‘മക്കൾ നന്നായി വരുമ്പോൾ ചില തന്തമാർ ഇങ്ങനെയാണ്; ഞാൻ വലിയ സംഭവമാണെന്ന് കരുതി ബാക്കി എല്ലാവരോടും പുച്ഛം’
കൊച്ചി:സിനിമാ ലോകത്തെ ഒരു കാലത്തെ ഹിറ്റ് കോംബോയായിരുന്നു മോഹൻലാലും ശ്രീനിവാസനും. മോഹൻലാലിന്റെ നിരവധി ഹിറ്റ് സിനിമകൾക്ക് ശ്രീനിവാസൻ തിരക്കഥയെഴുതി. ഇരുവരും ഒരുമിച്ചഭിനയിച്ച സിനിമകളിൽ പലതും ഇന്നും എവർഗ്രീനാണ്. അടുത്ത സുഹൃത്തുക്കളായാണ് മിക്ക സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. എന്നാൽ ഓഫ് സ്ക്രീനിൽ ഇവരുടെ സൗഹൃദം പലപ്പോഴും ചോദ്യ ചിഹ്നമാണ്.
മോഹൻലാലിനെക്കുറിച്ച് ശ്രീനിവാസൻ നടത്തുന്ന പരസ്യ പ്രസ്താവനകളാണ് ഇതിന് കാരണം. മോഹൻലാലിനെ അപമാനിക്കാൻ കിട്ടുന്ന ഒരു അവസരവും ശ്രീനിവാസൻ പാഴാക്കാറില്ലെന്ന് ആരാധകർ പറയുന്നു. അടുത്തിടെ ശ്രീനിവാസൻ നടത്തിയ ചില പരാമർശങ്ങളും ഇത്തരത്തിൽ വിവാദമായി. മോഹൻലാൽ പ്രേം നസീർ സംവിധാനം ചെയ്യാനിരുന്ന സിനിമ നിരസിച്ചെന്നും വയസ്കാലത്ത് ഇയാൾക്ക് വേറെ പണിയില്ലേ എന്ന് ചോദിച്ചെന്നും ശ്രീനിവാസൻ ആരോപിച്ചു.
പൊതുവേദിയിൽ വെച്ച് മോഹൻലാൽ തനിക്ക് ചുംബനം നൽകിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ വെറുതെയല്ല ബെസ്റ്റ് ആക്ടറെന്ന് അദ്ദേഹത്തെ വിളിക്കുന്നതെന്നായിരുന്നു തന്റെ മറുപടിയെന്നും ശ്രീനിവാസൻ പരിഹസിച്ചു. പരാമർശം ചർച്ചയായിരിക്കെ ശ്രീനിവാസനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ശാന്തിവിള ദിനേശൻ. പ്രായം കൂടി അസുഖം ബാധിച്ച ശേഷം ശ്രീനിവാസൻ ബോധമില്ലാതെയാണ് സംസാരിക്കുന്നതെന്ന് ശാന്തിവിള ദിനേശൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
‘എന്താണ് ശ്രീനിവാസന് സംഭവിക്കുന്നതെന്ന് അറിയില്ല. ചില തന്തമാർ അങ്ങനെയാണ്. മക്കൾ സിനിമയിലൊക്കെ നന്നായി വരുമ്പോൾ തന്തമാർ ഇതുപോലെ എന്തെങ്കിലും കുതികാൽവെട്ട് വർത്തമാനങ്ങൾ പറയും. മക്കൾ വളരാതിരിക്കാനാണെന്ന് എനിക്ക് തോന്നുന്നു.’ ‘സത്യൻ അന്തിക്കാട് സംവിധാവം ചെയ്ത് ശ്രീനിവാസൻ തിരക്കഥയെഴുതി മോഹൻലാലിനെ നായകനാക്കി ഒരു സിനിമ വരേണ്ടതായിരുന്നു’
