അഭിപ്രായങ്ങൾ വിലയിരുത്തി അവ തലൈവർ 171 ൽ പരിഗണിക്കും’ ലിയോ പ്രതികരണങ്ങളിൽ ലോകേഷ്
ചെന്നൈ:ലോകേഷ് കനകരാജ്-വിജയ് ചിത്രം ലിയോ റിലീസ് ചെയ്തു നാല് ദിനങ്ങൾ പിന്നിടുകയാണ്. ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിലും സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് പലരും സിനിമയെക്കുറിച്ച് പറയുന്നത്. എന്നാല്‍ ലോകേഷ് കനകരാജ് കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിൽ നിന്ന് മാറി നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചുളള റിവ്യൂകളില്‍ പ്രതികരിച്ചിരിക്കുകയാണ് ലോകേഷ്.
നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്ത സ്ഥലത്തായിരുന്നു താനെന്നും ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായം അറിയാൻ കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കുകയാണെന്നും ലോകേഷ് കനകരാജ് പറഞ്ഞു. പ്രേക്ഷകരുടെ അഭിപ്രായങ്ങൾ ശ്രദ്ധാപൂർവ്വം വിലയിരുത്തുകയും തന്റെ അടുത്ത പ്രോജക്റ്റിൽ അവ പരിഗണിക്കുകയും ചെയ്യുമെന്ന് ലോകേഷ് ഒരു മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞു. തലൈവർ 171 എന്ന അടുത്ത ചിത്രം 2024 മാർച്ചിലോ ഏപ്രിലിലോ തിയേറ്ററുകളിലെത്തുമെന്നും ലോകേഷ് അറിയിച്ചു.
ലിയോയുടെ കളക്ഷൻ 400 കൊടിയിലേക്ക് അടുക്കുകയാണ്. ആദ്യദിനത്തിൽ മാത്രം 148 കോടിയോളം രൂപ കളക്ഷൻ നേടിയ സിനിമ ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ കളക്ഷൻ നേടുന്ന സിനിമായാവുകയാണ്. തിയേറ്ററുകളിൽ നിന്നായി 800 കോടി രൂപയെങ്കിലും ചിത്രം നേടുമെന്നാണ് ഫിലിം അനലിസ്റ്റുകളുടെ നിഗമനം.
വിജയ്‌യോടൊപ്പം തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താരനിരയാണ് ലിയോയിലുണ്ട്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദ്രർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.