‘ഗാന്ധി രാജ്യം നശിപ്പിച്ചു, അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്സെക്ക് അഭിവാദ്യങ്ങള്‍’: നിലപാടിലുറച്ച് കാളീചരണ്‍ മഹാരാജ്
റായ്പൂര്‍: മഹാത്മാ ഗാന്ധിക്കെതിരായ വിദ്വേഷ നിലപാടിലുറച്ച് ഹിന്ദു മതനേതാവ് സാധു കാളീചരണ്‍ മഹാരാജ്. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന ‘ധരം സന്‍സദ്’ എന്ന പരിപാടിയില്‍ നടത്തിയ പ്രസ്താവന വിവാദം ആവുകയും പൊലീസ് കേസെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സാധു കാളീചരണ്‍ മഹാരാജ് നിലപാട് വ്യക്തമാക്കിയത്.
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചുവെന്നും അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്സെക്ക് അഭിവാദ്യങ്ങള്‍ എന്നുമായിരുന്നു ഇയാളുടെ വിവാദ പരാമര്‍ശം. എഫ്ആഐആര്‍ രജിസ്റ്റര്‍ ചെയ്തത് തന്റെ അഭിപ്രായം മാറ്റില്ലെന്നും പരാമര്‍ശത്തില്‍ ഖേദമില്ലെന്നും സാധു കാളീചരണ്‍ പറയുന്നു. കാളീചരണിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
ഗാന്ധിജിയെ വെറുക്കുന്നത് തുടരുമെന്നുമാണ് വിവാദ പ്രസ്താവനയില്‍ കേസ് എടുത്തതിന് പിന്നാലെ സാധു കാളീചരണ്‍ മഹാരാജ് വിശദമാക്കിയത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ നടത്തിയത്. പരാമര്‍ശങ്ങളില്‍ ഖേദിക്കുന്നില്ലെങ്കില്‍ ധൈര്യമുള്ളയാളായി സാധു കാളീചരണ്‍ മഹാരാജ് പൊലീസിന് കീഴടങ്ങണമെന്ന് ഭൂപേഷ് ഭാഗല്‍ പറയുന്നു.
അല്ലെങ്കില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് സംഘം സാധു കാളീചരണ്‍ മഹാരാജിനെ അറസ്റ്റ് ചെയ്യാനായി എത്തുമെന്നും ഭൂപേഷ് ഭാഗല്‍ മുന്നറിയിപ്പ് നല്‍കി. ഛത്തീസ്ഗഡ് പൊലീസ് സാധു കാളീചരണ്‍ മഹാരാജിനെതിരെ കേസെടുത്തിട്ടുണ്ട്.
‘തന്റെ പുതിയ പ്രഭാഷണത്തില്‍ ഗാന്ധി രാജ്യത്തെ ചതിച്ചു. ഹിന്ദു വിഭാഗത്തിലുള്ളവര്‍ക്കായി എന്ത് ചെയ്തു. ഗാന്ധിയെ രാഷ്ട്ര പിതാവ് എന്ന് ഞാന്‍ വിളിക്കില്ല. ഗാന്ധിയുടേയും നെഹ്‌റുവിന്റേയും രാഷ്ട്രീയം ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ത്യ അമേരിക്കയേക്കാള്‍ വലിയ സുപ്പര്‍ പവര്‍ ആകുമായിരുന്നു. സ്വാതന്ത്ര്യ സമര നേതാക്കളായ ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു, ചന്ദ്രശേഖര്‍ ആസ്ദ്, സുഭാഷ് ചന്ദ്ര ബോസിനേപ്പോലുളളവര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗങ്ങള്‍ ചെയ്തിട്ടില്ലേ ഇവരുടെ തൂക്കുമരം ഗാന്ധിജിക്ക് ഒഴിവാക്കാമായിരുന്നുവെന്നുമാണ് സാധു കാളീചരണ്‍ മഹാരാജ് അഭിപ്രായപ്പെടുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യ പാക് വിഭജനത്തിനിടെ കൊല്ലപ്പെട്ടത്’- സാധു കാളീചരണ്‍ വ്യക്തമാക്കി.
‘രാജ്യത്തിന്റെ സമാധാനത്തിനെതിരെ ആയിരുന്നു ഗാന്ധിയുടെ സമരം. സത്യം പറഞ്ഞതിന്റെ പേരില്‍ മരണം സ്വീകരിക്കേണ്ടി വന്നാലും ഗാന്ധിയെ വെറുക്കുന്നതില്‍ ഖേദിക്കില്ല. ഹിന്ദുമതത്തെ സംരക്ഷിക്കാന്‍ ഒരു ഉറപ്പുള്ള ഹിന്ദു നേതാവിനെ തിരഞ്ഞെടുക്കണം’- സാധു കാളീചരണ്‍ പറഞ്ഞു.