News

സര്‍ക്കാരിന്‍റെ മീമീ ആപ്പ് എത്തി, ഇനി മത്സ്യം വീട്ടുപടിക്കല്‍

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്പിലൂടെ മത്സ്യം ഉപഭോക്താക്കള്‍ക്കെത്തിക്കുന്ന മീമീ ഫിഷ് ആപ്പ് ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാന്‍ പുറത്തിറക്കി. മിമി ആപ്പിലൂടെയുള്ള ആദ്യ വില്‍പന സുപ്രസിദ്ധ ചലച്ചിത്രതാരവും അവതാരകയുമായ ആനിയ്ക്ക് നല്‍കിയാണ് മന്ത്രി ഉദ്ഘാടനം നടത്തിയത്.

സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ (കെഎസ്‌സിഎഡിസി) യുടെ സാമൂഹ്യ-സാമ്പത്തിക പദ്ധതിയുടെ ഭാഗമായാണ് പരിവര്‍ത്തനം എന്ന പദ്ധതിക്കു കീഴില്‍ ഈ സംരംഭം നടപ്പാക്കുന്നത്. കേന്ദ്ര ഫിഷറീസ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, സാറ്റം (സൊസൈറ്റ് ഫോര്‍ അഡ്വാന്‍സ് ടെക്നോളജീസ് ആന്‍ഡ് മാനേജ്മന്‍റ് ) എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. മത്സ്യത്തിനും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കുമായി സംസ്ഥാനത്തുടനീളം വില്‍പനശാലകളും ഓണ്‍ലൈന്‍ ഹോം ഡെലിവറി സംവിധാനവുമാണ് ഈ ആപ്പ് വഴി ഒരുങ്ങാന്‍ പോകുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴി ഉപഭോക്താക്കള്‍ക്ക് ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

മത്സ്യത്തിന് പുറമെ പുതുമയുള്ള മത്സ്യോത്പന്നങ്ങളും ഭാവിയില്‍ മീമീ ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് എത്തിക്കുമെന്ന് ശ്രീ സജി ചെറിയാന്‍ പറഞ്ഞു. തങ്ങളുടെ സമീപത്തുള്ള മീമീ സ്റ്റോര്‍ വഴിയോ മീമീ മൊബൈല്‍ ആപ്പ് വഴിയോ മത്സ്യം വാങ്ങാം. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ ഏതാനും സ്ഥലങ്ങളിലാണ് ആദ്യം മീമീ ഫിഷിന്‍റെ സേവനങ്ങള്‍ ലഭ്യമാവുന്നതെന്നും മന്ത്രി പറഞ്ഞു.

ഫിഷറീസ് ഡയറക്ടര്‍ ശ്രീമതി ആര്‍ ഗിരിജ, കെഎസ്‌സിഎഡിസി എംഡി ശ്രീ ഷേഖ് പരീത്, ശ്രീ റോയ് നാഗേന്ദ്രന്‍ (ഓപ്പറേഷന്‍സ് ഡിവിഷന്‍, പരിവര്‍ത്തനം) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഉപഭോക്താക്കളുടെ ആരോഗ്യത്തിന് അതീവ ശ്രദ്ധ നല്‍കുന്ന മീമീ ഫിഷിന്‍റെ സംഭരണം, സംസ്കരണം, പാക്കിംഗ്, മുതലായവ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തുന്നത്. കടലിന്‍റെ ഏതു ഭാഗത്തുനിന്നു വലയില്‍ വീണ മത്സ്യമെന്നത് മുതല്‍ മത്സ്യബന്ധനത്തൊഴിലാളികളുടെയും വള്ളങ്ങളുടെയും വിവരമടക്കം ഉപഭോക്താക്കള്‍ക്ക് അറിയാനാകും.

യാതൊരുതരത്തിലുള്ള രാസവസ്തുക്കളും മീമീ ഫിഷിന്‍റെ ഉത്പന്നങ്ങളില്‍ പ്രയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തും. യൂറോപ്യന്‍ യൂണിയന്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഗുണമേന്‍മാ മാനദണ്ഡങ്ങളാണ് സംഭരണം, സംസ്ക്കരണം, സൂക്ഷിക്കല്‍ മുതലായവയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിഫ്റ്റ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് പിടിച്ച മത്സ്യത്തെ ഉടനെ തന്നെ ശീതീകരണ സംവിധാനത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

ഇടയ്ക്ക് വച്ച് പഠനം മുടങ്ങിയ ബിരുദവിദ്യാര്‍ത്ഥികളെയാണ് ഹോംഡെലിവറിക്കായി നിയോഗിക്കുന്നത്. അതോടൊപ്പം അവര്‍ക്ക് വേണ്ട അക്കാദമിക പരിശീലനം നല്‍കുകയും ബിരുദപഠനം പൂര്‍ത്തിയാക്കുന്നതിന് സഹായിക്കുകയും ചെയ്യാനാണ് പദ്ധതി.

കടലില്‍ വച്ച് തന്നെ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് നിശ്ചിത വില ലഭിക്കുന്നതിനാല്‍ കരയിലെത്താന്‍ വേഗം കൂട്ടി ബോട്ട് ഓടിക്കേണ്ട അവസ്ഥ ഇല്ലാതാകുകയും ഇന്ധനച്ചെലവ് 70 ശതമാനംവരെ കുറയ്ക്കാനും സാധിക്കുന്നു. മീമീ ഫിഷുമായി സഹകരിക്കുന്ന എല്ലാ ബോട്ടുകളിലും റേഡിയോ ഫ്രീക്വന്‍സി ഉപയോഗിക്കുന്ന ഐസ് പെട്ടികളാണ് നല്‍കുന്നത്. അതിനാല്‍ മത്സ്യം പിടിച്ച ദിവസം, സമയം, സ്ഥലം, വള്ളത്തിന്‍റെയും തൊഴിലാളികളുടെയും വിവരങ്ങള്‍ എന്നിവ ലഭ്യമാകും. മത്സ്യം എവിടെ നിന്നു വന്നുവെന്നതിന്‍റെ 100 ശതമാനം വിവരങ്ങളും ഇതോടെ ലഭിക്കും.

ഡിസി കറന്‍റ് മുഖേന ശീതീകരണ സംവിധാനം പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുത തടസ്സം ഉണ്ടായാലും മീന്‍ കേടുകൂടാതെയിരിക്കും. കെഎസ്ഇബിയില്‍ നിന്നും വൈദ്യുതി ലഭിക്കാത്തയിടങ്ങളില്‍ സൗരോര്‍ജ്ജവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ശീതീകരണ സംവിധാനത്തില്‍ തടസമില്ലാതെ വൈദ്യുതി ലഭിക്കും.

എലി, മറ്റ് ക്ഷുദ്രജീവികള്‍ മുതലായവയുടെ ശല്യം ഗോഡൗണിലും മീമീ സ്റ്റോറുകളിലും ഉണ്ടാകാതിരിക്കാനുള്ള സെന്‍സര്‍ സംവിധാനം പ്രധാന പ്രത്യേകതയാണ്. മീമീ ഉത്പന്നങ്ങള്‍ മാത്രമേ സ്റ്റോറുകള്‍ വഴി വില്‍ക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്താന്‍ സിസിടിവി സംവിധാനവും ഒരുക്കും.

എല്ലാ കാലാവസ്ഥയിലും ഗുണമേന്‍മ കാത്തു സൂക്ഷിക്കാന്‍ അത്യാധുനിക രീതിയില്‍ പ്രത്യേകം തയാര്‍ചെയ്ത വാഹനങ്ങളിലാണ് ഹോം ഡെലിവറി സംവിധാനം ഒരുക്കിയിട്ടുള്ളത്. മത്സ്യബന്ധനമേഖലയുടെ ഉന്നമനത്തിനു വേണ്ടി സംസ്ഥാന ഫിഷറീസ് വകുപ്പ് വിഭാവനം ചെയ്ത പരിവര്‍ത്തനം എന്ന ഈ പദ്ധതിയിലൂടെ അനുബന്ധ മേഖലകള്‍ക്കും ഏറെ ഗുണം കൈവരും. ഹരിത സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പദ്ധതിയെന്നതിനാല്‍ പരമ്പരാഗത മത്സ്യബന്ധനമേഖലയ്ക്ക് സുസ്ഥിരമായ രീതികള്‍ തുടരാന്‍ സാധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker