ഒന്നും വേണ്ടായിരുന്നു; ശ്രീനിയേട്ടൻ എന്തിനിങ്ങനെയൊക്കെ പറയുന്നു; മോഹൻലാലിനെ കുറ്റപ്പെടുത്തിയതിൽ സിദ്ദിഖ്
കൊച്ചി:മലയാള സിനിമയിലെ ഒരു കാലത്തെ ഹിറ്റ് കോംബോ ആയിരുന്നു മോഹൻലാലും ശ്രീനിവാസനും. രണ്ട് പേരും നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടിണ്ട്. കിളിച്ചുണ്ടൻ മാമ്പഴം, അക്കരെ അക്കരെ അക്കരെ, വരവേൽപ്പ്, മിഥുനം, അയാൾ കഥയെഴുതുകയാണ് തുടങ്ങി നിരവധി സിനിമകൾ ഇതിനുദാഹരണമാണ്. ദാസനും വിജയനും എന്നീ കഥാപാത്രങ്ങളായി രണ്ട് പേരും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. എന്നാൽ ഓൺസ്ക്രീനിലെ ഇരുവരുടെ സൗഹൃദം പലപ്പോഴും ഓഫ് സ്ക്രീനിൽ ഉണ്ടായിട്ടില്ല.
അത് വ്യക്തമാക്കുന്ന പല പ്രസ്താവനകളും പ്രവൃത്തികളും ഇക്കാലയളവിനിടെയുണ്ടായി. മോഹൻലാലിനെ അപമാനിക്കാൻ വേണ്ടിയാണ് സരോജ് കുമാർ എന്ന സിനിമ ശ്രീനിവാസനെടുത്തതെന്ന് വരെ ആരോപണം വന്നിരുന്നു. എന്നാൽ ശ്രീനിവാസനെതിരെ ഒരിക്കൽ പോലും മോഹൻലാൽ രംഗത്ത് വന്നിട്ടില്ല. ശ്രീനിവാസനോട് തനിക്ക് സ്നേഹം മാത്രമേ ഉള്ളൂയെന്ന് നടൻ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.
അസുഖ ബാധിതനായി ഏറെനാൾ ചികിത്സയിലായിരുന്ന ശ്രീനിവാസൻ പൊതുവേദിയിലെത്തിയപ്പോൾ മോഹൻലാൽ അദ്ദേഹത്തെ ആശ്ലേഷിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദാസനും വിജയനും വീണ്ടും കണ്ടെന്ന പോലെ ആരാധകർ ഈ ഫോട്ടോ ആഷോഷമാക്കിയെങ്കിലും ഇതെല്ലാം തകർത്ത് കൊണ്ടുള്ള പ്രസ്താവന ശ്രീനിവാസൻ കഴിഞ്ഞ ദിവസം നടത്തി.
മോഹൻലാലിനെ കംപ്ലീറ്റ് ആക്ടറെന്ന് വിളിക്കുന്നത് വെറുതയല്ല, കാപട്യക്കാരനാണ്, തുടങ്ങിയ പ്രസ്താവനകൾ ശ്രീനിവാസൻ നടത്തി. പിന്നാലെ ശ്രീനിവാസന് നേരെ വ്യാപക വിമർശനവും വന്നു. എന്തിനാണ് എപ്പോഴും മോഹൻലാലിനെ ഇകഴ്ത്തി സംസാരിക്കുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം. പതിവ് പോലെ മോഹൻലാൽ ഇത്തവണയും ശ്രീനിവാസന്റെ പ്രസ്താവനയിൽ പ്രതികരിച്ചിട്ടില്ല.
ഇപ്പോഴിതാ വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് സിദ്ദിഖ്. മൂവീസ് വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അങ്ങനെയൊന്നും വേണ്ടായിരുന്നു എന്നാണ് തോന്നുന്നത്. എന്തിനാണ് ശ്രീനിയേട്ടൻ അങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നും. ശ്രീനിയേട്ടൻ നമ്മൾ അത്രയും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ശ്രീനിയേട്ടന്റെ വായിൽ നിന്നൊക്കെ ആർക്കും വിഷമമുണ്ടാവുന്ന വാക്കുകൾ വരുന്നത് എനിക്കൊട്ടും ഇഷ്ടമല്ല. അങ്ങനെ സംഭവിച്ച് പോയതായിരിക്കാം,’ സിദ്ദിഖ് പറഞ്ഞു.
മോഹൻലാൽ അതൊരു പ്രശ്നമാക്കാനാഗ്രഹിക്കുന്നില്ല. അതങ്ങനെയങ്ങ് തേഞ്ഞ് മാഞ്ഞ് പോട്ടെയെന്നാണ് തന്റെ അഭിപ്രായമെന്നും സിദ്ദിഖ് വ്യക്തമാക്കി. രണ്ട് പേരും ഉണ്ടാക്കിയ സിനിമകളും ഡയലോഗുകളും ഇന്നും പ്രേക്ഷക മനസ്സിലുണ്ടെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി. ശ്രീനിവാസന് മോഹൻലാലിനോടുള്ള അകൽച്ചയ്ക്ക് കാരണമെന്തെന്ന് വ്യക്തമല്ല. ഇതൊരിടത്തും നടൻ പറഞ്ഞിട്ടില്ല. പക്ഷെ മോഹൻലാലിനെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്യും.
മോഹൻലാൽ കേണൽ പദവി ചോദിച്ച് വാങ്ങിയതാണെന്ന പരാമർശവും കഴിഞ്ഞ ദിവസം ശ്രീനിവാസന്റെ ഭാഗത്ത് നിന്നുണ്ടായി. രാജീവ് നാഥ് എന്നൊരു സംവിധായകനുണ്ട്. പുള്ളി സൈനിക സ്കൂളിൽ പഠിച്ചതാണ്. കപിൽദേവിന് കേണൽ പദവി കിട്ടിയപ്പോൾ മോഹൻലാൽ രാജീവ് നാഥിനെ വിളിച്ചു. താൻ ഒരുപാട് സിനിമകളിൽ സൈനികനായി അഭിനയിച്ചിട്ടുണ്ട്. കേണൽ പദവി കിട്ടാൻ സാധ്യതയുണ്ടോ എന്ന് ചോദിച്ചു. ഇതാണ് തനിക്ക് സരോജ്കുമാർ എന്ന സിനിമയെടുക്കാനുള്ള പ്രചോദനമെന്നും ശ്രീനിവാസൻ പറഞ്ഞു.
പൊതുവെ ആരോപണങ്ങളോടൊന്നും പ്രതികരിക്കാത്ത വ്യക്തിയാണ് മോഹൻലാൽ. ഇതാണ് ശ്രീനിവാസൻ മുതലെടുക്കുന്നതെന്നാണ് ആരാധകരുടെ പക്ഷം. ഏറെ നാളുകൾക്ക് ശേഷം കുറുക്കൻ എന്ന സിനിമയിൽ ശ്രീനിവാസൻ അഭിനയിച്ചിട്ടുണ്ട്. മറുവശത്ത് മോഹൻലാലും കരിയറിന്റെ തിരക്കുകളിലാണ്. മാലിക്കോട്ടെെ വാലിബൻ എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആരാധകർക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയുമാണിത്. കരിയറിൽ ഒരു വലിയ ഹിറ്റ് മോഹൻലാലിന് ലഭിച്ചിട്ട് നാളുകളായി. അതിനാൽ ആരാധകർക്ക് ഈ സിനിമയിൽ വലിയ പ്രതീക്ഷയുണ്ട്.