അനുവാദമില്ലാതെ ഫോട്ടോയെടുത്താല്‍ ഒരു കോടി രൂപ പിഴയും തടവും! പുതിയ സൈബര്‍ നിയമവുമായി യു.എ.ഇ
അബുദാബി: വ്യക്തികളുടെ അനുവാദമില്ലാതെ പൊതുസ്ഥലത്ത് ചിത്രമെടുക്കുന്നതിനെതിരെ യു.എ.ഇയില്‍ നിയമനിര്‍മാണം. പുതിയ നിയമപ്രകാരം പൊതുസ്ഥലത്ത് അനുവാദമില്ലാതെ സ്വകാര്യത ലംഘിച്ച് ചിത്രമെടുത്താല്‍ ആറ് മാസം തടവോ 150,000 മുതല്‍ 500,000 ദിര്‍ഹം വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും.
പൗരന്മാരുടെ സ്വകാര്യത മാനിച്ചാണ് യു.എ.ഇയില്‍ പുതിയ സൈബര്‍ നിയമം നിര്‍മിച്ചിരിക്കുന്നത്. 2022 ജനുവരി രണ്ട് മുതലാണ് നിയമം നിലവില്‍ വരുന്നത്. പുതിയ നിയമപ്രകാരം ബാങ്ക്, മാധ്യമം, ആരോഗ്യം, സയന്‍സ് മേഖലകളിലെ ഡാറ്റാ സിസ്റ്റങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതും ശിക്ഷാ പരിധിയില്‍ പെടും. ഇതിന് പുറമെ വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാര്‍ത്ത പ്രചരണം, അധിക്ഷേപ പ്രചരണം എന്നിവയും നിയമപരിധിയില്‍ വരുന്നവയാണ്.
സര്‍ക്കാര്‍ സ്ഥാപനത്തിന്റെയോ സുപ്രധാന സ്ഥാപനത്തിന്റെയോ വെബ്‌സൈറ്റ് മനഃപൂര്‍വം നശിപ്പിക്കുകയോ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ ചെയ്യുന്ന ആര്‍ക്കും 500,000 ദിര്‍ഹം മുതല്‍ 3 ദശലക്ഷം ദിര്‍ഹം വരെ പിഴയും തടവും ലഭിക്കുമെന്ന് നിയമത്തില്‍ പറയുന്നുണ്ട്.
കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നത് യു.എ.ഇ.ക്ക് പുറത്തുള്ള ആളുകളോ വെബ് പ്ലാറ്റ്ഫോമുകളോ ആണെങ്കില്‍പ്പോലും നടപടികള്‍ സ്വീകരിക്കുന്നതിന് സൈബര്‍ ക്രൈം നിയമത്തിലെ ഭേദഗതികള്‍ സാധുത നല്‍കുന്നുണ്ട്.