KeralaNews

കോട്ടയത്ത് കടുത്ത നിയന്ത്രണങ്ങൾ, വിശദാംശങ്ങൾ ഇങ്ങനെ

കോട്ടയം:കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. രോഗപ്രതിരോധനത്തിനായി ആരോഗ്യ വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും ശ്രദ്ധിക്കണം.

പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നത് സംബന്ധിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ നാളെ (ഏപ്രില്‍ 27) ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും.

നാളെ (ഏപ്രില്‍ 27)ജില്ലയില്‍ ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണ, വിതരണ, വില്‍പ്പന കേന്ദ്രങ്ങളും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും മാത്രമേ തുറക്കാവൂ. സര്‍ക്കാര്‍ ഓഫീസുകള്‍ 33 ശതമാനം ഹാജര്‍ നിലനിര്‍ത്തി പ്രവര്‍ത്തിക്കാം.

ഹോട്ട് സ്‌പോട്ടുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കേണ്ടതില്ല.അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കരുത്. വരും ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ തീരുമാനമെടുക്കും.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെയും ജനറല്‍ ആശുപത്രിയിലെയും മറ്റ് പ്രധാന ചികിത്സാ കേന്ദ്രങ്ങളിലെയും തിരക്ക് കുറയ്ക്കുന്നതിന് പൊതുജനങ്ങള്‍ സഹകരിക്കണം. ഗുരുതരമല്ലാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് തൊട്ടടുത്ത ആശുപത്രികളില്‍ ചികിത്സ തേടാന്‍ ശ്രദ്ധിക്കണം.

കോവിഡ്-പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ സാമ്പിള്‍ പരിശോധന വ്യാപകമാക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഇതിനായി കോട്ടയം മെഡിക്കല്‍ കോളേജിലെയും തലപ്പാടിയിലെ മഹാത്മഗാന്ധി സര്‍വകലാശാലയുടെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോ മെഡിക്കല്‍ റിസര്‍ച്ചിലെയും സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker