കണ്ണൂർ: കെ റെയിൽ ( K Rail) കല്ലിടലിൽ അവ്യക്തതയില്ലെന്ന് സിപിഎം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). സാമൂഹിക ആഘാത പഠന കല്ലിടലാണ് ഇപ്പോൾ നടക്കുന്നത്. കല്ലിടുന്നത് കെ റയിൽ ആണ്, റവന്യു വകുപ്പല്ല. അതിനാൽ കല്ലിടൽ റവന്യൂ വകുപ്പ് അറിയേണ്ടതില്ല. ഭൂമി ഏറ്റെടുക്കുമ്പോഴാണ് റവന്യൂ വകുപ്പിന് ചുമതലയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഡി പി ആറിന് അന്തിമ രൂപം ആയിട്ടില്ല. സിൽവർ ലൈനിൽ (Silver Line) സി പി ഐക്ക് (CPI) എതിർപ്പുണ്ടെങ്കിൽ പറയേണ്ടത് സിപിഐ സെക്രട്ടറി ആണ്. മറ്റാരെങ്കിലും പറയുന്നത് തങ്ങൾ കാര്യമാക്കുന്നില്ല. സി പി ഐക്ക് എതിർപ്പുണ്ടങ്കിൽ അത് സി പി എമ്മിൽ അറിയിക്കാനുള്ള അവകാശം ഇപ്പോൾ ഉണ്ട്.
ബി ജെ പി ജാഥയെ സ്വീകരിക്കാൻ ലീഗ് നേതാവ് പോകുന്നു. കോലീബി സഖ്യം ഇതിൽ നിന്ന് വ്യക്തമാണ്. സിൽവർ ലൈൻ പ്രതിഷേധവും ഇതിന്റെ ഭാഗമാണ്. നഷ്ടപരിഹാരം നൽകിയ ശേഷമേ ഭൂമി സർക്കാർ ഏറ്റെടുക്കൂ എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സംസ്ഥാനമാകെ കെ-റെയിൽ പ്രതിഷേധ സമരങ്ങൾ ശക്തമാകുന്നതിനിടെ പദ്ധതിയെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് റവന്യുമന്ത്രി കെ രാജൻ (K Rajan) ഒഴിഞ്ഞുമാറിയത് വർച്ചയ്ക്ക് വഴിവച്ചിരുന്നു. സർക്കാരിന്റെയോ പാർട്ടിയുടെയോ അഭിപ്രായം ഈ ഘട്ടത്തിൽ പറയുന്നില്ലെന്നും പറയേണ്ട സമയത്ത് പറയുമെന്നുമായിരുന്നു സിപിഐ മന്ത്രിയുടെ പ്രതികരണം. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞിരിക്കുന്നത്.
സിൽവർ ലൈൻ കല്ലിടലിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് റവന്യുവകുപ്പ് ഒഴിഞ്ഞുമാറിയെന്ന അഭിപ്രായം പരക്കെ ഉയർന്നതോടെ പ്രതിപക്ഷനേതാവ് വിമർശനവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം കനക്കുന്നതിനിടെയാണ് കല്ലിട്ടുള്ള സർവെ നടത്താൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് റവന്യുമന്ത്രി വ്യക്തമാക്കിയത്. റവന്യു വകുപ്പ് ആവശ്യപ്പെട്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ച കെ റെയിൽ പക്ഷെ ആരാണ് കല്ലിടാൻ നിർദ്ദേശിച്ചതെന്ന് പറയുന്നുമില്ല.
കെ റെയിൽ പ്രതിഷേധം അതിശക്തമാകുന്നതിനിടെ തിരുത്തൽ വേണമെന്ന് ഇന്നലെ സിപിഐ അസിസ്റ്റൻറ് സെക്രട്ടറി പ്രകാശ് ബാബു ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധക്കാരെ കൂടി കണക്കിലെടുത്തുള്ള സിപിഐ നേതൃത്വത്തിന്റെ നിലപാട് വന്നതിന് പിന്നാലെയാണ് കല്ലിടലിൽ റവന്യുവകുപ്പിൻറ കൈകഴുകൽ.
കെ രാജൻ കടുപ്പിച്ചതോടെ ഫേസ് ബുക്ക് പേജിൽ കെ റെയിലിൻറെ വിശദീകരണം വന്നു. റവന്യുവകുപ്പാണ് കല്ലിടാൻ നിർദ്ദേശിച്ചതെന്ന് കെ റെയിലിൻറെ പേരിൽ വന്ന വാർത്ത നിഷേധിച്ചു. അപ്പോഴും ആരാണ് കല്ലിടാൻ ആവശ്യപ്പെട്ടതെന്ന് കെ റെയിൽ വ്യക്തമാക്കുന്നില്ല. കല്ലിട്ട് തന്നെ സാമൂഹ്യാഘാത പഠനം വേണ്ടതുണ്ടോ എന്നതിൽ ഭിന്നത നിലനിൽക്കെയാണ് ഉത്തരവാദിത്വത്തിൽ നിന്നും റവന്യുവകുപ്പിൻറഎയു കെ റെയിലിൻറെയും ഒഴിഞ്ഞുമാറൽ. സർവ്വെ തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് ആയുധകമാക്കിയാണ് സർക്കാറും കെ റെയിലും കല്ലിടലുമായി മുന്നോട്ട് പോകുന്നത്. കല്ലിടാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന മന്ത്രി പറയുമ്പോഴും കല്ലിടലിനു റവന്യുവകുപ്പ് ഉദ്യോഗസ്ഥരാണ് എല്ലായിടത്തുമുള്ളത്.
പ്രതിപക്ഷനേതാവ് പറഞ്ഞത്…
സിൽവർ ലൈൻ കെ റെയിലിൽ (K Rail) പദ്ധതിയിൽ സർവ്വത്ര ആശയക്കുഴപ്പം മാത്രമണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കല്ലിട്ടുള്ള സർവെ നടത്താൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് റവന്യുമന്ത്രി വ്യക്തമാക്കിയതോടെ ആരാണ് കല്ലിടുന്നതെന്നതിൽ പോലും സർക്കാരിന് വ്യക്തതയില്ലെന്നാരോപിച്ച് വിഡി സതീശൻ രംഗത്തെത്തി. സാമൂഹികാഘാത പഠനത്തിന് ഒരു കല്ലെന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതിയുടെ ഡിപിആറിലുള്ള വിവരമല്ല മന്ത്രിമാർ പറയുന്നത്. സർക്കാർ ഡാറ്റയിൽ കൃത്രിമം നടത്തുകയാണെന്നും ആർക്കും ധാരണയില്ലാത്തൊരു പദ്ധതിയാണിതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
പദ്ധതിക്കെതിരെ സമരം ശക്തമാക്കി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് വിരട്ടൽ വേണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. സ്വത്ത് സമ്പാദന വിവാദത്തിൽ സജി ചെറിയാൻ മറുപടി പറയണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 32 ലക്ഷം രൂപയുടെ സ്വത്തെന്ന് കാണിച്ചത് എങ്ങനെ ഇപ്പോൾ 5 കോടി ആയെന്നും സതീശൻ ചോദിച്ചു.