KeralaNews

പത്രസമ്മേളനം വരെ കൊവിഡ് പരിശോധനാ ഫലം രഹസ്യമായി വയ്ക്കുന്നില്ല , ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കുന്നുണ്ട്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാ ഫലം 24 മണിക്കൂര്‍വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇത്തരമൊരു പ്രസ്താവന നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ മനോവീര്യം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. സംസ്ഥാനത്തിന്റെ വിവിധ വൈറോളജി ലാബുകളില്‍ നിന്നുള്ള കോവിഡ് പരിശോധന ഫലങ്ങള്‍ നെഗറ്റീവായാല്‍ സാമ്പിളുകള്‍ അയച്ച ആശുപത്രികള്‍ക്കും പോസിറ്റീവായാല്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കുമാണ് അയയ്ക്കുന്നത്.

പോസിറ്റീവായ കേസുകള്‍ സൂക്ഷ്മ പരിശോധന നടത്തി ഒട്ടും കാലതാമസമില്ലാതെ അതത് ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ക്ക് അയച്ച് കൊടുക്കുന്നു. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ അതനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലോ ആശുപത്രികളിലോ ഉള്ളയാളിന്റേയോ സാമ്പിളുകളാണ് എടുത്ത് പരിശോധനയ്ക്കായി അയക്കുന്നത്. അതിനാല്‍ തന്നെ ഇവരെ ഉടന്‍ തന്നെ രോഗ പകര്‍ച്ച ഉണ്ടാകാതെ ഐസൊലേഷന്‍ ചികിത്സയിലാക്കാന്‍ സാധിക്കുന്നു.

ഇതോടൊപ്പം സമാന്തരമായി കോണ്ടാക്ട് ട്രെയിസിംഗും നടക്കുന്നുണ്ട്. 6 മണിയുടെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് ശേഷം വരുന്ന പോസിറ്റീവ് ഫലങ്ങളും ഒട്ടും വൈകിക്കാതെ ഇതേ നടപടികളാണ് സ്വീകരിക്കുന്നത്. അതേസമയം ഈ കണക്കുകള്‍ കൂടി പിറ്റേദിവസത്തെ പത്രസമ്മേളത്തില്‍ കൂട്ടിച്ചേര്‍ത്ത് പറയുകയാണ് ചെയ്യുക. അതായത് മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനായി അതത് ജില്ലകളില്‍ അപ്പപ്പോള്‍ വിവരമറിയിക്കുന്നെങ്കിലും ആകെ എണ്ണത്തില്‍ കൂട്ടിച്ചേര്‍ത്ത് പറയുന്നത് തൊട്ടടുത്ത ദിവസമാണ്. കണക്കില്‍ കൃത്യത ഉണ്ടാകാന്‍ ഇതാണ് ശരിയായ രീതി. ഇതാണ് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നത്. വളരെ സുതാര്യമായാണ് ഈ പ്രക്രിയ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരണമടഞ്ഞ കുഞ്ഞിന് ജന്മനാതന്നെ ഗുരുതരമായ അസുഖങ്ങളാണ് ഉണ്ടായിരുന്നത്. ഗുരുതരമായ ന്യൂമോണിയ ബാധിച്ച കുട്ടിയെ മഞ്ചേരി പ്രശാന്തി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു.

ജന്മനാ ഹൃദയസംബന്ധമായ അസുഖമുള്ള കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമായതിനെ തുടര്‍ന്ന് ഏപ്രില്‍ 20ന് പുലര്‍ച്ചെ 3.30 ന് കോഴിക്കോട് ഐ.എം.സി.എച്ച്.ലേക്ക് ആംബുലന്‍സില്‍ മാറ്റി. ഏപ്രില്‍ 21ന് കൂട്ടിയെ കോവിഡ് പരിശോധനക്ക് വിധേയമാക്കുകയും പോസിറ്റീവ് ഫലം ലഭിക്കുകയും ചെയ്തു. തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ധ പരിചരണം നല്‍കിയെങ്കിലും വെന്റിലേറ്ററില്‍ ആയിരുന്ന കുട്ടി 24ന് രാവിലെ 8 മണിയോടെ മരണപ്പെട്ടു. കുഞ്ഞിന് ജന്മനാ തന്ന ബര്‍ത്ത് ആസഫിക്‌സ്യ, കഞ്ചനിറ്റല്‍ ഹര്‍ട്ട് ഡിസീസ്, ആന്റീരിയര്‍ ചെസ്റ്റ് വാള്‍ ഡീഫോര്‍മിറ്റി തുടങ്ങിയ അസുഖങ്ങളുണ്ടായിരുന്നു.

ഇത്രയൊക്കെ ചികിത്സാ ചരിത്രമുള്ള ഈ കുഞ്ഞിന്റെ മരണത്തില്‍ പോലും വ്യാഖ്യാനം കണ്ടെത്തുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker