CrimeNews

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിന്റെ പേരില്‍ 2021ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 31,000 കേസുകള്‍; പകുതിയിലധികവും ഉത്തര്‍പ്രദേശില്‍ നിന്ന്

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി ദേശീയ വനിതാ കമ്മീഷന്‍ (എന്‍.സി.ഡബ്ല്യു) റിപ്പോര്‍ട്ട്. 2021ല്‍ മാത്രം ഏകദേശം 31,000 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നതെന്നും, 2014ന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന നിരക്കാണ് ഇതെന്നുമാണ് എന്‍.സി.ഡബ്ല്യുവിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2020നെ അപേക്ഷിച്ച് സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ 30 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് എന്‍.സി.ഡബ്ല്യു പറയുന്നത്. 2020ല്‍ 23,722 കേസുകളായിരുന്നത് 2021ല്‍ 31,000 ആയി വര്‍ധിക്കുകയായിരുന്നു.

രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ 11,013 എണ്ണം മാനസിക പീഡനത്തിനും, 6,633 കേസുകള്‍ ഗാര്‍ഹിക പീഡനത്തിനും 4,589 കേസുകള്‍ സ്ത്രീധനവിഷയവുമായി ബന്ധപ്പെട്ടതുമാണ്. കമ്മീഷന്റെ കണക്കുപ്രകാരം പകുതിയിലധികം കേസുകളും ഉത്തര്‍പ്രദേശില്‍ നിന്നുമാണ്. 15,828 കേസുകളാണ് ഉത്തര്‍പ്രദേശില്‍ നിന്നും രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ അധികം കേസുകളാണ് ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

രാജ്യതലസ്ഥാനമായ ദല്‍ഹിയാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ രണ്ടാമതുള്ളത്. 3,336 കേസുകളാണ് ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര 1,504, ഹരിയാന 1,460, ബീഹാര്‍ 1,456 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍. 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 33,906 പരാതികളാണ് 2014ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്. വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരായതിന്റെ അടിസ്ഥാനത്തിലാണ് പരാതികള്‍ വര്‍ധിച്ചതെന്നാണ് വനിതാ കമ്മീഷന്‍ മേധാവിയായ രേഖ ശര്‍മ പറയുന്നത്.

‘വനിതാ കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ ആളുകളിലേക്കെത്തിയിരിക്കുന്നു. ഇക്കാരണത്താലാണ് പരാതികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി പുതിയ പദ്ധതികളും കമ്മീഷന്‍ ആവിഷ്‌കരിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് പരാതി നല്‍കാന്‍ സഹായിക്കുന്നതിനായി ഒരു ഹെല്‍പ് ലൈന്‍ നമ്പറും നല്‍കിയിട്ടുണ്ട്,’ രേഖ ശര്‍മ പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ഓരോ മാസത്തിലും 3,100 പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നും, ഇതിന് മുമ്പ്, 2018ല്‍, മീ റ്റൂ ക്യാംപെയ്നിന്റെ സമയത്തായിരുന്നു ഒരു മാസത്തില്‍ 3,000ലധികം പരാതികള്‍ ലഭിച്ചിട്ടുള്ളതെന്നുമാണ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.

എന്‍.സി.ഡബ്ല്യു പുറത്തു വിട്ട കണക്കുപ്രകാരം സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട 1,819 പരാതികളും ബലാത്സംഗം ബലാത്സംഗശ്രമം എന്നിവയുമായി ബന്ധപ്പെട്ട് 1,675 പരാതികളും പൊലീസിന്റെ അനാസ്ഥയുടെ ഭാഗമായി 1,537 പരാതികളും സൈബര്‍ കുറ്റകൃത്യങ്ങളുടെ 858 പരാതികളുമാണ് ലഭിച്ചിട്ടുള്ളത്. പരാതികളുടെ എണ്ണത്തിലുള്ള വര്‍ധനവ് സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങളെ കുറിച്ച് ബോധവതികളാവുന്നതിന്റെയും തെറ്റിനെതിരെ പ്രതികരിക്കാന്‍ തുടങ്ങിയതിന്റെ അടയാളമായും കണക്കാക്കുന്നുവെന്നാണ് ഒരു എന്‍.ജി.ഓ ഫൗണ്ടേഷന്റെ സ്ഥാപകയായ ആകാന്ച ശ്രീവാസ്തവ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker