Featuredhome bannerHome-bannerKeralaNews

പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു;ഭക്തിസാന്ദ്രമായി ശബരിമല

ശബരിമല: അയ്യനെ കാണാൻ മലകയറിയെത്തിയ ഭക്തജനലക്ഷങ്ങള്‍ക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ദര്‍ശനപുണ്യവുമായി ഭക്തജനലക്ഷങ്ങള്‍. കറുപ്പില്‍ മുങ്ങിയ ശബരിമലക്കാടുകള്‍ ശരണമന്ത്രങ്ങളാല്‍ മുഖരിതമായി. വൈകിട്ട് ആറരയോടു കൂടി ശ്രീകോവിൽ നടതുറന്നു. തുടർന്ന് പൊന്നമ്പലമേട്ടിൽ ഭക്തജനലക്ഷങ്ങൾ ശരണംവിളികളോടെ മൂന്ന് തവണ മകരവിളക്ക് ദർശിച്ചു.

പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ വൻ വരവേൽപ്പോടെയാണ് അയ്യപ്പസന്നിധിയിലേക്ക് എത്തിയത്. വൈകിട്ട് ആറ് മണിയോടെ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് സന്നിധാനത്തേക്ക് ആനയിക്കുകയും പതിനെട്ടാംപടി കയറി സോപാനത്തില്‍ എത്തിയപ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുകയും ചെയ്തു.

മകരവിളക്ക് ദൃശ്യമാകുന്ന എല്ലായിടത്തും അയ്യപ്പൻമാരുടെ വൻസംഘമാണ് തമ്പടിച്ചിരുന്നത്. സുരക്ഷയ്ക്കും ദർശനത്തിനും മുൻഗണന നൽകിയുള്ള പ്രവർത്തനം അധികൃതർ നേരത്തെ തന്നെ നടത്തിയിരുന്നു. സന്നിധാനത്തിന് പുറമെ പമ്പ ഹിൽട്ടോപ് അടക്കം പഞ്ഞിപ്പാറ, നെല്ലിമല, അയ്യൻമല, ഇലവുങ്കൽ, അട്ടത്തോട്, പടിഞ്ഞാറേ കോളനി തുടങ്ങിയ വ്യൂ പോയിന്റുകളായിരുന്നു ഒരുക്കിയിരുന്നത്. കനത്ത സുരക്ഷയാണ് എല്ലാ വ്യൂ പോയിന്റുകളിലും ഒരുക്കിയിരിക്കുന്നത്.

ഭക്തരുടെ തിരക്ക് മുന്നിൽകണ്ട് സന്നിധാനത്ത് വിവിധ സെക്ടറുകൾ ഉൾപ്പെടുന്ന രണ്ട് ഡിവിഷനുകളായി തിരിച്ച് രണ്ട് എസ്.പി.മാർക്ക് പ്രത്യേക ചുമതല നൽകിയിരുന്നു. പാണ്ടിത്താവളം മുതൽ ബെയ്‌ലിപ്പാലം വരെ ഒരു ഡിവിഷനും വടക്കേനടയും തിരുമുറ്റവും മാളികപ്പുറവുമടങ്ങുന്ന കേന്ദ്രങ്ങൾ മറ്റൊരു ഡിവിഷനുമാണ്. പാണ്ടിത്താവളം മുതൽ ബെയ്‌ലി പാലം വരെയുള്ള ഡിവിഷന്റെ ചുമതല വയനാട് എസ്.പി. ആർ.ആനന്ദിനും വടക്കേനട, തിരുമുറ്റം, മാളികപ്പുറം മേഖലയുടെ ചുമതല കോഴിക്കോട് ഡി.സി.പി. കെ.ഇ. ബൈജുവിനുമാണ്.

രണ്ട് കമ്പനി പോലീസിനെ അധികമായി സന്നിധാനത്ത് നിയോഗിച്ചിരുന്നു. രണ്ടായിരത്തോളം പോലീസുദ്യോഗസ്ഥരെയാണ് സന്നിധാനത്ത് വിന്യസിച്ചിട്ടുള്ളത്. ആറ് ഡിവൈ.എസ്.പിമാരെയും അധികമായി നിയോഗിച്ചിരുന്നു. ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ വിവിധ കമാൻഡോ വിഭാഗങ്ങളും ഇതര സേനാ വിഭാഗങ്ങളും ഭക്തർക്ക് സുഗമമായ മകരജ്യോതി ദർശനത്തിനായുള്ള സൗകര്യമൊരുക്കാൻ സജ്ജരായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker