FeaturedHome-bannerInternationalNews

ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ, അമേരിക്ക സൈനിക പിന്തുണ നല്‍കും നൽകും

ടെൽഅവീവ് : പലസ്തീൻ സായുധ സംഘടനയായ ഹമാസിനെതിരെ  ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ. ഇസ്രയേൽ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേർന്നാണ് യുദ്ധം പ്രഖ്യാപിച്ചത്. 1973 ന് ശേഷം ആദ്യമായാണ് ഇസ്രയേൽ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം നടത്തുന്നത്. 

ഇസ്രായേലിന് അമേരിക്ക സാമ്പത്തിക-സൈനിക സഹായം നൽകും. അധിക സാമ്പത്തിക-സൈനിക സഹായം ഇന്ന് പ്രഖ്യാപിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ഇസ്രയേലിന്റെ സഹായ അഭ്യർത്ഥനകൾ അവലോകനം ചെയ്യുകയാണെന്നും തീരുമാനം ഇന്ന് തന്നെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസ് ആക്രമണത്തിൽ ഇസ്രായേലിനെ അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇതേ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ബ്ലിങ്കൻ അറിയിച്ചു. 

ഇന്നലെ രാവിലെയാണ് ഇസ്രായേലിൽ ഹമാസ് ആക്രമണം നടത്തിയത്. 5,000 റോക്കറ്റുകളാണ് 20 മിനിറ്റിൽ ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് കുതിച്ചത്. കെട്ടിടങ്ങൾ നാമാവശേഷമായി. ഇറാന്റെ സഹായത്തോടെ ഇസ്രായേലിനുള്ളിൽ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്.

പിന്നാലെ യന്ത്ര തോക്കുകളുമായി ഇസ്രയേലിനുള്ളിൽ കടന്ന ഹമാസ് സായുധ സംഘം തെരുവിൽ വെടിവെപ്പും നടത്തി. ആക്രമണം ആരംഭിച്ച് 36 മണിക്കൂറിന് ശേഷവും ഇസ്രയേലിനുള്ളിൽ ഹമാസിന്റെ ആക്രമണം തുടരുകയാണ്. സൈനികർ അടക്കം നൂറിലേറെ ഇസ്രയേലി പൗരന്മാർ ഇപ്പോഴും ബന്ദികളാണെന്നാണ് വിവരം. കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു. 

സകല സന്നാഹങ്ങളും ഉപയോഗിച്ച്, അതിശക്തമായി തിരിച്ചടിക്കുകയാണ് ഇസ്രായേൽ. ഗാസയിലെ 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. 330 പേർ കൊല്ലപ്പെട്ടു. ബഹുനില കെട്ടിടങ്ങൾ അടക്കം ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ നിലംപൊത്തി.

ഇക്കൂട്ടത്തിൽ ഹമാസിന്റെ ആയുധ കേന്ദ്രങ്ങൾ അടക്കം ഉണ്ടെന്നും ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഗാസ മുനമ്പിലെ പരിമിത സൗകര്യങ്ങൾ മാത്രമുള്ള ആശുപത്രികളിൽ മതിയായ മരുന്നോ ചികിത്സയോ ഇല്ലാതെ മുറിവേറ്റവർ കഴിയുന്ന വീഡിയോയും പുറത്ത് വന്നു.

ഇസ്രായേലിന്റെ പ്രത്യാക്രമണത്തിൽ നാന്നൂറോളം പാലസ്തീനികൾ മരിച്ചതായും 1700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ ഖാൻ യൂനിസ് മോസ്‌ക് തകർന്നു. ഹമാസ് ഇന്റലിജൻസ് മേധാവിയുടെ വീടിന് നേർക്ക് ഇസ്രായേൽ ബോംബാക്രമണം നടത്തി. ഇസ്രായേലിന്റെ തെക്കൻ മേഖലകളിൽ ഹമാസുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.

നിരവധി ഗ്രാമങ്ങൾ ഹമാസിന്റെ നിയന്ത്രണത്തിലാണെന്നും ഇവിടെയുള്ള കമാൻഡർമാർക്ക് ആയുധം എത്തിച്ചു നൽകയതായും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഹമാസ് പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്ന് അവരെ തുരത്തിയെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഗാസയിൽ ആക്രമണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗാസ മുനമ്പിൽ താമസിക്കുന്ന ഇസ്രായേലുകാരെ ഒഴിപ്പിച്ചു തുടങ്ങിയതായി ഇസ്രായേൽ അറിയിച്ചു.

ഇസ്രായേൽ ഹമാസ് പോരാട്ടം തുടരവെ നിരവധി ഇന്ത്യക്കാർ സംഘർഷ പ്രദേശങ്ങളിൽ കുടുങ്ങി കിടക്കുന്നതായി വിവരം. ബത്ലഹേമിൽ രാജ്യസഭാ എം പിയും നാഷണൽ പീപ്പിൾസ് പാർട്ടിയുടെ മുതിർന്ന നേതാവുമായ ഡോ. വാൻവീറോയ് ഖർലൂഖിയും ഭാര്യയും മകളും കുടുങ്ങി പോയെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ അറിയിച്ചു.

ഇവർക്കെപ്പമുണ്ടായിരുന്ന ഇരുപത്തി നാല് ഇന്ത്യക്കാരും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഇവർ ജെറുസലേമിലേക്ക് തീർത്ഥാടനത്തിനായി പോയതാണെന്നും പെട്ടെന്നുണ്ടായ ആക്രമണത്തിൽ ബെത്ലഹേമിൽ കുടുങ്ങി പോയതാണെന്നുമാണ് ലഭിക്കുന്ന വിവരം. എം പി ഉൾപ്പടെ കുടുങ്ങി കിടക്കുന്ന എല്ലാ ഇന്ത്യൻ പൗരൻമാർക്കും നാട്ടിലേക്ക് സുരക്ഷിതമായി തിരിച്ചെത്താനായി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കോൺറാഡ് സാങ്മ അറിയിച്ചു.

എം പിയെയും കുടുംബത്തെയും മറ്റ് ഇന്ത്യക്കാരെയും ഇന്ന് ഈജ്പ്തിലേക്ക് മാറ്റുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.കൂടാതെ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനായി പോയ ബോളിവുഡ് നടിയായ നുസ്രത്ത് ഭറൂച്ചയെയും കാണാനില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ നടി സുരക്ഷിതയായി ഇന്ന് മുംബയിലേക്ക് എത്തിച്ചേർന്നു

ഇസ്രായേലിൽ ഏകദേശം 18,000 ഇന്ത്യൻ പൗരൻമാർ താമസിക്കുന്നുണ്ട്. വിവിധ ജോലികൾക്കായും പഠനത്തിനായും രാജ്യത്ത് എത്തിയവരാണ് ഒട്ടുമിക്കവരും.അതേസമയം ഇന്ത്യൻ പൗരൻമാർ ജാഗ്രത പാലിക്കണമെന്ന് ഇസ്രായേലിലെയും പാലസ്തീനിലെയും ഇന്ത്യൻ എംബസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൗരൻമാരോട് അനാവശ്യ യാത്രകൾ ഒഴിവാക്കാനും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരാനും എംബസി നിർദ്ദേശം നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker