KeralaNews

പറവൂരില്‍ യുവതി കൊല്ലപ്പെട്ട സംഭവം; സഹോദരി ഓടിപ്പോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

പറവൂര്‍: തീ പിടിച്ച വീടിനുള്ളില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാണാതായ സഹോദരിക്കായി പോലീസ് തെരച്ചില്‍ തുടരുന്നു. പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ (പ്രസാദം) ശിവാനന്ദന്റെ വീട്ടില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മരിച്ചതാരെന്നു വ്യക്തമായിരുന്നില്ല.

ശിവാനന്ദന്റെ പെണ്‍മക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരായിരുന്നു സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. ഇതില്‍ വിസ്മയ ആണ് മരിച്ചതെന്നു കരുതുന്നു. മൃതദേഹത്തിലെ മാലയില്‍ നിന്നു ലഭിച്ച ലോക്കറ്റ് അടിസ്ഥാനമാക്കി മാതാപിതാക്കളാണ് മരിച്ചതു വിസ്മയ ആണെന്ന് പറയുന്നത്. സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും.

അതേസമയം, സഹോദരി ജിത്തുവിനെ കാണാനില്ല. ജിത്തുവാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് നിഗമനം. ജിത്തുവിന്റെ പ്രണയത്തെ എതിര്‍ത്തതാണ് പ്രകോപനം എന്നും സൂചനയുണ്ട്. സംഭവശേഷം ജിത്തു ഓടിപ്പോകുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. വിസ്മയയുടെ മൊബൈല്‍ ഫോണും എടുത്തിട്ടാണ് ജിത്തു കടന്നുകളഞ്ഞത്. ഈ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കായി തെരച്ചില്‍ നടക്കുന്നത്.

മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് നോക്കി മൂത്തമകള്‍ വിസ്മയയാണു മരിച്ചതെന്നു മാതാപിതാക്കള്‍ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഇളയ മകള്‍ ജിത്തുവിനെ കണ്ടെത്തുകയോ, മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്തുകയോ ചെയ്യാതെ ഇക്കാര്യത്തില്‍ ഉറപ്പ് പറയാനാകില്ലെന്നാണ് പോലീസ് നിലപാട്. വീടിന്റെ രണ്ടു മുറികള്‍ പൂര്‍ണമായി കത്തിനശിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു പോലീസ് പറഞ്ഞു.

ശിവാനന്ദനും ഭാര്യ ജിജിയും ഡോക്ടറെ കാണാന്‍ പുറത്തുപോയ സമയത്താണു സംഭവം. രണ്ടാമത്തെ മകള്‍ ജിത്തു രണ്ടു മാസമായി മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലാണ്. ഉച്ചയ്ക്ക് 12ഓടെ മൂത്തമകള്‍ വിസ്മയ അമ്മയെ വിളിച്ച് എപ്പോള്‍ വരുമെന്നു തിരക്കിയിരുന്നു. രണ്ടു മണിക്കു വീണ്ടും വിളിച്ചു. മൂന്നിനു വീടിനകത്തുനിന്നു പുക ഉയരുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടു.

പോലീസും അഗ്‌നിരക്ഷാ സേനയും എത്തിയപ്പോള്‍ വീടിന്റെ ഗേറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. മുന്‍വശത്തെ വാതില്‍ തുറന്നുകിടന്നിരുന്നു. കത്തിനശിച്ച രണ്ട് മുറികളില്‍ ഒന്നിലാണു മൃതദേഹം കിടന്നിരുന്നത്. വാതിലിന്റെ കട്ടിളയില്‍ രക്തപ്പാടുകളുണ്ടായിരുന്നു. വീടിനുള്ളില്‍ മണ്ണെണ്ണയുടെ ഗന്ധവും അനുഭവപ്പെട്ടു.

ഇരുചക്ര വാഹനത്തില്‍ മത്സ്യവില്പന നടത്തുന്നയാളാണു ശിവാനന്ദന്‍. വിസ്മയ ബിബിഎയും എയര്‍ഹോസ്റ്റസ് കോഴ്‌സും ജിത്തു ബിഎസ്സിയും പൂര്‍ത്തിയാക്കിയവരാണ്. ഒരാഴ്ച മുന്‍പു ശിവാനന്ദനെ വീട്ടില്‍ പൂട്ടിയിട്ടു ജിത്തു പുറത്തേക്ക് ഇറങ്ങിപ്പോയ സംഭവമുണ്ടായിരുന്നു. വിസ്മയയുടെ മൊബൈല്‍ ഫോണ്‍ വീട്ടില്‍നിന്നു കാണാതായിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആറോടെ ഞാറയ്ക്കല്‍ ഭാഗത്ത് ടവര്‍ ലൊക്കേഷന്‍ ലഭിച്ചെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി.

സംഭവം നടന്ന വീട്ടില്‍ സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. തീപിടിത്തത്തില്‍ ഇതിന്റെ കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടെങ്കിലും തീ പടരുന്നതിനു മുമ്പുള്ള ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌ക്കില്‍ ഉണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. തീപിടിത്തമുണ്ടായി ഏറെ താമസിയാതെ യുവതി രക്ഷപ്പെട്ടു സുരക്ഷിത സ്ഥാനത്ത് എത്തിയെങ്കില്‍ ഇതിന് ആരുടെ എങ്കിലും സഹായം പുറത്തുനിന്നു ലഭിച്ചോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

സംഭവത്തില്‍ ജിത്തുവുമായി അടുപ്പമുള്ള നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി അറിയുന്നു. ഡിഗ്രിപഠന സമയത്താണ് യുവാവുമായി ജിത്തു പ്രണയത്തിലായത്. എന്നാല്‍, കൊലപാതകവുമായി ബന്ധമില്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. തീപിടിത്തമുണ്ടായ വീട്ടില്‍ വിരലടയാള വിദഗ്ധര്‍ എത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജിലേക്കു മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker