EntertainmentKeralaNews

സൂപ്പര്‍താരങ്ങളുള്‍പ്പെടെ പ്രതിഫലം കുറയ്ക്കണം, എഗ്രിമെന്റില്‍ ഒപ്പിടാത്ത ആരും സിനിമകളില്‍ അഭിനയിക്കില്ല;എന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയാം: സുരേഷ് കുമാര്‍

കൊച്ചി:മലയാള സിനിമാ രംഗം നശിച്ചുകൊണ്ടിരിക്കുകയാണെന്ന് നിര്‍മ്മാതാവും നടനവുമായ ജി സുരേഷ് കുമാര്‍. അടിയന്തിരമായി സിനിമാതാരങ്ങള്‍ തങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്നും സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ മടി കൂടാതെ പങ്കുചേരണമെന്നും അദ്ദേഹം അറിയിച്ചു. അതിന് തയ്യാറാകാത്തവര്‍ പരിണിത ഫലങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സുരേഷ് കുമാറിന്റെ വാക്കുകള്‍;

തമിഴ് തെലുങ്ക് സിനിമകള്‍ കണ്ട് പഠിക്കണം അടുത്തിടെ ഇറങ്ങിയ നാനിയുടെ സിനിമ ദസറയുടെ കാര്യം തന്നെ നോക്കൂ പ്രമോഷനായി അദ്ദേഹം കേരളത്തില്‍ വരെ വന്നു. ഇന്ത്യയിലും വിദേശത്തും സഞ്ചരിക്കുന്നു. എന്നാല്‍ ഇവിടുത്തെ സ്ഥിതി അതല്ല. പ്രമോഷന്‍ പരിപാടികള്‍ക്ക് പോകാന്‍ ഇവരൊന്നും തയ്യാറല്ല.

എന്നാല്‍ ഈയുള്ളവര്‍ തന്നെ മറ്റ് ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ ഇതിനെല്ലാം ഒരുക്കമാണ് താനും. ഇതൊക്കെ മൂലം നിര്‍മ്മാതാവിന് ഭീമമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഒരു ദിവസം ഷൂട്ട് ചെയ്തതിന്റെ ചിലവു പോലും ചില സിനിമകള്‍ തിരിച്ചു പിടിക്കുന്നില്ല. ഇതിനൊപ്പം വന്‍ പ്രതിഫലവും.

അതുകൊണ്ട് തന്നെ സൂപ്പര്‍ത്താരങ്ങളുള്‍പ്പെടെ അവരുടെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകണമെന്നാണ് തീരുമാനം. ഇത് അമ്മയുമായി ചര്‍ച്ച ചെയ്യും. ഇതിനായി ഒരു എഗ്രിമെന്റ് തയ്യാറാക്കും. അതില്‍ ഒപ്പിടാത്ത ആരും ഇനി ഇവിടെ സിനിമകളില്‍ അഭിനയിക്കില്ല. മറിച്ച് ചെയ്താല്‍ എന്തു ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയാം.

ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും സിനിമയിൽ വിലക്ക്. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ യോഗത്തിന് പിന്നാലെയാണ് തീരുമാനം. ഈ താരങ്ങളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ അറിയിച്ചു.

ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ഈ താരങ്ങള്‍ ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടാണ് നടപടി എന്ന് നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടന വ്യക്തമാക്കി.

രാസലഹരി ഉപയോഗിക്കുന്ന ഒരുപാട് പേര്‍ സിനിമയിലുണ്ടെന്നും ഇതിന് കടിഞ്ഞാണിടണമെന്നും നിര്‍മാതാവ് രഞ്ജിത്ത് പറഞ്ഞു. ഇവരുടെ പേരുകള്‍ സര്‍ക്കാരിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. സിനിമ ഇൻഡസ്ട്രി നന്നാകാൻ വേണ്ടിയാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.

‘സിനിമ പകുതിയാകുമ്പോൾ തന്റെ പ്രാധാന്യം കുറഞ്ഞോ എന്നാണ് ഷെയ്ൻ നി​ഗമിന് സംശയം, എഡിറ്റ് കാണാൻ ആവശ്യപ്പെടുന്നു. ഒരു സിനിമ സംഘടനകൾക്കും സഹിക്കാൻ പറ്റാത്ത കാര്യങ്ങളാണ് ഷെയ്ൻ ചെയ്യുന്നത്. ശ്രീനാഥ് ഭാസി ഏതൊക്കെ പടത്തിലാണ് അഭിനയിക്കുന്നതെന്നും ആർക്കൊക്കെയാണ് ഒപ്പിട്ട് നൽകുന്നതെന്നും അദ്ദേഹത്തിന് പോലും അറിയില്ല’, രഞ്ജിത്ത് പറഞ്ഞു.

രാസലഹരി ഉപയോഗിക്കുന്നവരുമായി സഹകരിക്കില്ലെന്നും ചില താരങ്ങള്‍ സ്വബോധമില്ലാതെ പെരുമാറുന്നുവെന്നും നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker