കൊതുക് കടിയ്ക്ക് പരിഹാരം കണ്ടില്ല; ഭാര്യയും മകളും ചേര്‍ന്ന് ഭര്‍ത്താവിനെ ഉലക്ക കൊണ്ടടിച്ചു
അഹമ്മദാബാദ്: കൊതുക് ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഭാര്യയും മകളും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്ന പാരതിയുമായി യുവാവ് രംഗത്ത്. ഗുജറാത്തിലെ നരോദയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസം ഭാര്യയും മകളും ചേര്‍ന്ന് ഭൂപേന്ദ്ര എന്ന യുവാവിനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഭാര്യ ഉലക്ക കൊണ്ടും മകള്‍ വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ഉപയോഗിച്ചും മര്‍ദ്ദിച്ചുവെന്നുമാണ് യുവാവിന്റെ പരാതി.
കഴിഞ്ഞദിവസം കൊതുകുശല്യം അസഹനീയമായെന്നും ഉറങ്ങാന്‍ പോലും കഴിയുന്നില്ലെന്നും ഭാര്യ സംഗീത പരാതിപ്പെട്ടു. തന്നെ കൊതുകുകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നതായി സംഗീത പറഞ്ഞു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ഫാന്‍ പോലും ഇടാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയാണ്. ഇതിന് മറുപടിയായി തന്നൊടൊപ്പം കട്ടിലില്‍ വന്നുകിടന്നാല്‍ സുഖമായി ഉറങ്ങാന്‍ കഴിയുമെന്ന് തമാശരൂപേണ പറഞ്ഞതിന് പിന്നാലെയായിരുന്നു മര്‍ദനമെന്ന് ഭര്‍ത്താവ് പരാതിയില്‍ പറയുന്നു.
ഭര്‍ത്താവിന്റെ മറുപടിയില്‍ കുപിതമായ ഭാര്യ അടുക്കളയില്‍ പോയി ഉലക്കയുമായി എത്തി മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൂടെ മകളും ചേര്‍ന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ ഭൂപേന്ദ്രയുടെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി തലയില്‍ ഉലക്ക കൊണ്ടുള്ള അടിയേറ്റ ഭുപേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അതിക്രമം, ക്രിമിനല്‍ ഭീഷണി എന്നി വകുപ്പുകള്‍ ചേര്‍ത്ത് ഭാര്യക്കും മകള്‍ക്കുമെതിരെ കേ്‌സെടുത്തു.
എല്‍ഇഡി ലൈറ്റുകള്‍ വിറ്റാണ് ഭൂപേന്ദ്ര കുടുംബത്തെ പോറ്റിയിരുന്നത്. കഴിഞ്ഞ കുറെ നാളുകളായി വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് വരുമാനത്തില്‍ വന്‍ ഇടിവാണ് നേരിടുന്നത്. അതിനിടെ ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതോടെയാണ് ഭാര്യയും മകളും യുവാവിനെതിരായത്.