KeralaNews

എം ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാവ് രാംമാധവിനെയും കണ്ടു;വിവാദം കത്തുന്നു

തിരുവനന്തപുരം: ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ചയില്‍ വിവാദം കത്തിനില്‍ക്കെ, എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് രാംമാധവിനേയും കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി നേരത്തെ തന്നെ അറിഞ്ഞിരിക്കാന്‍ സാധ്യതയുള്ളതാണ് ഈ വിവരം. എന്നിട്ടും ഇപ്പോഴാണ് ഇതേചൊല്ലം വിവാദം ഉണ്ടാകുന്നത്. ആര്‍എസ്എസ് നേതാക്കളുമായി തുടര്‍ച്ചയായി എഡിജിപി എന്തിന് കണ്ടു എന്നതാണ് അറിയേണ്ട കാര്യം.

കോവളത്തെ ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച എന്നാണ് വിവരം. ബി.ജെ.പി. മുന്‍ ജനറല്‍ സെക്രട്ടറികൂടിയായ രാംമാധവുമായി രണ്ടുതവണ എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. അതേസമയം, കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളില്‍ തൃശ്ശൂരും ഗുരുവായൂരിലുമായി അജിത്ത് കുമാര്‍ സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, പ്രധാനമന്ത്രി അടക്കമുള്ളവര്‍ വരുന്ന ചടങ്ങിന്റെ സുരക്ഷാ ചുമതലയുടെ ഭാഗമാണ് ഇതെന്ന് വിശദീകരിക്കാം,.

2014 മുതല്‍ 2020 വരെ ബി.ജെ.പി. സംഘടനാ കാര്യങ്ങളില്‍ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു രാം മാധവ്. ജമ്മു-കശ്മീരിലെ 2014-ലെ തിരഞ്ഞെടുപ്പിനുശേഷം പി.ഡി.പി.യുമായി ബി.ജെ.പി. സഖ്യമുണ്ടാക്കിയതില്‍ രാം മാധവിന് നിര്‍ണായക പങ്കുണ്ടായിരുന്നു. 2020-ലാണ് ഇദ്ദേഹത്തെ ബി.ജെ.പി. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുന്നത്. ജമ്മു-കശ്മീര്‍ തിരഞ്ഞെടുപ്പിന്റെ ചുമതല രാംമാധവിനും കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിക്കും കഴിഞ്ഞദിവസം ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ നല്‍കിയിരുന്നു.

നിരവധി രാഷ്ട്രീയ പരീക്ഷണങ്ങള്‍ നടത്തി, രാഷ്ട്രീയവൃത്തങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ച രാം മാധവുമായി എ.ഡി.ജി.പി സ്ഥാനത്തുള്ള എം.ആര്‍. അജിത് കുമാര്‍ എന്തിനാണ് പലതവണ കൂടിക്കാഴ്ച നടത്തിയതെന്ന ചോദ്യമാണ് ഉയരുന്നത്. നേരത്തെ ആര്‍എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ തൃശൂരില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ദിവസം എഡിജിപി എം.ആര്‍.അജിത്കുമാര്‍ അവിടെയെന്നതിന് സ്ഥിരീകരണം പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയെ ഇക്കാര്യം അജിത് കുമാര്‍ രേഖാമൂലം അറിയിച്ചു. സ്വകാര്യ സന്ദര്‍ശനമായിരുന്നു ഇതെന്നാണ് അജിത് കുമാറിന്റെ വിശദീകരണം. ഇതോടെ തൃശൂര്‍ പൂരം കലക്കല്‍ വിവാദവും ആളിക്കത്തിയിരുന്നു.

ആര്‍എസ്എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് 2023 മേയ് 22ന് എഡിജിപി എത്തിയതെന്നും തൃശൂര്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഹോട്ടലില്‍ ആരെ കണ്ടെന്നു കണ്ടെത്താനായില്ല. ആറ്റുകാല്‍ സ്വദേശിയാണ് അജിത് കുമാര്‍. തൊട്ടടുത്ത് കൈമനത്താണ് വിജ്ഞാന്‍ ഭാരതിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ ജയകുമാറിന്റെ വീട്. തനിക്കൊപ്പം പഠിച്ച ആളുമായാണ് ആര്‍ എസ് എസ് നേതാവിനെ കണ്ടതെന്നാണ് അജിത് കുമാറിന്റെ വിശദീകരണം. അങ്ങനെ എങ്കില്‍ അജിത് കുമാറും ജയകുമാറും ഒരുമിച്ച് പഠിച്ചിരിക്കാന്‍ സാധ്യത ഏറെയാണ്. ഒരു ജില്ലാ കോണ്‍ഗ്രസ് നേതാവിന്റെ സഹോദരനാണ് ജയകുമാര്‍. കോണ്‍ഗ്രസിന്റെ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാനിയുടെ അടുത്ത ബന്ധുവും. സഹപാഠിക്കൊപ്പമാണ് പോയതെന്നാണ് അജിത് കുമാര്‍ നല്‍കുന്ന വിശദീകരണം.

ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായതിനാല്‍ അജിത്കുമാറിന്റെ വാഹനത്തിന്റെ ലോഗ്ബുക്ക് പരിശോധിച്ചാല്‍ എവിടെയെല്ലാം പോയെന്നു വ്യക്തമാകും. അതിനാല്‍ ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്ഞാനഭാരതി ഭാരവാഹി സ്വയം ഓടിച്ചുവന്ന കാറിലായിരുന്നു യാത്ര. ഹോട്ടലിനു മുന്‍പിലെ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നു പൊലീസ് ഉന്നതര്‍ പറയുന്നു. ഇതു സ്വകാര്യ സന്ദര്‍ശനമായിരുന്നുവെന്ന് അജിത് കുമാറും സമ്മതിക്കുമ്പോള്‍ ഇനിയും പ്രതിപക്ഷം കൂടിക്കാഴ്ച വിവാദമാക്കും. തൃശൂര്‍ പൂരം കലക്കാനായിരുന്നു കൂടിയാലോചനയെന്നാണ് പ്രതിപക്ഷ ആരോപണം. ഇതും പോലീസ് മേധാവിയുടെ നേതൃത്വത്തിലെ സംഘം അന്വേഷിക്കും.

സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അടുത്തദിവസം തന്നെ മേലുദ്യോഗസ്ഥര്‍ വഴി സംസ്ഥാന പൊലീസ് മേധാവിക്കും ഇന്റലിജന്‍സ് മേധാവിക്കും സര്‍ക്കാരിനും ലഭിച്ചിരുന്നു. റിപ്പോര്‍ട്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പെടാത്തതിനാല്‍ പുറത്തേക്കു വരില്ല. എഡിജിപി എം.ആര്‍.അജിത്കുമാര്‍ മുഖ്യമന്ത്രിക്കു വേണ്ടി ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണു വെളിപ്പെടുത്തിയത്. ഇക്കാര്യം ആഭ്യന്തരവകുപ്പ് ഇതുവരെ നിഷേധിച്ചിട്ടില്ല. നിഷേധിച്ചാല്‍ ബാക്കി തെളിവ് പുറത്തുവിടുമെന്നും സതീശന്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് കൂടിക്കാഴ്ചയില്‍ സ്ഥിരീകരണം വരുന്നത്. അതുകൊണ്ട് തന്നെ ഈ കൂടിക്കാഴ്ച പ്രതിപക്ഷം വലിയ ആയുധമാക്കിയിട്ടുണ്ട്.

വിജ്ഞാന്‍ ഭാരതിയുടെ നേതാവ് ജയകുമാര്‍ ആര്‍ എസ് എസ് പ്രചാരകനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം ജയകുമാറിനുണ്ട്. ജയകുമാറിനൊപ്പമാണോ അജിത് കുമാര്‍ പോയതെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ ഈ സംഘടനയിലെ മലയാളിയായ പ്രധാനി ജയകുമാറാണ്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി പോലും പരിഗണിക്കാന്‍ സാധ്യതയുള്ള നേതാവാണ് ജയകുമാര്‍. കേന്ദ്ര ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെ സുപ്രധാന തീരുമാനമെല്ലാം കേന്ദ്രം എടുക്കുന്നതും ജയകുമാറിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ്. കേരളത്തിലെ പരിവാര്‍ നേതാക്കളില്‍ കേന്ദ്ര സര്‍ക്കാരില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തി കൂടിയാണ് ജയകുമാര്‍ എന്നതും നിര്‍ണ്ണായകമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker