InternationalNews

പാക്കിസ്ഥാന്‍ സമ്പന്നതയിലേക്ക് ! സമുദ്രാതിര്‍ത്തിയില്‍ വന്‍ എണ്ണ, വാതക ശേഖരം കണ്ടെത്തി; ലോകത്തെ നാലാമത്തെ വലിയ എണ്ണ-വാതക ശേഖഖം

ഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുകയാണ് പാക്കിസ്ഥാന്‍. ലോകബാങ്കില്‍ നിന്നും വീണ്ടും കടമെടുക്കാനുള്ള അവസരം തേടുകയാണ് അവര്‍. ഇത്തരത്തില്‍ വലിയ പ്രതിസന്ധിയില്‍ നില്‍ക്കുന്ന പാക്കിസ്ഥാന് ഭാവിയെ കുറിച്ച് ആശ്വാസം പകരുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. പാക്കിസ്ഥാന്റെ സമുദ്രാതിര്‍ത്തിയില്‍ വന്‍തോതില്‍ എണ്ണ-വാതക ശേഖരം കണ്ടെത്തിയെന്നാണ് വാര്‍ത്ത. ഈ കണ്ടത്തെത്തല്‍ ലോകത്തിലെ തന്നെ നാലാമത്തെ വലിയ എണ്ണ-വാതക ശേഖരമാണെന്ന് സൂചനയുണ്ടെന്നാണ് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

പാക്കിസ്താന്റെ സമുദ്രാതിര്‍ത്തിയിലാണ് പെട്രോളിയത്തിന്റെയും പ്രകൃതിവാതകത്തിന്റയും വന്‍ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. എണ്ണ, വാതക ശേഖരത്തിന്റെ സാന്നിധ്യം പരിശോധിക്കാന്‍ ഒരു സൗഹൃദ രാജ്യവുമായി സഹകരിച്ച് മൂന്ന് വര്‍ഷത്തെ സര്‍വേ നടത്തിയതായി മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ഡോണ്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂമിശാസ്ത്രപരമായ സര്‍വേയിലൂടെ നിക്ഷേപങ്ങളുടെ സ്ഥാനം തിരിച്ചറിയാനായെന്നും കടലില്‍ കണ്ടെത്തിയ വിഭവങ്ങളെക്കുറിച്ച് സര്‍ക്കാറിനെ അറിയിച്ചതായും പറയുന്നു.

'നീല ജല സമ്പദ്വ്യവസ്ഥ' എന്ന് ഇതിനെ വിശേഷിപ്പിച്ച ഉദ്യോഗസ്ഥന്‍ പര്യവേക്ഷണത്തിനും ലേലത്തിനുമുള്ള നിര്‍ദേശങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സമീപഭാവിയില്‍ തന്നെ പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നും പറഞ്ഞു. എങ്കിലും കിണര്‍ കുഴിക്കുന്നതിനും എണ്ണ പുറത്തെടുക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് വര്‍ഷങ്ങളെടുക്കും. 'നീല ജല സമ്പദ്വ്യവസ്ഥ'ക്ക് എണ്ണയും വാതകവും മാത്രമല്ല, മറ്റു കൂടുതല്‍ വിളവുകള്‍ നല്‍കാനും കഴിയും. സമുദ്രത്തില്‍നിന്ന് ഖനനം ചെയ്യാന്‍ കഴിയുന്ന വിലയേറിയ ഇതര ധാതുക്കളും മൂലകങ്ങളും ഉണ്ട്.

ഈ കണ്ടെത്തല്‍ ലോകത്തിലെ നാലാമത്തെ വലിയ എണ്ണ-വാതക ശേഖരമാണെന്നും സൂചനകളുണ്ട് എന്നത് പാക്കിസ്ഥാന് പ്രതീക്ഷ നല്‍കുന്നതാണ്. നിലവില്‍ വെനിസ്വേല 3.4 ബില്യണ്‍ ബാരലുമായി എണ്ണ ശേഖരത്തില്‍ മുന്‍പന്തിയിലാണ്. എന്നാല്‍, യു.എസിലാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കാത്ത 'ഷെയ്ല്‍' എണ്ണ ശേഖരം ഉള്ളത്. സൗദി അറേബ്യ, ഇറാന്‍, കാനഡ, ഇറാഖ് എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ബാക്കിയുള്ളത്.

രാജ്യം ശുഭാപ്തിവിശ്വാസത്തിലാണെങ്കിലും കരുതല്‍ ശേഖരം പ്രതീക്ഷിച്ചതുപോലെ കണ്ടെത്താനാവുമോയെന്ന് 100 ശതമാനം ഉറപ്പില്ലെന്ന് ഡോണ്‍ ടി.വിയോട് സംസാരിക്കവേ മുന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി അംഗം മുഹമ്മദ് ആരിഫ് പറഞ്ഞു. രാജ്യത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ കരുതല്‍ ശേഖരം മതിയോ എന്ന് ചോദിച്ചപ്പോള്‍ അത് ഖനനനിരക്കിനെയും ഉല്‍പാദനത്തിന്റെ അളവിനെയും ആശ്രയിച്ചിരിക്കുമെന്നായിരുന്നു മറുപടി.

'ഇതൊരു ഗ്യാസ് റിസര്‍വ് ആണെങ്കില്‍ ഇതിന് എല്‍.എന്‍.ജി ഇറക്കുമതിക്ക് പകരം വെക്കാന്‍ കഴിയും. ഇവ എണ്ണ ശേഖരമാണെങ്കില്‍ ഇറക്കുമതി ചെയ്യുന്ന എണ്ണക്ക് പകരം വെക്കാനുമാവും. എന്നിരുന്നാലും, കരുതല്‍ ശേഖരത്തിന്റെ സാധ്യതകള്‍ വിശകലനം ചെയ്യുകയും ഖനന പ്രക്രിയ ആരംഭിക്കുകയും ചെയ്യുന്നതുവരെ ഇത് 'ആഗ്രഹ' മാണെന്നും അദ്ദേഹം പ്രതികരിച്ചു.

പര്യവേക്ഷണത്തിന് മാത്രം ഏകദേശം 500 കോടി യു.എസ് ഡോളറിന്റെ വന്‍ നിക്ഷേപം ആവശ്യമാണെന്നും ഒരു തീരത്തുനിന്ന് കരുതല്‍ ശേഖരം വേര്‍തിരിച്ചെടുക്കാന്‍ നാലോ അഞ്ചോ വര്‍ഷമെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരുതല്‍ ശേഖരം കണ്ടെത്താനായാല്‍ കിണറുകള്‍ക്കായി കൂടുതല്‍ നിക്ഷേപം ആവശ്യമായി വരുമെന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ കൃഷ്ണ ഗോദാവരി നദീതടത്തില്‍ എണ്ണ-വാതക ശേഖരം വന്‍തോതില്‍ കണ്ടെത്തിയിരുന്നു. ഇവിടെ നിന്നും എണ്ണ ഉല്‍പ്പാദനവും ആരംഭിച്ചിട്ടുണ്ട്. ഇത് രാജ്യത്തിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഇതിനിടെയാണ് അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ എണ്ണശേഖരം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker