26.5 C
Kottayam
Thursday, April 25, 2024

സഞ്ജുവിന്റെ പോരാട്ടം ഫലം കണ്ടില്ല,രാജസ്ഥാനെ 33 റണ്‍സിന് കീഴടക്കി ഡല്‍ഹി

Must read

അബുദാബി:അർധസെഞ്ചുറി നേടി ഫോമിലേക്കുയർന്നിട്ടും സഞ്ജു സാംസണ് രാജസ്ഥാനെ വിജയത്തിലെത്തിക്കാനായില്ല. ഡൽഹി ക്യാപിറ്റൽസിനെതിരായ ഐ.പി.എൽ മത്സരത്തിൽ രാജസ്ഥാന് 33 റൺസിന്റെ തോൽവി. ഡൽഹി ഉയർത്തിയ 154 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുത്താനേ കഴിഞ്ഞുള്ളൂ. കണിശതയോടെ പന്തെറിഞ്ഞ ഡൽഹി ബൗളർമാരാണ് ടീമിന് വിജയം സമ്മാനിച്ചത്. സ്കോർ: ഡൽഹി 20 ഓവറിൽ ആറിന് 154. രാജസ്ഥാൻ 20 ഓവറിൽ ആറിന് 121

സഞ്ജു 53 പന്തുകളിൽ നിന്ന് എട്ട് ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും സഹായത്തോടെ 70 റൺസ് നേടി പുറത്താവാതെ നിന്നു. സഞ്ജുവൊഴികെ മറ്റ് ബാറ്റ്സ്മാൻമാർക്കൊന്നും വേണ്ടത്ര മികവ് പുറത്തെടുക്കാനായില്ല. സഞ്ജുവും ലോംറോറും മാത്രമാണ് രാജസ്ഥാൻ നിരയിൽ രണ്ടക്കം കണ്ടത്.

ഈ വിജയത്തോടെ പോയന്റ് പട്ടികയിൽ ചെന്നൈ സൂപ്പർ കിങ്സിനെ മറികടന്ന് ഡൽഹി വീണ്ടും ഒന്നാമതെത്തി. ഒപ്പം പ്ലേ ഓഫും ഏകദേശം ഉറപ്പിച്ചു.154 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി ലിയാം ലിവിങ്സ്റ്റണും യശസ്വി ജയ്സ്വാളുമാണ് ഓപ്പൺ ചെയ്തത്. എന്നാൽ ആദ്യ ഓവറിൽ തന്നെ ലിവിങ്സ്റ്റണിനെ മടക്കി ആവേശ്ഖാൻ ഡൽഹിയ്ക്ക് സ്വപ്നസമാനമായ തുടക്കം സമ്മനിച്ചു.വെറും ഒരു റൺസെടുത്ത താരത്തെ ഋഷഭ് പന്ത് ക്യാച്ചെടുത്ത് പുറത്താക്കി.

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ മറ്റൊരു ഓപ്പണറായ യശസ്വി ജയ്സ്വാളിനെ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ച് ആന്റിച്ച് നോർക്കേ രാജസ്ഥാനെ തകർത്തു. വെറും അഞ്ച് റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഇതോടെ രാജസ്ഥാൻ 1.1 ഓവറിൽ ആറിന് രണ്ട് വിക്കറ്റ് എന്ന ദയനീയമായ അവസ്ഥയിലായി.

ഓപ്പണർമാർ മടങ്ങിയ ശേഷം ക്രീസിലെത്തിയ നായകൻ സഞ്ജുവും ഡേവിഡ് മില്ലറും അതീവ ശ്രദ്ധയോടെയാണ് പന്തുകളെ നേരിട്ടത്. സിംഗിളുകൾ മാത്രമെടുത്ത് കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ഇരുവരും പതിയേ നീങ്ങി. പക്ഷേ സ്കോർ 17-ൽ നിൽക്കേ അശ്വിന്റെ പന്തിൽ അനാവശ്യ ഷോട്ടിന് കടന്നാക്രമിച്ച ഡേവിഡ് മില്ലറെ ഋഷഭ് പന്ത് സ്റ്റ്ംപ് ചെയ്ത് പുറത്താക്കി. വെറും ഏഴ് റൺസ് മാത്രമാണ് കില്ലർ മില്ലറുടെ സമ്പാദ്യം.

ബാറ്റിങ് പവർപ്ലേയിൽ രാജസ്ഥാൻ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വെറും 21 റൺസ് മാത്രമാണ് നേടിയത്. ബാറ്റിങ് പവർപ്ലേയിൽ ഈ സീസണിലെ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്കോറാണിത്.

മില്ലറിന് പകരം ക്രീസിലെത്തിയ ലോംറോറിനെ കൂട്ടുപിടിച്ച് സഞ്ജു ടീം സ്കോർ ഉയർത്താൻ ശ്രമിച്ചു. ആദ്യ പത്തോവറിൽ വെറും 48 റൺസാണ് രാജസ്ഥാന് നേടാനായത്. പിന്നാലെ ലോംറോറിനെയും രാജസ്ഥാന് നഷ്ടമായി. റബാദയുടെ പന്തിൽ സിക്സ് നേടാനുള്ള ലോംറോറിന്റെ ശ്രമം ആവേശം ഖാന്റെ കൈയ്യിൽ അവസാനിച്ചു. 19 റൺസാണ് താരം നേടിയത്. ഇതോടെ രാജസ്ഥാൻ 48 ന് നാല് എന്ന നിലയിലായി.

പിന്നാലെ വന്ന റിയാൻ പരാഗിനും പിടിച്ചുനിൽക്കാനായില്ല. വെറും രണ്ട് റൺസെടുത്ത താരത്തെ അക്ഷർ പട്ടേൽ ബൗൾഡാക്കി. ഇതോടെ രാജസ്ഥാൻ 55 ന് അഞ്ച് എന്ന സ്കോറിലേക്ക് വീണു. പിന്നീട് രാഹുൽ തെവാത്തിയ ക്രീസിലെത്തിയിട്ടും സ്കോർ ഉയർത്താൻ സാധിച്ചില്ല.

സഞ്ജു ഒറ്റയ്ക്ക് പൊരുതാൻ ശ്രമിച്ചെങ്കിലും കണിശതയോടെ പന്തെറിഞ്ഞ ഡൽഹി ബൗളർമാർ അതിന് അനുവദിച്ചില്ല. എന്നാൽ റബാദ എറിഞ്ഞ 15-ാം ഓവറിൽ തുടർച്ചയായി ബൗണ്ടറികൾ പായിച്ചുകൊണ്ട് സഞ്ജു ടീമിന് ജിവനേകി. അവസാന അഞ്ചോവറിൽ 73 റൺസ് നേടിയാൽ മാത്രമേ ടീമിന് വിജയം നേടാനാകൂ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങി.

പിന്നാലെ സഞ്ജു അർധശതകം പൂർത്തിയാക്കി. 39 പന്തുകളിൽ നിന്നാണ് താരം അർധസെഞ്ചുറി പൂർത്തിയാക്കിയത്. പക്ഷേ വേണ്ട വിധത്തിൽ സ്കോർ ഉയർത്താൻ താരത്തിന് കഴിഞ്ഞില്ല. മറുവശത്ത് തെവാത്തിയ കൂടി മടങ്ങിയതോടെ രാജസ്ഥാൻ പ്രതീക്ഷകൾ അവസാനിച്ചു. വെറും ഒൻപത് റൺസെടുത്ത താരത്തെ നോർക്കെ മടക്കി. സഞ്ജു 70 റൺസെടുത്തും ഷംസി രണ്ട് റൺസ് നേടിയും പുറത്താവാതെ നിന്നു

ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ഡൽഹി ബൗളർമാർ ടീമിന് വിജയം സമ്മാനിച്ചു. ഡൽഹിയ്ക്ക് വേണ്ടി നോർക്കെ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആവേശ് ഖാൻ, റബാദ, അശ്വിൻ, അക്ഷർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. കണിശതയോടെ പന്തെറിഞ്ഞ രാജസ്ഥാൻ ബൗളർമാരാണ് ഡൽഹിയെ ചെറിയ സ്കോറിനൊതുക്കിയത്. ശ്രേയസ്സ് അയ്യരും ഷിംറോൺ ഹെറ്റ്മെയറും മാത്രമാണ് ഡൽഹിയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയ്ക്ക് വേണ്ടി പതിവുപോലെ ശിഖർ ധവാനും പൃഥ്വി ഷായും ഓപ്പൺ ചെയ്തു. കരുതലോടെയാണ് ഇരുവരും കളിച്ചുതുടങ്ങിയത്. എന്നാൽ നാലാം ഓവറിലെ ആദ്യ പന്തിൽ തന്നെ ധവാനെ വീഴ്ത്തി കഴിഞ്ഞ മത്സരത്തിലെ ഹീറോ കാർത്തിക് ത്യാഗി ഡൽഹിയ്ക്ക് തിരിച്ചടി സമ്മാനിച്ചു.

സ്കോർ 18-ൽ നിൽക്കേ വെറും എട്ട് റൺസ് മാത്രമെടുത്ത ധവാനെ ത്യാഗി ബൗൾഡാക്കുകയായിരുന്നു. ത്യാഗിയുടെ പന്ത് പ്രതിരോധിക്കാൻ ശ്രമിച്ച ധവാന്റെ ബാറ്റിൽ തട്ടി പന്ത് വിക്കറ്റിലിടിച്ചു. മത്സരത്തിലെ തന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്താൻ ത്യാഗിയ്ക്ക് സാധിച്ചു.

തൊട്ടടുത്ത ഓവറിൽ അപകടകാരിയായ പൃഥ്വി ഷായെയും പറഞ്ഞയച്ച് രാജസ്ഥാൻ മത്സരത്തിൽ ആധിപത്യം പുലർത്തി. ചേതൻ സക്കറിയയുടെ പന്തിൽ സിക്സ് നേടാനുള്ള ഷായുടെ ശ്രമം പാളി. പന്ത് അനായാസം ലിവിങ്സ്റ്റൺ കൈയ്യിലൊതുക്കി. വെറും 10 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഇതോടെ ഡൽഹി സ്കോർ 21 ന് രണ്ട് എന്ന നിലയിലേക്ക് വീണു.

രണ്ടു വിക്കറ്റുകൾ വീണ ശേഷം ഡൽഹിക്കായി നായകൻ ഋഷഭ് പന്തും ശ്രേയസ്സ് അയ്യരും ക്രീസിലെത്തി. ബാറ്റിങ് പവർപ്ലേയിൽ ഡൽഹി രണ്ട് വിക്കറ്റ് നഷ്ടത്തിൽ 36 റൺസാണ് നേടിയത്.തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ വീണതിനാൽ പന്തും ശ്രേയസ്സും അതീവ ശ്രദ്ധയോടെയാണ് കളിച്ചത്. അതുകൊണ്ടുതന്നെ ആദ്യ ഓവറുകളിൽ റൺറേറ്റ് നന്നായി കുറഞ്ഞു. 8.2 ഓവറിലാണ് ടീം സ്കോർ 50 കടന്നത്. എന്നാൽ പതിയേ ഡൽഹി ട്രാക്കിലേക്ക് കയറി. ശ്രേയസ്സ് ആക്രമിച്ച് കളിക്കാൻ ആരംഭിച്ചതോടെ റൺറേറ്റ് ഉയർന്നു. പന്തിനൊപ്പം താരം അർധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി.

എന്നാൽ ഡൽഹിയെ ഞെട്ടിച്ചുകൊണ്ട് മുസ്താഫിസുർ റഹ്മാൻ ഋഷഭ് പന്തിന്റെ വിക്കറ്റ് പിഴുതു. 24 റൺസെടുത്ത ഡൽഹി നായകൻ ഷോർട്ട് പിച്ച് പന്ത് ബൗണ്ടറി നേടാൻ ശ്രമിക്കവേ പന്ത് ബാറ്റിലുരസി വിക്കറ്റും കൊണ്ട് പോയി. തകർച്ചയിൽ നിന്നും കരകയറി വന്ന ഡൽഹിയ്ക്ക് വലിയ തിരച്ചടിയാണ് ഈ വിക്കറ്റ് സമ്മാനിച്ചത്.

ഡൽഹിയ്ക്ക് ഇരട്ട പ്രഹരമേൽപ്പിച്ചുകൊണ്ട് പന്തിന് പിന്നാലെ ശ്രേയസ്സ് അയ്യരും പുറത്തായി. മിന്നൽ സ്റ്റംപിങ്ങിലൂടെ രാജസ്ഥാൻ നായകൻ സഞ്ജു സാംസണാണ് താരത്തെ പുറത്താക്കിയത്. രാഹുൽ തെവാത്തിയയുടെ പന്തിൽ കയറി ആക്രമിക്കാൻ ശ്രമിച്ച ശ്രേയസ്സിന്റെ ശ്രമം വിഫലമായി. തകർപ്പൻ സ്റ്റംപിങ്ങിലൂടെ സഞ്ജു ശ്രേയസ്സിനെ പവലിയനിലേക്ക് മടക്കി. 32 പന്തുകളിൽ നിന്ന് ഒരു ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 43 റൺസാണ് ശ്രേയസ് നേടിയത്.

പന്തും ശ്രേയസ്സും പുറത്തായ ശേഷം ക്രീസിലൊന്നിച്ച ഷിംറോൺ ഹെറ്റ്മെയറും ലളിത് യാദവും രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന് ടീം സ്കോർ 100 കടത്തി. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഹെറ്റ്മെയർ രാജസ്ഥാൻ ബൗളർമാരെ അനായാസം നേരിട്ടു. 16 പന്തുകളിൽ നിന്ന് അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ 28 റൺസെടുത്ത ഹെറ്റ്മെയർ സ്കോർ അതിവേഗം ഉയർത്തിയെങ്കിലും നിർണായക സമയത്ത് താരത്തെ പുറത്താക്കി മുസ്താഫിസുർ വീണ്ടും ഡൽഹിയ്ക്ക് പ്രഹരമേൽപ്പിച്ചു. യോർക്കർ ലെങ്ത്തിൽ വന്ന പന്ത് ആക്രമിക്കാൻ ശ്രമിച്ച ഹെറ്റ്മെയറുടെ ഷോട്ട് സക്കറിയ കൈയ്യിലൊതുക്കി.

പിന്നീട് ക്രീസിലെത്തിയ അക്ഷർ പട്ടേൽ റൺസ് ഉയർത്താൻ ശ്രമിച്ചെങ്കിലും ചേതൻ സക്കറിയയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 12 റൺസാണ് താരം നേടിയത്. ലളിത് യാദവ് 14 റൺസെടുത്തും അശ്വിൻ ആറ് റൺസ് നേടിയും പുറത്താവാതെ നിന്നു.രാജസ്ഥാന് വേണ്ടി മുസ്താഫിസുർ റഹ്മാൻ നാലോവറിൽ വെറും 22 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോൾ ചേതൻ സക്കറിയയും രണ്ട് വിക്കറ്റ് വീഴ്ത്തി. മുസ്താഫിസുർ മത്സരത്തിൽ ഒരു ബൗണ്ടറി പോലും വഴങ്ങിയില്ല. കാർത്തിക് ത്യാഗി, രാഹുൽ തെവാത്തിയ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week