വ്യോമാക്രമണത്തിൽ ഹമാസ് തലവനെ വധിച്ചതായി ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഹമാസ്
ഗാസ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് തലവൻ അബു മുറാദ് കൊല്ലപ്പെട്ടതായി അവകാശവാദം. ഗാസ മുനമ്പിൽ ഇന്നലെ രാത്രി നടത്തിയ വ്യോമാക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇസ്രായൽ പ്രതിരോധന വകുപ്പിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേലാണ് ഇത്തരത്തിൽ ഒരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അബു മുറാദിനെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതായി ഇസ്രായേൽ. ഗാസ സിറ്റിയിൽ നടന്ന വ്യോമാക്രമണത്തിലാണ് അബു മുറാദ് കൊല്ലപ്പെട്ടത്.
ഇസ്രായേൽ പ്രതിരോധ സേനയുടെ റിപ്പോർട്ട് പ്രകാരം, വ്യോമാക്രമണത്തിൽ ഹമാസിന്റെ വ്യോമസേനയുടെ തലവൻ മുറാദ് അബു മുറാദ് കൊല്ലപ്പെട്ടു. ഹമാസ് വ്യോമാക്രമണം നടത്തിയിരുന്ന ആസ്ഥാനത്തെ ലക്ഷ്യമിട്ടായിരുന്നു പ്രത്യാക്രമണം നടത്തിയത്. അതേസമയം, ഈ വാർത്തയോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ഇസ്രായേലിലേക്ക് കടന്നുകയറി ആക്രമണം നടത്തിയതിന്റെ മുഖ്യ ആസൂത്രകനായിരുന്നു അബു മുറാദ്. ഗ്ലൈഡറിലൂടെ ഇസ്രായേലിലേക്ക് കടന്നതും ഇയാളുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
24 മണിക്കൂറിനിടെ ഇസ്രായേൽ ഗാസയിൽ വ്യാപക തെരച്ചിൽ നടത്തുകയാണ്. കരയുദ്ധത്തിന് മുന്നോടിയായിട്ടാണ് ഇത്തരത്തിലുള്ള പരിശോധന നടത്തുന്നത് എന്നാണ് റിപ്പോർട്ട്.
ഒക്‌ടോബർ ഏഴിനാണ് ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയ ഹമാസ് സേന നൂറുകണക്കിന് ആളുകളെ വെടിവച്ച് കൊല്ലുകയായിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗാസ മുനമ്പിൽ നിന്നും എത്രയും വേഗം ആളുകളോട് ഒഴിഞ്ഞു പോകണമെന്നും ഇസ്രായേൽ നിർദ്ദേശം നൽകിയിട്ടുണ്ട്.