മൈസൂരു:കര്‍ണാടകയെ ഞെട്ടിച്ച മൈസൂരു കൂട്ടബലാത്സക്കേസിൽ അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്കെന്ന് സൂചന. മൈസൂരിലെ പ്രധാന ടൂറിസം കേന്ദ്രമായ ചാമുണ്ഡി ഹിൽസിൽ വച്ച് വിദ്യാര്‍ത്ഥിനിയേയും ആണ്‍സുഹൃത്തിനേയും ആക്രമിക്കുകയും വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സഗം നടത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിലെ അന്വേഷണമാണ് മലയാളികളിലേക്ക് നീങ്ങുന്നത്.
സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തത് കര്‍ണാടകയിൽ വലിയ ജനരോഷം സൃഷ്ടിച്ചിരുന്നു. പ്രതികളെക്കുറിച്ച് സൂചന നൽകുന്നവർക്ക് 5 ലക്ഷം പാരിതോഷികം നൽകുമെന്ന് ഇന്ന് കര്‍ണാടക ദക്ഷിണമേഖല ഐജിയും അഭ്യന്തരമന്ത്രിയും പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കേസിലെ അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്കെന്ന വിവരം പുറത്തു വരുന്നത്.
ടവര്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണായക വഴിത്തിരിവിലേക്ക് എത്തിയതെന്ന് ദക്ഷിണമേഖല ഐജി മാധ്യമങ്ങളോട് പറഞ്ഞു. യുവതിയും സുഹൃത്തും ആക്രമണം നേരിട്ട സമയത്ത് ഈ ടവര്‍ ലൊക്കേഷനിൽ ആക്ടീവ് ആയിരുന്ന ഇരുപത് നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് വഴിതുറന്നത്. ഈ ഇരുപത് നമ്പറുകളിൽ ആറെണ്ണം പിന്നീട് ലൊക്കേഷനിലെന്ന് കണ്ടെത്തി. ഇതിൽ മൂന്ന് നമ്പറുകൾ മലയാളി വിദ്യാര്‍ത്ഥികളുടേയും മറ്റൊന്നു ഒരു തമിഴ്നാട് സ്വദേശിയുടേതുമാണെന്ന് വ്യക്തമായി.
മൈസൂരു സര്‍വ്വകലാശാലയിൽ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവരെന്ന് തിരിച്ചറിഞ്ഞതോടെ ഇവരെ തേടി പൊലീസ് ക്യാംപസിലെത്തി. എന്നാൽ തലേ ദിവസം നടന്ന പരീക്ഷ എഴുതാൻ വിദ്യാര്‍ത്ഥികൾ എത്തിയില്ല എന്നാണ് അധികൃതര്‍ പൊലീസിനെ അറിയിച്ചത്. ഹോസ്റ്റലിൽ നിന്നും ബാഗുമായി ഇവര്‍ പോയി എന്ന് ഇവരെ വിവരം കിട്ടിയതോടെ ഇവര്‍ കര്‍ണാടക വിട്ടുവെന്ന നിഗമനത്തിലാണ് പൊലീസ് പ്രതികളായ നാല് പേര്‍ക്കുമായി കര്‍ണാടക പൊലീസിൻ്റെ രണ്ട് സംഘങ്ങൾ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും പോയെന്നാണ് വിവരം.
സംഭവസ്ഥലം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ നാല് സിമ്മുകൾ വൈകിട്ട് ആറര മുതൽ എട്ടര വരെ ചാമുണ്ഡി മലയടിവാരത്തിലും പിന്നീട് മൈസൂരു സര്‍വകലാശാല പരിസരത്തും ഈ സിമ്മുകൾ ആക്ടീവായിരുന്നു എന്നാണ് വിവരം. പിറ്റേ ദിവസത്തെ പരീക്ഷ എഴുത്താതെ വിദ്യാര്‍ത്ഥികൾ പോയതാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്. സംഭവം നടന്ന അതേ ദിവസം രാത്രി ഇവര്‍ ഹോസ്റ്റൽ വിട്ടുവെന്നാണ് സൂചന. പ്രതികളെ കണ്ടെത്താൻ മൈസൂരു പൊലീസ് കേരള പൊലീസിൻ്റെ സഹായം തേടിയിട്ടുണ്ട്.
അതേസമയം അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തി. ചാമുണ്ഡി ഹിൽസിൽ വച്ച് പെണ്‍കുട്ടിയേയും സുഹൃത്തിനേയും തടഞ്ഞ അക്രമികൾ ആണ്‍സുഹൃത്തിൻ്റെ തലയിൽ കല്ല് കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്യുകയും പിന്നീട് ഈ ദൃശ്യങ്ങൾ റെക്കോര്‍ഡ് ചെയ്ത ശേഷം പണം ആവശ്യപ്പെടുകയും ചെയ്തു. പെണ്‍കുട്ടി ഇതിന് തയ്യാറാവതെ വന്നപ്പോൾ വീണ്ടും ആക്രമിക്കുകയും പിന്നീട് ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയെ വന്യമൃഗങ്ങൾ ഇറങ്ങുന്ന മലയടിവാരത്തിൽ ഉപേക്ഷിച്ച് കടന്നു കളയുകയുമായിരുന്നു എന്നാണ് മൊഴിയിൽ പറയുന്നത്.