KeralaNews

രോഗിയുടെ തല സർജറി ചെയ്യാന്‍ 13 കാരിയായ മകളെ ഡോക്ടർ അനുവദിച്ചെന്ന് ആരോപണം; സംഭവം ഓസ്ട്രിയയില്‍

ഗ്രാസ് ‘ ശസ്ത്രക്രിയ സമയത്ത് രോഗിയുടെ തലയോട്ടിയിൽ ഒരു ദ്വാരം തീര്‍ക്കാന്‍ ഡോക്ടര്‍ തന്‍റെ 13 വയസ്സുള്ള മകളെ അനുവദിച്ചെന്ന ആരോപണം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ജനുവരിയിൽ 33 വയസ്സുള്ള ഒരാള്‍ അപകടത്തെ തുടര്‍ന്നാണ് ഓസ്ട്രിയൻ നഗരമായ ഗ്രാസിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ പ്രവേശിക്കപ്പെട്ടത്.

ഓപ്പറേഷന് മുമ്പ് സർജന്‍ തന്‍റെ മകളെ പരിക്കേറ്റയാളുടെ തലയില്‍ ദ്വാരമിടാന്‍ അനുവദിക്കുകയായിരുന്നു എന്നാണ് ഉയര്‍ന്ന ആരോപണം. അന്വേഷണം നേരിടുന്ന വനിതാ ന്യൂറോ സർജന്‍റെ പേര് സുരക്ഷാ കാരണങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ആരോപണം ഉയര്‍ന്നെങ്കിലും സര്‍ജറി വിജയകരമായിരുന്നെന്നും രോഗി സുഖപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഓപ്പറേഷന്‍ തീയ്യറ്ററില്‍ പ്രായപൂർത്തിയാകാത്ത ആളെ സർജറിക്ക് ഉപയോഗിച്ചതിനെ കുറിച്ച് ഗ്രാസിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിൽ അജ്ഞാത പരാതി ലഭിച്ചെങ്കിലും ജൂലൈ വരെ വെളിച്ചം കണ്ടില്ല. അതേസമയം പരാതി മാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

ഓപ്പറേഷൻ നടത്തിയ സർജനെയും അവരെ സഹായിച്ച സീനിയർ സർജനെയും താൽക്കാലികമായി സസ്പെൻഡ് ചെയ്തതായി ഗ്രാസ് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ഒപ്പം ശസ്ത്രക്രിയാ വേളയില്‍ ഡോക്ടറോടൊപ്പമുണ്ടായിരുന്ന അഞ്ച് ആശുപത്രി ജീവനക്കാർക്കെതിരെ ‘ശിക്ഷാർഹമായ ഒരു പ്രവൃത്തി തടയുന്നതിൽ പരാജയപ്പെട്ടു’ എന്ന കുറ്റം ചുമത്തി അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം, തന്‍റെ തലയോട്ടി സർജറിയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയും പങ്കെടുത്തു എന്നതിനെ കുറിച്ച് മാധ്യമ വാര്‍ത്തയിലൂടെയാണ് അറിഞ്ഞതെന്ന് അന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അദ്ദേഹം കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. തന്‍റെ ക്ലൈറ്റിന് ഇത് മൂലമുണ്ടായ വേദനയ്ക്കും കഷ്ടപ്പാടുകൾക്കും നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകനായ പീറ്റർ ഫ്രീബർഗർ മാധ്യമങ്ങളെ അറിയിച്ചു.

ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും അദ്ദേഹത്തിന് ജോലി ചെയ്യാൻ കഴിയുന്നില്ലെന്നും പീറ്റര്‍ ആരോപിച്ചു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തി ശസ്ത്രക്രിയയില്‍ പങ്കെടുത്തു എന്നതിന് വ്യക്തമായ തെളിവില്ലെന്നായിരുന്നു സംഭവത്തോട് പ്രതികരിക്കവെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗ്രാസ് അറിയിച്ചത്. അതേസമയം സംഭവത്തില്‍ ആശുപത്രി അധികൃതര്‍ ഖേദം പ്രകടിപ്പിക്കുകയും  മാപ്പ് പറയുകയും ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker