കോഴിക്കോട് : സംസ്ഥാനത്ത് മഴ ശക്തമായത്തോടെ ചാലിയാർ പുഴയിൽ മാവൂർ, വാഴക്കാട് ഭാഗങ്ങളിൽ ജലനിരപ്പുയരുന്നതിനാൽ തീരദേശത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ഫയർ ഫോഴ്സ് കണ്‍ട്രോൾ റൂമിൽ നിന്ന് അറിയിച്ചു.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ശക്തമായ മഴ തുടരുന്നതിനിടെയാണ് മലബാറിലെ പ്രധാന നദിയായ ചാലിയാറിൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയത്. കഴിഞ്ഞ വർഷം പ്രളയമുണ്ടായ പുത്തുമലയിലും കനത്ത മഴ തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വയനാടിനോട് ചേർന്ന് കിടക്കുന്ന ദേവാലയിലും കൂർഗ്ഗിലും ശക്തമായ മഴയാണ് പോയ മണിക്കൂറുകളിൽ രേഖപ്പെടുത്തിയത്.
അതേസമയം കോഴിക്കോട് ജില്ലയിലെ കക്കയം ഡാമിൽ ജലനിരപ്പ് ഇനിയുമുയർന്നാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചിട്ടുണ്ട്. 100 സെൻറീമീറ്റർ വരെ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കെഎസ്ഇബി അറിയിക്കുന്നു.
ജലനിരപ്പ് 757.50.മി എത്തിയാൽ ഓഗസ്റ്റ് ആറിന് വൈകുന്നേരം മൂന്നുമണി മുതൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തേണ്ടി വരും. സെക്കൻഡിൽ 100 ക്യൂബിക് വെള്ളമാണ് പുഴയിലേക്ക് വിടുക. നിലവിൽ 751.88മി ആണ് ഡാമിലെ ജലനിരപ്പ്. കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ 204 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.