ഇരിങ്ങാലക്കുടയില്‍ റോഡിലെ കുഴിയില്‍ വീണ് ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം
തൃശ്ശൂര്‍: ഇരിങ്ങാലക്കുട മാർക്കറ്റ് റോഡിലെ കുഴിയിൽ വീണ ഇരുചക്രവാഹനയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പുല്ലൂർ മഠത്തിക്കര സ്വദേശി മുക്കുളം മോഹനന്‍റെ മകൻ ബിജോയ് (45) ആണ് മരിച്ചത്. ലോറി ഓണേഴ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടിവ് അംഗവും ഇരിങ്ങാലക്കുട ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു ബിജോയ്. രാത്രി ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം.
മാർക്കറ്റ് റോഡിൽ സോപ്പ് കമ്പനിയ്ക്ക് സമീപം റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് ഇരുചക്രവാഹനം മറിയുകയായിരുന്നു. ഇരുചക്രവാഹനം മറിഞ്ഞ് ബിജോയ് തെറിച്ചുവീഴുകയായിരുന്നു.
പുറകിൽ വന്നിരുന്ന കാർ യാത്രികർ ഉടൻ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. സംസ്ക്കാരം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ നടക്കും.