വീട്ടിലെ ഫ്രിഡ്ജ് വരെ ജോലിക്കാർക്ക് കൊടുക്കും; ഒരുപാട് സഹായങ്ങൾ ചെയ്യും; താരത്തെക്കുറിച്ച് നടി സീത
ചെന്നൈ:തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാറാണ് അജിത്ത്. തല എന്ന വിളിപ്പേരിൽ ആരാധകർക്കിടയിൽ അറിയപ്പെടുന്ന അജിത്തിനുള്ള ആരാധക വൃന്ദം പലപ്പോഴും അമ്പരപ്പിക്കുന്നതാണ്. മുമ്പ് രജിനികാന്തിന് ആഘോഷിച്ചത് പോലെ തമിഴ് ജനത ഇന്ന് ആഘോഷിക്കുന്നത് അജിത്തിനെയും വിജയെയുമാണ്. ഇവരുടെ സിനിമകൾ തമിഴ് ബോക്സ് ഓഫീസിലുണ്ടാക്കുന്ന അലയൊലികൾ ചെറുതല്ല. തമിഴ് സിനിമാ വ്യവ്യസായത്തെ ഇന്ത്യയിലെ തന്നെ പ്രബല സാന്നിധ്യമായി നില നിർത്തുന്നതിൽ ഇവർക്കുള്ള പങ്ക് വലുതാണ്.
ആഘോഷിക്കപ്പെടുന്ന താരമാണെങ്കിലും ഈ ആഘോഷങ്ങളുടെ ഭാഗമാവാനൊന്നും രണ്ട് പേരും ശ്രമിക്കാറില്ല. പൊതുവെ മിതഭാഷികളായ രണ്ട് പേരെയും പൊതുപരിപാടികളിൽ കാണുന്നത് തന്നെ അപൂർവമാണ്. തല എന്ന് തന്നെ വിശേഷിപ്പിക്കരുതെന്ന് അജിത്ത് ആരാധകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സിനിമകളുടെ പ്രൊമോഷൻ പരിപാടികളിലും അജിത്ത് പങ്കെടുക്കാറില്ല.
സിനിമ കഴിഞ്ഞാൽ കുടുംബത്തോടൊപ്പമുള്ള സമയത്തിനും യാത്രകൾക്കുമാണ് അജിത്ത് പ്രാധാന്യം നൽകാറ്. മലയാളത്തിൽ ഒരു കാലത്ത് തിളങ്ങിയ നടി ശാലിനിയാണ് അജിത്തിന്റെ ഭാര്യ. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. അടുത്തിടെയാണ് ശാലിനി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത്. അജിത്ത് സോഷ്യൽ മീഡിയയിലില്ല.
ഫാൻ പേജുകൾ വഴിയാണ് നടന്റെ വിശേഷങ്ങൾ ആരാധകർ അറിയാറ്. ഇപ്പോഴിതാ അജിത്തിനെക്കുറിച്ച് നടി സീത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനെ ഉലകം ചാനലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. അജിത്ത് എല്ലാവർക്കും സഹായം ചെയ്യുന്ന വ്യക്തിയാണെന്ന് സീത പറയുന്നു.
ആഞ്ജനേയ, പരമശിവം എന്നീ സിനിമകളിൽ അജിത്തിനൊപ്പം സീത അഭിനയിച്ചിട്ടുണ്ട്. അജിത്ത് നല്ല രീതിയിൽ സംസാരിക്കും. നല്ല വ്യക്തിയാണ്. ഒരുപാട് പേർക്ക് അദ്ദേഹം സഹായം ചെയ്യുന്നുണ്ട്. ഞങ്ങൾക്കൊരു കോമൺ ഫ്രണ്ടുണ്ട്. അവർ എന്നോടിതേ പറ്റി ധാരാളം പറയാറുണ്ട്. വീട്ടിലെ ഫ്രിഡ്ജു മറ്റുമെല്ലാം പിന്നീട് പുറത്ത് വിൽക്കില്ല അങ്ങനെ തന്നെ ജോലിക്കാർക്ക് കൊടുക്കും. ആർട്ടിസ്റ്റെന്നതിലുപരി മനസ്സിൽ നിൽക്കുന്നത് ഇത്തരം കാര്യങ്ങളാണെന്നും സീത പറഞ്ഞു.
വിജയ്നെക്കുറിച്ചും സീത സംസാരിച്ചു. വിജയ് അധികം സംസാരിക്കാത്ത ആളാണ്. രാജനടൈ എന്ന സിനിമ സംവിധാനം ചെയ്തത് വിജയുടെ പിതാവ് എസ്എ ചന്ദ്രശേഖറായിരുന്നു. അന്ന് വിജയ് ചെറിയ കുട്ടിയാണ്. നാണക്കാരനായിരുന്നു. സംസാരിക്കുകയേ ഇല്ല. നിശബ്ദനായി ഇരിക്കും. അതിൽ നിന്നും ഇന്നത്തെ ഉയർച്ച കാണുമ്പോൾ വളരെ സന്തോഷമുണ്ട്. അതിനദ്ദേഹം ഒരുപാട് പരിശ്രമിച്ചെന്നും സീത ഓർത്തു.
മധുരൈ എന്ന സിനിമയിലാണ് വിജയ്ക്കൊപ്പം സീത അഭിനയിച്ചത്. ഒരുകാലത്ത് തമിഴ്, തെലുങ്ക് സിനിമകളിലെ തിരക്കേറിയ നായിക നടിയായിരുന്നു സീത. പിന്നീട് അമ്മ, ചേച്ചി വേഷങ്ങളിലേക്ക് സീത മാറി. മലയാളത്തിൽ മൈ ബോസ് എന്ന സിനിമയിൽ നായകൻ ദിലീപിന്റെ അമ്മ വേഷം സീതയാണ് ചെയ്തത്.