
കൊച്ചി:ബിഗ് ബോസ് മലയാളം സീസണ്‍ 5 ഇന്ന് മൂന്നാം വാരത്തിലേക്ക്. ആദ്യ എവിക്ഷന്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ന് ഏഴ് മത്സരാര്‍ഥികള്‍ ഉള്‍പ്പെട്ട നോമിനേഷന്‍ ലിസ്റ്റില്‍ നിന്നാണ് പുറത്താവുന്ന ഒന്നോ അതിലധികമോ പേരുടെ പേര് പ്രഖ്യാപിക്കുക. ശനിയാഴ്ച എപ്പിസോഡില്‍ പുറത്താക്കലുകള്‍ ഒന്നും ഇല്ലായിരുന്നു.
അതേസമയം ഇന്നത്തെ എപ്പിസോഡിന്‍റെ ഏഷ്യാനെറ്റ് പുറത്തുവിട്ട ഒരു പ്രൊമോ ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയാണ്. മത്സരാര്‍ഥികളോട് കടുത്ത ഭാഷയില്‍ സംസാരിക്കുന്ന മോഹന്‍ലാല്‍ ആണ് പ്രൊമോ വീഡിയോയില്‍ ഉള്ളത്.
ഈസ്റ്റര്‍ ദിനമായ ഇന്ന് ബിഗ് ബോസ് ഹൗസിലും അതിന്‍റെ ആഘോഷം നടക്കുമെന്ന് ഇന്നലെ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ താന്‍ ധരിക്കേണ്ട വസ്ത്രത്തിന്‍റെ നിറം തെരഞ്ഞെടുക്കാന്‍ മത്സരാര്‍ഥികള്‍ക്ക് മോഹന്‍ലാല്‍ അവസരം നല്‍കിയിരുന്നു.
എന്നാല്‍ ഈസ്റ്റര്‍ ദിന ആഘോഷങ്ങള്‍ക്കിടയില്‍ നല്‍കിയ ഒരു ഗെയിം കളിക്കവെ മത്സരാര്‍ഥികള്‍ക്കിടയില്‍ വലിയ തര്‍ക്കം നടന്നതായാണ് പുറത്തെത്തിയ പ്രൊമോ വീഡിയോകളില്‍ നിന്ന് അറിയാനാവുന്നത്. ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയില്‍ താന്‍ ഈ ഷോ അവസാനിപ്പിക്കുകയാണെന്നാണ് മത്സരാര്‍ഥികളോട് മോഹന്‍ലാല്‍ പറയുന്നത്.
“വളരെ സന്തോഷകരമായിട്ട് ഒരു ഈസ്റ്റര്‍ ദിവസം എത്രയോ മൈലുകള്‍ സഞ്ചരിച്ച് നിങ്ങളെ കാണാനായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. പക്ഷേ എനിക്ക് വളരെ സങ്കടകരമായ കാര്യങ്ങളായി മാറി. അതുകൊണ്ട് ഞാന്‍ ഈ ഷോ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്”, എന്നാണ് മത്സാരര്‍ഥികളോടുള്ള മോഹന്‍ലാലിന്‍റെ വാക്കുകള്‍.
ഈ വാക്കുകളുടെ ഞെട്ടലില്‍ മോഹന്‍ലാലിനോട് മത്സരാര്‍ഥികള്‍ ക്ഷമ ചോദിച്ച് തുടങ്ങുമ്പോഴേക്ക് ഹൗസിലേക്കുള്ള ലൈവ് ടെലി ലൈന്‍ കട്ട് ചെയ്യാന്‍ പറയുകയാണ് മോഹന്‍ലാല്‍. പിന്നാലെ സ്ക്രീന്‍ കട്ട് ആവുന്നതും പ്രൊമോയില്‍ കാണാം. മോഹന്‍ലാല്‍ എത്തുന്ന ശനി, ഞായര്‍ ദിവസങ്ങളിലെ പ്രൊമോകള്‍ പലപ്പോഴും ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് വലിയ കൗതുകം പകര്‍ന്നാണ് എത്താറ്.