എനിക്ക് ചൂഷണം നേരിടേണ്ടി വന്നത് സ്വന്തം പിതാവിൽ നിന്ന്; അതിജീവിതകൾക്ക് ഒപ്പമെന്ന് ഖുശ്‌ബു സുന്ദർ
ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാനായി പ്രവർത്തിച്ച എല്ലാ വനിതകൾക്കും അഭിനന്ദനങ്ങൾ അറിയിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്‌ബു സുന്ദർ. ഇത്തരമൊരു കമ്മിറ്റി എന്നത് അനിവാര്യമായ ഒരു കാര്യമായിരുന്നു എന്ന് പറഞ്ഞ ഖുശ്‌ബു പക്ഷേ ആ നിർദ്ദേശങ്ങൾ നടപ്പിലാവുമോ എന്നും ചോദിച്ചു. ചെറുപ്രായത്തിൽ തന്റെ പിതാവിൽ നിന്ന് നേരിടേണ്ടി വന്ന പീഡനങ്ങൾ തുറന്നുപറയാൻ വൈകിയത് തെറ്റായിപോയെന്നും അതിജീവിതകൾക്ക് തന്റെ മക്കൾ നൽകുന്ന പിന്തുണ ശരിക്കും അത്ഭുതപ്പെടുത്തിയെന്നും താരം പറഞ്ഞു.
സോഷ്യൽ മീഡിയ പോസ്‌റ്റിലൂടെ ആയിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. ഒരു സ്ത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലും ഇത്തരം അക്രമങ്ങൾ ഏൽപ്പിച്ച മുറിവുകൾ ശരീരത്തെയും ആത്മാവിനെയും ആഴത്തിൽ മുറിപ്പെടുത്തിയെന്ന് അവർ പറയുന്നു. പല സ്ത്രീകൾക്കും അവരുടെ കുടുംബത്തിന്റെ പിന്തുണ പോലുമില്ലെന്നും ഖുശ്‌ബു സുന്ദർ പറയുന്നു. സ്ത്രീകൾ പുറത്ത് വന്ന് ഉറക്കെ സംസാരിക്കണം എന്നും താരം ആവശ്യപ്പെടുകയുണ്ടായി.
ഇത്തരം ചൂഷണങ്ങളെ ഇല്ലാതാക്കാൻ ഹേമ കമ്മിറ്റി പോലെയുള്ള ഒരു സംവിധാനം അത്യാവശ്യമായിരുന്നു. എന്നാൽ അതിന് സാധിക്കുമോ എന്നാണ് ഖുശ്‌ബു ചോദിക്കുന്നത്. തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയും വിജയിക്കുകയും ചെയ്‌ത സ്ത്രീകൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും ഖുശ്‌ബു പറയുകയുണ്ടായി.
എല്ലാ മേഖലകളിലും ഇത്തരംചൂഷണങ്ങളുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ എന്തുകൊണ്ടാണ് സ്ത്രീകൾ മാത്രം ഇത് കൂടുതലായും അനുഭവിക്കാൻ വിധിക്കപ്പെടുന്നത്, പുരുഷന്മാർ അനുഭവിക്കുന്നില്ല എന്നല്ല. മറിച്ച് അതിൽ അധികം അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ് എന്നതാണ്. എന്റെ 24ഉം 21ഉം വയസുള്ള പെൺകുട്ടികളോട് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. അവർ അതിജീവിതകൾക്ക് ഒപ്പമാണ്, അവരുടെ നിലപാട് എന്നെ അത്ഭുതപ്പെടുത്തി; ഖുശ്‌ബു പറഞ്ഞു.
നിങ്ങൾ ഇന്നാണോ നാളെയാണോ സംസാരിക്കുന്നതെന്നത് വിഷയമല്ല, സംസാരിക്കുക. ഉടനടി സംസാരിക്കുന്നത് കൂടുതൽ ഫലപ്രദമായി പ്രശ്‌നപരിഹാരത്തിനും അന്വേഷണത്തിനും സഹായിക്കുമെന്നും ഖുശ്‌ബു പറയുന്നു. എന്തിനാണ് നിങ്ങൾ അങ്ങനെ ചെയ്‌തത്? എന്നത് പോലെയുള്ള ചില ചോദ്യങ്ങളാണ് അതിജീവിതകളെ തകർക്കുന്നതെന്നും ഖുശ്‌ബു പറഞ്ഞു. അതിജീവിത നിങ്ങൾക്കും എനിക്കും അന്യയാവാം പക്ഷേ, അവർക്ക് നമ്മുടെ പിന്തുണ ആവശ്യമാണെന്നും താരം വ്യക്തമാക്കി.
ഒരു സ്ത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലും ഇത്തരം അക്രമങ്ങൾ ഏൽപ്പിച്ച മുറിവുകൾ ശരീരത്തില്‍ മാത്രമല്ല, ആത്മാവിനെയും ആഴത്തിൽ മുറിപ്പെടുത്തിയിട്ടുണ്ട്. ഈ ക്രൂരമായ പ്രവൃത്തികൾ നമ്മുടെ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ശക്തിയുടെയും അടിത്തറ തന്നെ ഇളക്കുന്നു. എല്ലാ അമ്മമാരുടെയും പിന്നിൽ ഒരു ഇച്ഛാശക്തിയുണ്ട്, ആ വിശുദ്ധി തകർന്നാൽ, അത് നമ്മെയെല്ലാം ബാധിക്കുമെന്നും അവർ പറയുന്നു.
പിതാവിന്റെ പീഡനം
എന്റെ അച്ഛന്റെ പീഡനത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ എന്തിനാണ് ഇത്രയും സമയമെടുത്തതെന്ന് ചിലർ എന്നോട് ചോദിച്ചിരുന്നു. ഞാൻ നേരത്തെ സംസാരിക്കേണ്ടതായിരുന്നുവെന്ന് ഞാനും സമ്മതിക്കുന്നു. എന്നാൽ എനിക്ക് സംഭവിച്ചത് എന്റെ കരിയർ കെട്ടിപ്പടുക്കാനുള്ള ഒരു വിട്ടുവീഴ്‌ച ആയിരുന്നില്ല. ഞാൻ വീണാൽ എന്നെ പിടിക്കാൻ ഏറ്റവും ശക്തമായ കരങ്ങൾ നൽകുമെന്ന് കരുതിയ വ്യക്തിയുടെ കൈകളിൽ നിന്ന് തന്നെ ഞാൻ അപമാനിക്കപ്പെട്ടു; താരം പറഞ്ഞു.
അവിടെയുള്ള എല്ലാ പുരുഷന്മാരോടും, ഇരയ്‌ക്കൊപ്പം നിൽക്കാനും നിങ്ങളുടെ അചഞ്ചലമായ പിന്തുണ പ്രകടിപ്പിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു. അവിശ്വസനീയമായ വേദനയും ത്യാഗവും സഹിച്ച ഒരു സ്ത്രീക്കാണ് ഓരോ പുരുഷനും ജനിച്ചത്. നിങ്ങളുടെ വളർച്ചയില്‍ പല സ്ത്രീകള്‍ക്കും ഒഴിച്ചുകൂടാനാവാത്ത പങ്കുണ്ട്; അവർ ചൂണ്ടിക്കാണിച്ചു.
ഓർക്കുക, ജീവിതത്തിൽ നിങ്ങൾക്ക് എപ്പോഴും ഒരു തിരഞ്ഞെടുപ്പുണ്ട്. നിങ്ങളുടെ നോ തീർച്ചയായും ഒരു നോ തന്നെയാണ്. നിങ്ങളുടെ അന്തസും മാന്യതയും ഒരിക്കലും മാറ്റി നിർത്തുകയോ അതിൽ വിട്ടുവീഴ്‌ച ചെയ്യുകയോ അരുത്. എന്നെങ്കിലും ഇത്തരം അവസ്ഥകളിലൂടെ കടന്നു പോയ എല്ലാ സ്ത്രീകൾക്കും ഒപ്പവും ഞാൻ നിൽക്കുന്നു, ഒരു അമ്മയായും ഒരു സ്ത്രീയായും; ഖുശ്‌ബു സുന്ദർ കൂട്ടിച്ചേർത്തു.