ആ സുന്ദരി പെൺകുട്ടിയോട് ഉണ്ണി മുകുന്ദൻ പറഞ്ഞത്; എണീറ്റ് പോടായെന്ന് ഞാൻ; ചാക്കോച്ചൻ പറഞ്ഞ വാക്കുകൾ
കൊച്ചി:രണ്ട് കാലഘട്ടങ്ങളിൽ കേരളത്തിലെ യുവതികളുടെ ഹരമായ നടമാൻമാരാണ് കുഞ്ചാക്കോ ബോബനും ഉണ്ണി മുകുന്ദനും. 90 കളിലാണ് കുഞ്ചാക്കോ ബോബൻ ചോക്ലേറ്റ് ബോയ് ഇമേജിൽ കേരളത്തിൽ തരംഗം സൃഷ്ടിച്ചത്. അനിയത്തി പ്രാവ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ചാക്കോച്ചന് പിന്നീട് കുറച്ച് വർഷങ്ങൾ കരിയറിൽ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. പ്രണയ ലേഖനങ്ങളുടെ വലിയൊരു നിര തന്നെ നടനെ തേടി വരാറുണ്ടായിരുന്നു.
പിന്നീട് കരിയറിൽ ചില തകർച്ചകൾ സംഭവിക്കുകയും പിന്നീട് വ്യക്തിപരമായ ചില കാരണങ്ങളാൽ കുഞ്ചാക്കോ ബോബൻ തിരിച്ചു വരികയും ചെയ്തു. രണ്ടാം വരവിൽ നടനുള്ള ഇമേജ് വ്യത്യസ്തമായിരുന്നു. പഴയ ചോക്ലേറ്റ് ബോയ്ക്ക് പകരം വ്യത്യസ്തമായ സിനിമകൾ ചെയ്യുന്ന നടനായി ഇന്ന് കുഞ്ചാക്കോ ബോബൻ അറിയപ്പെടുന്നു.
കുഞ്ചാക്കോ ബോബന് ശേഷം സ്ത്രീ ആരാധകരുടെ ഹൃദയം കവർന്ന നടൻ ഉണ്ണി മുകുന്ദനാണ്. മോളിവുഡിലെ ഫിറ്റ്നെസ് ഐക്കൺ ആയി ഇന്നറിയപ്പെടുന്ന ഉണ്ണി മുകുന്ദന് കരിയറിലും ഇത് നല്ല സമയമാണ്. മാളികപ്പുറം എന്ന സിനിമ ഹിറ്റായതോടെ ഉണ്ണി മുകുന്ദന്റെ താരമൂല്യം കുത്തനെ ഉയർന്നിരിക്കുകയാണ്.
കലക്ഷനിലും പ്രേക്ഷക പ്രതികരണത്തിലും മാളികപ്പുറം മുൻപന്തിയിൽ നിന്നു. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെക്കുറിച്ച് ചാക്കോച്ചൻ മുമ്പൊരിക്കൽ പറഞ്ഞ രസകരമായ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ അതിഥിയായെത്തിയതായിരുന്നു കുഞ്ചാക്കോ ബോബൻ. ഭാര്യ പ്രിയയല്ലാതെ ഏറ്റവും പ്രിയപ്പെട്ട നടി ആരാണെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ ചോദ്യം. നായികമാരെന്നതിലുപരി തനിക്ക് ശ്രീദേവി, കെപിഎസി ലളിത തുടങ്ങിയ നടിമാരോട് ആരാധനയുണ്ടെന്ന് കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.
ഒപ്പം ഉണ്ണി മുകുന്ദനെക്കുറിച്ചുള്ള രസകരമായ ഓർമ്മയും ചാക്കോച്ചൻ പങ്കുവെച്ചു. ഉണ്ണി ഏറ്റവും കൂടുതൽ ശ്രദ്ധ നൽകുന്നത് ആരോഗ്യത്തിനും ജിം വർക്കൗട്ടിനുമാണെന്ന് നടൻ അഭിപ്രായപ്പെട്ടു. ‘നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട് ചെറുപ്പക്കാർ പെൺകുട്ടികളെ വളയ്ക്കാൻ യു ലുക് സോ ബ്യൂട്ടിഫുൾ എന്നൊക്കെ പറയുന്നത്. ഒരു ദിവസം ഞാൻ നോക്കുമ്പോൾ ഉണ്ണി ഒരു സുന്ദരി പെൺകുട്ടിയുമായിരുന്ന് സംസാരിക്കുന്നു’
‘കാര്യമായെന്തോ സംസാരിക്കുകയാണ്. ഞാൻ പതുക്കെ പിറകിൽ കൂടെ പോയപ്പോൾ ഈ ദുഷ്ടൻ അവരോട് പറയുന്നത് വെയ്റ്റ് ട്രെയ്നിംഗിന്റെ കാര്യമാണ്. ഞാൻ പറഞ്ഞു എണീക്കെടാ, ഇതാണോ പെൺപിള്ളേരോട് സംസാരിക്കേണ്ടത് എണീറ്റ് പോടാ എന്ന്. അങ്ങനെ ജിമ്മിനോട് ഭയങ്കര അഡിക്ടാണ്,’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.
കരിയറിൽ ഇപ്പോൾ രണ്ട് തരത്തിലുള്ള ഇമേജാണ് കുഞ്ചാക്കോ ബോബനും ഉണ്ണി മുകുന്ദനുമുള്ളത്. ജെന്റിൽമാൻ ഇമേജിലാണ് ഇന്നും കുഞ്ചാക്കോ ബോബൻ അറിയപ്പെടുന്നത്. മറുവശത്ത് ഉണ്ണി മുകുന്ദന് ഇന്ന് തുടരെ വിവാദങ്ങളിലാണ്. പ്രതിഫലത്തിന്റെ പേരിൽ ബാലയുമായുണ്ടായ പ്രശ്നം, മാളികപ്പുറം സിനിമയെ വിമർശിച്ചതിന്റെ പേരിൽ യൂട്യൂബറെ വിമർശിച്ചത് തുടങ്ങി പല ഘടകങ്ങൾ ഉണ്ണി മുകുന്ദനെ വിവാദ താരമാക്കി.
വൻ ഹിറ്റടിച്ച് നിൽക്കുന്ന ഉണ്ണിക്ക് നിലവിലെ വിവാദങ്ങളിൽ നിന്നകന്നാൽ കരിയറിൽ വലിയ ഗുണം ചെയ്യുമെന്ന് ആരാധകരും പറയുന്നു. മലയാളത്തിലെ ഇന്നത്തെ യുവനിരയിൽ ഫിറ്റന്സിന് വലിയ പ്രാധാന്യം നൽകുന്ന ചുരുക്കം നടൻമാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. തെലുങ്കിലും നടൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്. യശോദയാണ് നടന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വില്ലൻ വേഷമാണ് ഇതിൽ നടൻ ചെയ്തത്. സമാന്തയായിരുന്നു സിനിമയിലെ നായിക. അതിന് മുമ്പ് അനുഷ്ക ഷെട്ടിക്കൊപ്പം ബാഗ്മതി എന്ന തെലുങ്ക് സിനിമയിൽ നടൻ നായക വേഷം ചെയ്തിട്ടുണ്ട്.