‘പക്ഷെ എന്തുകൊണ്ടോ മോഹൻലാൽ ആ സിനിമയിൽ നിന്ന് പിൻമാറി. അതിന്റെ വാശി തീർക്കാനാണ് അദ്ദഹമിങ്ങനെ സംസാരിക്കുന്നതെന്നാണ് സിനിമാ സർക്കിളിൽ നിന്നും ഞാനറിഞ്ഞത്. അതിലെത്ര ശരിയുണ്ടെന്ന് എനിക്കറിയില്ല. മോഹൻലാലിന്റെ കാപട്യത്തെക്കുറിച്ച് ശ്രീനിവാസൻ എഴുതാൻ യോഗ്യനല്ല എന്ന പക്ഷക്കാരനാണ് ഞാൻ. ശ്രീനിവാസന്റെ കാപട്യങ്ങളെക്കുറിച്ച് ഒരുപാട് കഥകളുണ്ട്. ചതിയുടെ കഥകളടക്കം പറയാനുണ്ട്’
ചുമ്മാ വഴക്കിന് പോവുന്ന ആളല്ല മോഹൻലാൽ. പക്ഷെ കാര്യത്തോട് അടുത്താൽ ഏത് കൊലകൊമ്പനായാലും തല്ലാൻ ഒരുമടിയുമില്ല. ഒരു മടിയുമില്ല. അചഞ്ചലനായി നിൽക്കും. ഒരു സെറ്റിൽ വെച്ച് നസീർ സാറെ കളിയാക്കിയപ്പോൾ അങ്ങനെ പറയരുതെന്ന് രണ്ടോ മൂന്നോ തവണ പറഞ്ഞു. വീണ്ടും കളിയാക്കിയപ്പോൾ മോഹൻലാൽ ഓടിച്ചിട്ട് ഇടിച്ച കഥ എനിക്കറിയാം. നസീർ സാറിനെ ഭയങ്കര ഇഷ്ടമായിരുന്നു അയാൾക്കെന്നും ശാന്തിവിള ദിനേശൻ പറഞ്ഞു.
മോഹൻലാൽ കെട്ടിപ്പിടിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ കംപ്ലീറ്റ് ആക്ടറാണെന്ന് ശ്രീനിവാസൻ പറഞ്ഞത് മോശമായി. ഭയങ്കര ദ്രോഹമായിപ്പോയെന്നെന്നും ശാന്തിവിള ദിനേശൻ പറഞ്ഞു. ആൾക്കാർ കൂടുന്നിടത്ത് വെച്ച് ശ്രീനിവാസനെ കെട്ടിപ്പിടിച്ചിട്ട് മോഹൻലാലിന് എന്തെങ്കിലും നേടാനുണ്ടോ എന്നെങ്കിലും ഇത് പറയുന്നതിന് മുമ്പ് ശ്രീനിവാസൻ ആലോചിക്കണമായിരുന്നു. ജനപിന്തുണയുടെ കാര്യത്തിൽ ഇന്നും മോഹൻലാൽ തന്നെയാണ് ഒന്നാം സ്ഥാനക്കാരനെന്നും ശാന്തിവിള ചൂണ്ടിക്കാട്ടി.
ഭരണം കിട്ടിയപ്പോൾ പിണറായി വിജയന്റെ സ്വഭാവം മാറിയെന്ന് പറഞ്ഞതിന് കാരണം പറയണം. അവിടെയും ഇവിടെയും തൊടാതെ ഞാനെരു ഭയങ്കര, ഒന്നൊന്നര ആളാണെന്ന് കരുതി ബാക്കി എല്ലാവരോടും പുച്ഛത്തോടെ കാണരുതെന്നും ശാന്തിവിള ദിനേശൻ തുറന്നടിച്ചു.
ശ്രീനിവാസൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ ഇതിനകം നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. അസുഖ ബാധിതനായി കുറച്ചുകാലമായി സിനിമാ ലോകത്ത് നിന്നും മാറി നിൽക്കുകയായിരുന്നു ശ്രീനിവാസൻ. ഏറെനാളുകൾക്ക് ശേഷം പൊതുവേദിയിലെത്തിയ ശ്രീനിവാസനെ മോഹൻലാൽ കെട്ടിപ്പിടിക്കുകയായിരുന്നു. അന്ന് ഇതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.