InternationalNews

ഞാനായിരുന്നു പ്രസിഡന്‍റ് എങ്കില്‍ കാബൂളിലെ സ്ഫോടനം നടക്കില്ലായിരുന്നു-ട്രംപ്

വാഷിങ്ടൺ:താനായിരുന്നു ഇപ്പോഴും യുഎസ് പ്രസിഡന്റ് എങ്കിൽ കാബൂളിലെ ഇരട്ടസ്ഫോടനം സംഭവിക്കില്ലായിരുന്നുവെന്ന് ഡോണാൾഡ് ട്രംപ്. വാഷിങ്ടണ്ണിൽ പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ പ്രസ്താവന.

ഈ ദുരന്തം ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. ഞാനായിരുന്നു നിങ്ങളുടെ പ്രസിഡന്റ് എങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. അഫ്ഗാനിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരരായ യുഎസ് സൈനികരുടെ നഷ്ടത്തിൽ അമേരിക്ക ദുഃഖം രേഖപ്പെടുത്തുന്നു. അവർ സ്നേഹിച്ച, സ്വന്തം രാജ്യത്തിന് വേണ്ടിയാണ് സൈനികർ അവരുടെ ജീവൻ ത്യജിച്ചത്. നമ്മുടെ രാഷ്ട്രം അവരുടെ ഓർമകളെ എന്നും ആദരിക്കും. ട്രംപ് പറഞ്ഞു.

കഴിഞ്ഞദിവസം അഫ്ഗാനിലെ കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ടസ്ഫോടനത്തിൽ 13 യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്. 95 പേർ മരിച്ചതായാണ് ഒടുവിലെ റിപ്പോർട്ടുകൾ. താലിബാനികളടക്കം 140ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

കാബൂൾ ഇരട്ട സ്ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു ‘നിങ്ങളെ ഞങ്ങൾ വേട്ടയാടും’ ബൈഡൻ പറഞ്ഞു. വൈറ്റ് ഹൗസിൽ വികാരനിർഭരനായി സംസാരിച്ച ബൈഡൻ തിരിച്ചടിക്കാനുള്ള പദ്ധതികൾ തയ്യാറാക്കാൻ പെന്റഗണിന് നിർദേശം നൽകി.

കാബൂൾ ഇരട്ട സ്ഫോടനത്തിൽ 13 യുഎസ് സൈനികരും നിരവധി സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. ഒരു ദശകത്തിനിടെ യുഎസ് സേനയ്ക്ക് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ദിനമായിരുന്നു വ്യാഴാഴ്ച. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം അഫ്ഗാൻ ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.

‘ഞങ്ങൾ ഒരിക്കലും പൊറുക്കില്ല, ഒരിക്കലും മറക്കില്ല. ഞങ്ങൾ നിങ്ങളെ വേട്ടയാടും. കനത്ത വില നൽകേണ്ടി വരും’ ബൈഡൻ വൈറ്റ്ഹൗസിൽ പ്രസ്താവന നടത്തി.
അഫ്ഗാനിസ്താനിൽ നിന്നുള്ള ഒഴിപ്പിക്കൽ തുടരുമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു.’തീവ്രവാദികൾക്ക് ഞങ്ങളെ പിന്തിരിപ്പിക്കാനാകില്ല. ഞങ്ങളുടെ ദൗത്യം അവസാനിപ്പിക്കാൻ അവർക്ക് സാധിക്കില്ല. ഒഴിപ്പിക്കൽ നടപടികൾ തുടരും’ ബൈഡൻ വ്യക്തമാക്കി.

ഇതിനിടെ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് തന്റെ പര്യടനങ്ങൾ അവസാനിപ്പിച്ച് വാഷിങ്ടണിലേക്ക് തിരിച്ചിട്ടുണ്ടെന്ന് അവരുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.അഫ്ഗാനിൽ നിന്ന് ഓഗസ്റ്റ് 31-നകം സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനത്തിൽ നിന്ന് ബൈഡൻ മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണെന്നും വൈറ്റ്ഹൗസ് വക്താവ് ജെൻ സാക്കി പറഞ്ഞു. കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളെ തുടർന്നാണിതെന്നും അവർ വ്യക്തമാക്കി.

കാബൂളിൽ ആക്രമണം നടത്തിയവരെ ഉന്മൂലനം ചെയ്യുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന് സൈനിക കമാൻഡർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ബൈഡൻ അറിയിച്ചിട്ടുണ്ട്. വലിയ സൈനിക ഓപ്പറേഷനുകളില്ലാതെ തിരിച്ചടി നൽകാനുള്ള വഴി തങ്ങൾ കണ്ടെത്തുമെന്നും ബൈഡൻ പറഞ്ഞു.

കാബൂൾ ആക്രമണത്തിൽ മരിച്ച സൈനികരെ കുറിച്ച് സംസാരിച്ചപ്പോഴാണ് അദ്ദേഹം വികാരാധീനനായത്. ജീവൻ നഷ്ടമായ സൈനികരെ അമേരിക്കൻ ഹീറോകളെന്ന് വിശേഷിപ്പിച്ച ബൈഡൻ വൈറ്റ്ഹൗസിലും രാജ്യമെമ്പാടുമുള്ള പൊതു കെട്ടിടങ്ങളിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാനും ഉത്തരവിട്ടു.അവർ എന്താണോ ആവശ്യപ്പെടുന്നത് അത് നൽകും. കൂടുതലായി സൈന്യത്തെ വേണമെങ്കിൽ അതിനും തയ്യാറാണെന്ന് സൈന്യത്തെ അറിയിച്ചതായി ബൈഡൻ വ്യക്തമാക്കി.

ഏറ്റവുമൊടുവിൽ വന്ന കണക്കുകൾ അനുസരിച്ച് കാബൂൾ വിമാനത്താവളത്തിന് മുന്നിൽ ഉണ്ടായ തുടർ ചാവേർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 93 ആയി.143 പേർക്ക് പരിക്കേറ്റു.60 അഫ്ഗാനികളും 13 യു എസ് സൈനികരും കൊല്ലപ്പെട്ടു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജൻസികളും പിന്നിൽ ഐഎസ് ആണെന്ന് അറിയിച്ചിരുന്നു. പ്രദേശത്ത് ഇനിയും സ്പോടനങ്ങൾക്ക് സാധ്യതയുണ്ട്.

കൊല്ലപ്പെട്ടവരിൽ താലിബാൻകാരുമുണ്ട്. ചാവേർ ആക്രമണമാണ് കാബൂൾ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നിൽ നടന്നത്. ഇവിടെയാണ് കൂടുതൽ പേർക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. വിമാനത്താവളത്തിന് സമീപത്തെ ബാരൺ ഹോട്ടലിന് മുന്നിൽ നടന്ന ചാവേർ സ്ഫോടനത്തിൽ ചിലർക്ക് നിസാര പരിക്കേറ്റതായാണ് വിവരം.ഇതിന് പിന്നാലെ സ്ഥലത്ത് വെടിവെപ്പും നടന്നിട്ടുണ്ട്.

മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് കാബൂൾ വിമാനത്താവളത്തിലെ മൂന്ന് ഗേറ്റിന് മുന്നിൽ സുരക്ഷ ശക്തമാക്കിയിരുന്നു. സ്ഫോടനത്തെ ഇന്ത്യ ഇന്നലെ രാത്രി തന്നെ അപലപിച്ചു. ഭീകരവാദത്തിനും ഭീകരർക്ക് താവളം നല്‍കുന്നവർക്കുമെതിരെ ലോകം ഒന്നിച്ചു നില്‍ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker