വിജിലന്‍സ് റെയ്ഡിനിടെ റവന്യൂ ഉദ്യോഗസ്ഥന്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഓടി രക്ഷപെട്ടു
മലപ്പുറം: ക്വര്‍ട്ടേഴ്‌സിലെത്തിയ വിജിലന്‍സ് സംഘത്തെ കണ്ട് റവന്യൂ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു. നിലമ്പൂര്‍ താലൂക്ക് ഓഫീസിലെ ക്ലാര്‍ക്കായ ഉമ്മര്‍ താമസിക്കുന്ന മമ്പാട് നടുവക്കാടിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് ഇന്ന് രാവിലെ 7 മണിയോടെ കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പിഎസ്, ഷാനവാസ്, സിഐ സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ 22 അംഗ സംഘം റെയ്ഡ് നടത്തിയത്. പോലീസ് വാഹനങ്ങള്‍ കണ്ട് അപകടം മണത്തതോടെ പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഉമ്മര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് ഇയാളുടെ ക്വാര്‍ട്ടേഴ്സില്‍ പരിശോധന തുടരുകയാണ്.
രണ്ട് വര്‍ഷം മുന്‍പ് ഇയാള്‍ കരുളായി വില്ലേജില്‍ ജോലി ചെയ്ത സമയത്ത് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ വിജിലന്‍സ് വിഭാഗം പരിശോധന നടന്നു കൊണ്ടിരിക്കെ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാളെ പറ്റി വ്യാപക പരാതികള്‍ ഉയരുകയും, പണം നല്‍കിയവര്‍ രേഖാ മൂലം വിജിലന്‍സിന് നല്‍കിയ പരാതിയിലുമാണ് പരിശോധന നടക്കുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും വാടക ക്വാര്‍ട്ടേഴ്സില്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് രാവിലെ പരിശോധന നടത്തിയത്. നിലമ്പൂര്‍ താലൂക്കില്‍ നിന്നും ഒരാഴ്ച്ച മുമ്പ് ഇയാള്‍ സര്‍വേ വിഭാഗത്തിലേക്ക് സ്ഥലം മാറി പോയതായി നിലമ്പൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.