മനമുരുകി പ്രാർഥിച്ച എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അർജുൻ: മോഹൻലാൽ
കൊച്ചി:കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍നിന്ന് കണ്ടെത്തിയിരുന്നു. ലോറിയുടെ കാബിനിൽനിന്ന് മൃതദേഹവും കണ്ടെത്തി. ലോറിയുടെ ഡ്രൈവറായിരുന്ന അര്‍ജുന്റേതാണ് മൃതദേഹമെന്ന് ഉത്തര കന്നഡ എസ്പി അറിയിച്ചിട്ടുണ്ട്.
അർജുൻ്റെ കുടുംബത്തിന് ആശ്വാസവാക്കുകൾ നേർന്നുകൊണ്ട് സിനിമാലോകം എത്തി. ഇപ്പോഴിതാ അര്‍ജുന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. മനമുരുകി പ്രാർഥിച്ച എല്ലാവരുടേയും ഹൃദയങ്ങളിൽ അർജുൻ നൊമ്പരമായി മാറിയെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
‘മനമുരുകി പ്രാർഥിച്ച നാം എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അർജുൻ..
പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ’, മോഹൻലാലിൻ്റെ വാക്കുകൾ.
മൂന്നാംഘട്ടത്തിലുള്ള തിരച്ചിലില്‍ ഡ്രഡ്ജിങ് നടത്തിയാണ് ലോറി പുഴയില്‍നിന്ന് കണ്ടെടുത്തത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫും ബന്ധപ്പെട്ടവരും സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു മണ്ണിടിച്ചിലുണ്ടായി അര്‍ജുന്റെ ലോറി അപകടത്തില്‍പ്പെട്ടത്. ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയില്‍നിന്ന് അക്കേഷ്യ മരത്തടി കയറ്റി എടവണ്ണയിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് അര്‍ജുന്‍ അപകടത്തിൽപ്പെട്ടത്.