25.4 C
Kottayam
Sunday, May 19, 2024

തൊട്ടതെല്ലാം പിഴച്ചു,രാജസ്ഥാന് വമ്പന്‍ തോല്‍വി

Must read

ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്താമെന്നുള്ള രാജസ്ഥാന്‍ റോയല്‍സിന്‍റെ മോഹങ്ങള്‍ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ജയ്‌പൂരിലെ സ്വന്തം മൈതാനമായ സവായ് മാന്‍‌സിംഗ് സ്റ്റേഡിയത്തില്‍ 9 വിക്കറ്റിന്‍റെ ദയനീയ തോല്‍വിയാണ് റോയല്‍സ് നേരിട്ടത്.

119 റണ്‍സ് വിജയലക്ഷ്യം ടൈറ്റന്‍സ് 13.5 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 35 പന്തില്‍ 36 നേടിയ ശുഭ്മാന്‍ ഗില്ലിനെ ചാഹല്‍ പുറത്താക്കിയപ്പോള്‍ വൃദ്ധിമാന്‍ സാഹയും(34 പന്തില്‍ 41*), ഹാർദിക് പാണ്ഡ്യയും(15 പന്തില്‍ 39*) 37 പന്ത് ബാക്കിനില്‍ക്കേ ജയമുറപ്പിച്ചു.

നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് 17.5 ഓവറില്‍ 118 റണ്‍സില്‍ ഓള്‍ഔട്ടായി. ആദ്യ ഓവറുകളില്‍ മുഹമ്മദ് ഷമി പതിവ് വെല്ലുവിളി ഉയര്‍ത്തിയില്ലെങ്കിലും ടൈറ്റന്‍സിന്‍റെ അഫ്‌ഗാന്‍ സ്‌പിന്‍ ആക്രമണത്തില്‍ വിക്കറ്റുകള്‍ കളഞ്ഞുകുളിക്കുകയായിരുന്നു റോയല്‍സ്. 20 പന്തില്‍ 30 റണ്‍സ് നേടിയ നായകന്‍ സഞ്ജു സാംസണ്‍ ആണ് ടോപ് സ്കോറര്‍.

കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ യശസ്വി ജയ്‌സ്വാള്‍(14), ഫോം കണ്ടെത്താന്‍ പാടുപെടുന്ന ജോസ് ബട്‌ലര്‍(8), ദേവ്‌ദത്ത് പടിക്കല്‍(12), രവിചന്ദ്രന്‍ അശ്വിന്‍(2), റിയാന്‍ പരാഗ്(4), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍(7), ധ്രുവ് ജുരെല്‍(9), ട്രെന്‍റ് ബോള്‍ട്ട്(15), ആദം സാംപ(7), സന്ദീപ് ശര്‍മ്മ(2*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോറുകള്‍.

ഗുജറാത്ത് ടൈറ്റന്‍സിനായി അഫ്‌ഗാന്‍ സ്‌പിന്‍ ജോഡികളായ റാഷിദ് ഖാന്‍ മൂന്നും നൂര്‍ അഹമ്മദ് രണ്ടും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും പേസര്‍മാരായ മുഹമ്മദ് ഷമിയും ജോഷ്വ ലിറ്റിലും ഓരോ വിക്കറ്റും നേടി. നാല് ഓവറില്‍ വെറും 14 റണ്‍സിനായിരുന്നു റാഷിദിന്‍റെ മൂന്ന് വിക്കറ്റ് പ്രകടനം.

ജയത്തോടെ 10 മത്സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സ് 14 പോയിന്‍റുമായി തലപ്പത്ത് മൂന്ന് പോയിന്‍റിന്‍റെ ലീഡുറപ്പിച്ചു. ഇത്രതന്നെ മത്സരങ്ങളില്‍ 10 പോയിന്‍റുള്ള രാജസ്ഥാന്‍ റോയല്‍സ് നാലാമതാണ്. ഇനിയുള്ള മത്സരങ്ങളെല്ലാം ഇതോടെ റോയല്‍സിന് അഗ്നിപരീക്ഷകളായി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week