ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനസംഘടന ഇന്ന് വൈകിട്ട് നടക്കും. നിരവധി പുതുമുഖങ്ങളേയും യുവാക്കളേയും ഇത്തവണ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം. മലയാളി വ്യവസായിയും കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭ അംഗവുമായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിസഭയില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുന്നതിനൊപ്പം നിലവിലെ ചില മന്ത്രിമാരെ ഒഴിവാക്കുകയും ചിലരുടെ വകുപ്പുകള്‍ മാറ്റുകയും ചെയ്യുന്നുണ്ട്. ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍, വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍, തൊഴില്‍മന്ത്രി സന്തോഷ് ഗാംഗ്വര്‍ എന്നിവര്‍ ഇതിനോടകം രാജിവച്ചിട്ടുണ്ട്. സ്മൃതി ഇറാനിയേയും മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയേക്കും. അവര്‍ക്ക് യുപിയുടെ ചുമതല നല്‍കിയേക്കുമെന്നാണ് വിവരം.
അതേസമയം, കേരളത്തില്‍ നിന്നുള്ള വി. മുരളീധരന് മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി പ്രമോഷന്‍ കിട്ടിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന. അദ്ദേഹത്തിന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കും എന്നാണ് സൂചന.